Breaking News

Trending right now:
Description
 
Feb 03, 2015

അടുപ്പിനരികിലും അടുക്കളത്തോട്ടമാകാം, അതും കയര്‍ ഉല്‍പന്നങ്ങള്‍കൊണ്ട്

image ആലപ്പുഴ: അടുപ്പത്ത് സാമ്പാര്‍ തിളച്ചുവരുമ്പോള്‍ അടുപ്പിനരികില്‍ നിന്നുതന്നെ അല്‍പം കറിവേപ്പില പറിച്ച് അതിലിടാനുള്ള സൗകര്യം നഗരങ്ങളിലേയും മറ്റും ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന ഏതൊരാളിന്റെയും ആഗ്രഹമാണ്. ചിലപ്പോള്‍ അത് കാന്താരിമുളകോ ചീരയോ മറ്റോ ആകാം. ഇത്തരത്തില്‍ അധികം പടര്‍ന്നു വളരാത്ത ഏതു ചെടിയും അടുക്കളയിലെ ഇത്തിരിസ്ഥലത്തു വളര്‍ത്താനാകുന്ന ചകിരിനാരുകൊണ്ടുള്ള പ്രത്യേക ഇനം പാത്രവും അവയിലുപയോഗിക്കാവുന്ന വളക്കൂറുള്ള സംയുക്തങ്ങളുമാണ് ഇത്തവണത്തെ കയര്‍ കേരള പ്രദര്‍ശനത്തിലെ പുതുമകള്‍. 
 
കഴിഞ്ഞ കയര്‍ കേരളയില്‍ ലംബമാന പൂന്തോട്ടവുമായെത്തിയ ചേര്‍ത്തല ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'സോഫൈന്‍ ഡെക്കേഴ്‌സ്' എന്ന സ്ഥാപനമാണ് അടുക്കളയില്‍ സ്ഥാപിക്കാവുന്ന അടുക്കളത്തോട്ടപ്പാത്രങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടുക്കളയുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന രീതിയില്‍ ഏതു വലിപ്പത്തിലും പച്ചക്കറികള്‍ക്കുള്ള പാത്രങ്ങള്‍ നിര്‍മിച്ചു നല്‍കും. സാധാരണരീതിയിലുള്ള മണ്ണില്‍ വളം കലര്‍ത്തിയോ അല്ലെങ്കില്‍ വളക്കൂറുള്ള സംയുക്തങ്ങളോ ഇതില്‍ ഉപയോഗിക്കാം. 
 
അഞ്ചുദിവസംവരെ ഈര്‍പ്പം നിലനില്‍ക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം അല്‍പംപോലും വെള്ളം ഇതില്‍ നിന്നു ചോര്‍ന്നുപോകുമെന്ന പേടിയും വേണ്ടെന്ന് സോഫൈന്‍ ചെയര്‍മാന്‍ അതീഷ് മാത്യു പറഞ്ഞു. നൂറുശതമാനം പരിസ്ഥിതി സൗഹൃദ ഉല്‍പന്നമാണിത്.  

 
ചലിക്കുന്ന ലംബമാന പൂന്തോട്ടം കഴിഞ്ഞ കയര്‍ കേരളയില്‍ അവതരിപ്പിച്ചശേഷം മികച്ച പ്രതികരണമാണ് ആഭ്യന്തര വിപണിയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നതെന്ന് സ്ഥാപനത്തിന്റെ എംഡി കെ.ജെ.സ്‌കറിയ ചൂണ്ടിക്കാട്ടി. വന്‍കിട ഹോട്ടലുകളിലും മറ്റും നീന്തല്‍ക്കുളത്തിന്റെ അരികുകളില്‍ മറയായി സ്ഥാപിക്കാനും ഈ പൂന്തോട്ടം ഉത്തമമാണ്. അത്തരത്തില്‍ ഒട്ടേറെ ഓര്‍ഡറുകള്‍ ഇതിനു ലഭിക്കുന്നുണ്ടെ് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍തന്നെ ഇത്തരമൊരാശയം ആദ്യമായിട്ടായിരുന്നു കഴിഞ്ഞ കയര്‍കേരളയില്‍ അവതരിപ്പിക്കപ്പെട്ടത്. വീടിന്റെ ജനലുകളോടു ചേര്‍ന്ന് ഭിത്തിയില്‍ പൂച്ചെടികള്‍ വളര്‍ത്താനുതകുന്ന പല വലിപ്പങ്ങളിലുള്ള വിന്‍ഡോ പ്ലാന്ററും ഇവരുടെ പുതിയ ഉല്‍പന്നമാണ്.  
 
സോഫൈന്‍ ഡെക്കേഴ്‌സിന്റെ പ്രകൃതിസൗഹൃദ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലുമെല്ലാം മണ്ണ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കയര്‍കേരള പരിഹാരം നിര്‍ദ്ദേശിക്കുന്നു. കോയമ്പത്തൂരിലെ ഏഷ്യന്‍ കയര്‍ പ്രൊഡക്ട്‌സ് ഉള്‍പ്പെടെ മറ്റു ചില കമ്പനികളാണ് ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള വളം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല വലിപ്പത്തിലുള്ള പാത്രങ്ങളില്‍ ഈ വളം നിറച്ച് അവയില്‍ ചീരയും വെണ്ടയും വഴുതിനയും മുതല്‍ പപ്പായയും നാരകവും മാതളവും പോലുള്ള ചെടികള്‍ വരെ നടാനാകും.