Breaking News

Trending right now:
Description
 
Dec 04, 2012

വിദേശികളുടെ സന്ദര്‍ശന നിയന്ത്രണത്തില്‍ ഇളവ്‌

image മുംബൈ അടക്കമുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശികളുടെ സന്ദര്‍ശനത്തിന്‌ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അയവു വരുത്തി. വിദേശികളുടെ തുടര്‍ച്ചയായ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‌ രണ്ടു മാസത്തെ (60 ദിവസം) നിര്‍ബന്ധിത ഇടവേള 2009 നവംബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഈ നിബന്ധനയാണ്‌ ഒഴിവാക്കിയത്‌. എന്നാല്‍ അഫ്‌ഗാനിസ്ഥാന്‍, ചൈന, ഇറാന്‍, പാക്കിസ്ഥാന്‍, ഇറാക്ക്‌, സുഡാന്‍, ബംഗ്ലാദേശ്‌ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മറ്റ്‌ രാജ്യങ്ങളില്‍ കഴിയുന്ന ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ വംശജര്‍ക്കും പ്രത്യേക പൗരത്വം ഇല്ലാത്തവര്‍ക്കും നിബന്ധന തുടര്‍ന്നും ബാധകമാക്കും. വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ ഇടിവാണ്‌ വീസാ നിയന്ത്രണത്തില്‍ അയവു വരുത്താന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌.

2011-ല്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ വിദേശ ടൂറിസ്റ്റ്‌ വിഹിതം 0.64 ശതമാനം മാത്രമാണ്‌. എന്നാല്‍ 2012 ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച്‌ വിദേശ സന്ദര്‍ശകര്‍ 6.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക്കിസ്ഥാന്‍-അമേരിക്കന്‍ തീവ്രവാദി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി 2005ലനും 2009നും ഇടയില്‍ നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വന്‍ സുരക്ഷാവീഴ്‌ച്ചയായിട്ടാണ്‌ ഹെഡ്‌ലിയുടെ സന്ദര്‍ശനത്തെ വിലയിരുത്തിയിരുന്നത്‌. മുംബൈയിലുള്‍പ്പെടെ ദിവസങ്ങളോളം താമസിച്ച ഹെഡ്‌ലി തന്ത്രപ്രധാന മേഖലകളുടെ രേഖാചിത്രങ്ങളടക്കം തയാറാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ വിദേശികളുടെ തുടര്‍ച്ചയായ താമസത്തിന്‌ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്‌.