Breaking News

Trending right now:
Description
 
Feb 03, 2015

കണ്‍മുന്നില്‍ ഒരിക്കലും കീഴടക്കാന്‍ പറ്റാതെ തലയുയര്‍ത്തി നില്‍ക്കുന്ന ഹിമവാന്‍

നേപ്പാള്‍ ദിനങ്ങള്‍ -2/ ഡിപിന്‍ അഗസ്റ്റിന്‍
image

ഏകാന്ത യാത്രയുടെ മാധുര്യം ഒരിക്കൽ കൂടി അനുഭവിക്കാൻ വേണ്ടിയാണ്, സായിപ്പിനെ കാത്മണ്ടുവിൽ ഉപേക്ഷിച്ച് പോഖറയിലേക്ക് തനിയെ പോവാൻ തീരുമാനിച്ചത്. . കാത്മണ്ടുവിലെ ഒട്ടനവധി ക്ഷേത്രങ്ങളും മൊണാസ്ട്രികളും കണ്ടശേഷം തിരക്കുകളിൽ നിന്ന് വിടുതൽ വാങ്ങി, പ്രകൃതിയുടെ അപാര വിസ്തൃതിയിൽ വിഹരിക്കുക എന്ന ലക്ഷ്യത്തോടെ പോഖറയിലേക്കുള്ള രാത്രി ബസ്സിൽ കയറി.  


ഹിമാലയത്തിന്റെ താഴ്വരയിൽ നിലകൊള്ളുന്ന മനോഹര പട്ടണമാണ് പോഖറ. പുലർച്ചെ അഞ്ചുമണിയോടെ പോഖറയിലെത്തുമ്പോൾ മുറി ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിന്റെ പ്രതിനിധി ബൈക്കുമായി എന്നെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. ഉഷസ്സിന്റെ പ്രഭാവെളിച്ചം രൂപപ്പെടുന്നതിന് മുൻപേ കൊടും തണുപ്പിലൂടെയുള്ള ബൈക്ക് യാത്ര അസഹനീയമായിരുന്നു എന്ന് പറയാതെ വയ്യ. തണുപ്പിനെ കൂടുതൽ അസഹ്യമാക്കികൊണ്ട് കാറ്റ് വീശികൊണ്ടിരുന്നു. ഇരുട്ടിന്റെ നിഴല്പാടുകൾ നീണ്ടു കിടക്കുന്ന പാതയിലൂടെ സഞ്ചരിച്ച് ഫേവ തടാകത്തിന്റെ കരയിലാണ് എത്തിചേർന്നത്‌. തടാക കരയിലുള്ള ഹോട്ടലിലേക്ക് നടക്കുമ്പോൾ ഇരുളിൽ ആണ്ടു കിടന്നിരുന്ന തടാകത്തിന്റെ കാഴ്ച അവ്യക്തമായിരുന്നു. രാത്രി ബസ്സിൽ അല്പം പോലും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിൽകൂടി സമയ പരിമിതിമൂലം എനിക്ക് വിശ്രമം ഒഴിവാക്കേണ്ടിവന്നു. ഒരു പകലും രാത്രിയും മാത്രമാണ് അവിടെ ചെലവഴിക്കാൻ എനിക്കുണ്ടായിരുന്നത്.  അതിനാൽ ഒരു മണിക്കൂർ നേരത്തെ വിശ്രമത്തിനുശേഷം പുറത്തിറങ്ങി. 


മഞ്ഞിൽ മൂടികിടക്കുന്ന തടാകകരയിലൂടെ ഒരു അലസനടത്തം. 2434 അടി ഉയരത്തിൽ, മലനിരകൾക്കിടയിൽ തടവിലാകപ്പെട്ടപോലെയാണ് തടാകം നിലകൊള്ളുന്നത്. സഞ്ചാരികളെ കാത്ത് നിരനിരയായി കിടക്കുന്ന വഞ്ചികൾ പിന്നിട്ട് നടക്കുമ്പോൾ, തണുത്തുറഞ്ഞ് നിശ്ചലമായി കിടക്കുന്ന നദിയിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരും  നീർപക്ഷികളും അവരുടെ ജോലി തുടങ്ങി കഴിഞ്ഞിരുന്നു. സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തെ മുറിച്ചു കടന്നുകൊണ്ട് മീൻ പിടുത്തക്കാരുടെ വഞ്ചി നീങ്ങി കൊണ്ടിരുന്നു. 


പുലരിയുടെ ഗന്ധം അതിന്റെ അഭൂതപൂർവ്വമായ ശാന്തതയോടുകൂടി എന്നിലേക്കിറങ്ങി വന്നു. പട്ടണത്തെ മലനിരകളിൽ നിന്നും വേർതിരിക്കുന്ന തടാകത്തിനു മുകളിലൂടെ ഊളിയിട്ട് കടന്നു വരുന്ന കാറ്റ് അസഹ്യമായിരുന്നു. അൽപനേരം തടാക കരയിൽ ഇരുന്നശേഷം തിരികെ മുറിയിലേക്ക് നടന്നു.


പ്രഭാത ഭക്ഷണത്തിന് ശേഷം മലകയറ്റമായിരുന്നു ലക്ഷ്യം. സാരൻഖോട്ട് ആണ് പോഖ്രയിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിംഗ് സ്റ്റെഷൻ. മനോഹരമായ ഹിമാലയൻ കാഴ്ചയും  പാര ഗ്ലൈടിംങ്ങുമാണ് അവിടെത്തെ മുഖ്യ ആകർഷണം. മലയുടെ മുകളറ്റം വരെ വാഹനത്തിൽ എത്തി ചേരാമെന്നിരിക്കെ, പാതിവഴിയിൽ വാഹനം നിർത്തി ഇറങ്ങിയ എന്നെ നോക്കി ഡ്രൈവർ നെറ്റി ചുളിച്ചു. നടന്നു കയറാനാണ് തീരുമാനം എന്നറിയിച്ചപ്പോൾ ആദ്യം അയാൾ നിരുത്സാഹപ്പെടുത്തിയെങ്കിലും മടക്കയാത്രയിൽ വാഹനവുമായി എത്താം എന്നറിയിച്ചുകൊണ്ട്‌ ഡ്രൈവർ തിരികെ പോയി.


ചുരം പാതയുടെ ഒരുവശത്ത്‌ നിബിഡ വനവും മറുവശത്ത്‌ അഗാധമായ താഴ്വരയുമാണ്. ദൂരെ തലയുയർത്തി നില്ക്കുന്ന മഞ്ഞുമലകൾ കണ്ടുകൊണ്ട്‌, കനപ്പെട്ട ചിന്തകളോ ആലോചനകളോ കൂടാതെ എന്നെതന്നെ മറന്നുകൊണ്ട് പ്രകൃതിയെ പ്രണയിച്ചുകൊണ്ടുള്ള  യാത്ര ചെന്നെത്തിയത് മലമുകളിലായിരുന്നു. ഒരുമണിക്കൂർ നേരത്തെ മലകയറ്റം അല്പം പോലും എന്നെ തളർത്തിയിരുന്നില്ല. 


കണ്മുന്നിൽ ഒരിക്കലും കീഴടക്കാൻ പറ്റാതെ തലയുയർത്തി നില്ക്കുന്ന ഹിമവാൻ. പ്രകൃതിയിലെ സുന്ദരമായതിന്റെയെല്ലാം മൂർത്തിമദ്ഭാവം: ഹിമാലയം., എന്റെ വാക്കുകൾക്ക് ആ സൌന്ദര്യത്തെ പ്രതിഫലിപ്പിക്കാൻ ശക്തിയില്ലെന്ന് ഞാൻ മനസിലാക്കുന്നു. ഏതാനും വിദേശികളും മലമുകളിൽ ഉണ്ടായിരുന്നു. പാരഗ്ലൈടിംഗ്ന്റെ സാഹസികതയേറിയ അനുഭവങ്ങൾകൂടി ഏറ്റുവാങ്ങണം എന്നുണ്ടായിരുന്നു. അല്പം പണചെലവേറിയതാണ് എന്നിരിക്കെ ആ മോഹം ഉപേക്ഷിച്ചു. താഴെ ഗ്രാമങ്ങൾക്കുമേൽ പുതച്ചിരുന്ന മൂടൽമഞ്ഞു സൂര്യപ്രകാശമേറ്റ് ചിതറി തെറിക്കുന്നു. അതോടെ താഴ്വരയിലെ കാഴ്ചകൾ കൂടുതൽ വ്യക്തമായി തീർന്നു. അവ്യക്തങ്ങളായ കഴ്ച്ചകൾക്കിടയിലേക്ക് വലിയ ക്യാമറ ലെൻസ്‌ നീണ്ടതോടെ, തീപ്പെട്ടി കൂടുകൾ പോലെ കൊച്ചു കൊച്ചുവീടുകൾ കാണപ്പെട്ടു. വിശപ്പും ദാഹവുമെല്ലാം മറന്ന് അവിടെ ഒരുപാട് നേരം ചെലവഴിച്ചു. ഏകാന്ത യാത്രകൾ പകർന്നു നല്കിയ അനുഭവങ്ങളുടെ താളുകളിലേക്ക് പുതിയൊരു അദ്ധ്യായം കൂട്ടി ചേർത്തുകൊണ്ട് മലയിറക്കം.


വൈദേശിക ഭാവത്തോടെ നിലകൊള്ളുന്നതാണ് പോഖ്രയിലെ പ്രധാന തെരുവ്. തടാകത്തിലേക്ക് നീളുന്ന പ്രധാന പാതയിൽ ലോകത്തിലെ പ്രശസ്തമായ എല്ലാ ബ്രാണ്ടുകളുടെയും ഉത്പന്നങ്ങൾ ലഭിക്കും. വിദേശ മാതൃകയിലുള്ള തെരുവുവിളക്കുകളും വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പാതകളും ഇന്ത്യയ്ക്ക് തീർച്ചയായും മാതൃകയാക്കാം. 


വൈദേശികമായ പരിസ്ഥിതികളുടെ സ്വാധീനം സ്വദേശികളായ യുവാക്കളുടെ ഇടയിലും  വ്യക്തമാണ്. വൈകുന്നേരം വരെ പട്ടണം മുഴുവൻ അലഞ്ഞു നടന്ന ശേഷം വീണ്ടും താടകകരയിലേക്ക് നടന്നു. പോക്കുവെയില്‍ പരന്നൊഴുകിയ തടാകത്തിലൂടെ ഒരു വഞ്ചിയാത്ര. സൂര്യന്‍ പടിഞ്ഞാറേ ദിശയില്‍ ആഴ്ന്നിറങ്ങാന്‍ തുടങ്ങവേ തടാകതിനുമേൽ ഇരുൾ പരന്നു. 


രാത്രിയുടെ മണവും നിറവും അനുഭവിച്ചുകൊണ്ടുള്ള യാത്ര. അഗാധതരമായ ശാന്തതയെ മുറിപ്പെടുത്താന്‍ തുഴപോലും ഭയപ്പെട്ടതുപോലെ തോന്നി. നക്ഷത്രങ്ങൾ പതിച്ച രാവിനു കീഴെ, മന:സംതൃപ്തിയോടെ തിരികെ മുറിയിലേക്ക് നടന്നു. തടാകത്തിന്റെ നിദ്രാദായകമായ കളകളാരവത്തിൽ ലയിച്ചു കിടക്കവേ എപ്പോഴോ നിദ്രയിലേക്ക് വീണു. അതിന്റെ അഗാധതയിലേക്ക്‌ ഊളിയിട്ടു.