Breaking News

Trending right now:
Description
 
Dec 04, 2012

സൗദിയില്‍നിന്ന്‌ മലയാളി ജനറല്‍ നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു, ഇന്ത്യന്‍ അധികൃതര്‍ അനങ്ങുന്നില്ല

Sudheer Hassainar
image
സ്വദേശിവത്‌കരണത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍നിന്ന്‌ നൂറുകണക്കിന്‌ നഴ്‌സുമാരെ പിരിച്ചുവിടുന്നു. കഴിഞ്ഞ ദിവസവും ഒട്ടേറെപ്പേര്‍ക്ക്‌ പിരിച്ചുവിടല്‍ നോട്ടീസ്‌ ലഭിച്ചു. രണ്ടുവര്‍ഷത്തില്‍ താഴെ മാത്രം സൗദിയില്‍ ജോലി നോക്കാന്‍ അവസരം ലഭിച്ചവര്‍ക്കാണ്‌ ഇപ്പോള്‍ പിരിച്ചുവിടല്‍ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. 

നാട്ടിലെ ട്രാവല്‍ ഏജന്‍സികള്‍ വഴി രണ്ടരയും മൂന്നും ലക്ഷം രൂപ നല്‌കിയാണ്‌ ഇവര്‍ മിക്കവരും ജോലി സമ്പാദിച്ചത്‌. സൗദിയിലെ തൊഴില്‍ സുരക്ഷിതത്വം ഇല്ല എന്നതാണ്‌ സ്ഥിതിയെങ്കില്‍ ആയിരക്കണക്കിനു മലയാളി നഴ്‌സുമാര്‍ വഴിയാധാരമാകും. യൂറോപ്പിലെയും അമേരിക്കയിലെയും തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെ സൗദി പോലെയുള്ള രാജ്യങ്ങളെയാണ്‌ മലയാളി നഴ്‌സുമാര്‍ കൂടുതലായി ആശ്രയിക്കുന്നത്‌. 

വിവാഹം കഴിഞ്ഞ്‌ തിരികെയെത്തി ഒരു മാസംപോലുമാകാത്ത യുവതിക്ക്‌ കഴിഞ്ഞ ദിവസം പിരിച്ചുവിടല്‍ നോട്ടീസ്‌ കിട്ടി. രണ്ടാമത്തെ അവധിക്ക്‌ നാട്ടിലേയ്‌ക്കു പോയി വിവാഹിതയായി തിരിച്ചുവന്നയുടനാണ്‌ അശനിപാതം പോലെ തൊടുപുഴ സ്വദേശിനിയായ യുവതിക്ക്‌ നോട്ടീസ്‌ കിട്ടിയത്‌. വിവാഹത്തോടനുബന്ധിച്ചുള്ള ചെലവുകള്‍ക്കായി നല്ലൊരു തുക വായ്‌പയായും മറ്റും സംഘടിപ്പിച്ചിരുന്നു. ജോലി ചെയ്‌ത്‌ കടം വീട്ടാമെന്ന മോഹം വൃഥാവിലാവുമെന്നറിഞ്ഞ്‌ യുവതി ബോധരഹിതയായി വീണുപോയി. ഇ്‌ത്തരം നിരവധി കദനകഥകളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വദേശവത്‌കരണത്തിന്റെ പേരില്‍ പിരിച്ചുവിടല്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ജോലിയില്ലാതാവുന്നവരില്‍ ഭൂരിപക്ഷവും മലയാളികളാണ്‌.

എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാതെ നാട്ടില്‍നിന്ന്‌ ഇപ്പോഴും റിക്രൂട്ട്‌മെന്റ്‌ തുടരുകയാണ്‌. പ്രവാസികാര്യ വകുപ്പോ, വിദേശകാര്യ വകുപ്പോ ഇക്കാര്യത്തില്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. എന്നാല്‍, റാന്‍ഡം ടേര്‍മിനേഷന്‍ എന്ന ഓമനപ്പേരിലുള്ള പിരിച്ചുവിടലിനെതിരേ ഫിലിപ്പൈന്‍സ്‌ പോലെയുള്ള രാജ്യങ്ങള്‍ നയതന്ത്രതലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്‌. ഇതേത്തുടര്‍ന്ന്‌ ഫിലിപ്പൈന്‍സുകാരെ പിരിച്ചുവിടാതെ മറ്റ്‌ ആശുപത്രികളിലേയ്‌ക്ക്‌ മാറ്റി നിയമിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യ കഴിഞ്ഞാല്‍ സൗദിയിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും ഫിലിപ്പൈന്‍സില്‍നിന്നുള്ളവരാണ്‌. 

ഇന്ത്യയില്‍ ട്രാവല്‍ ഏജന്‍സികളും ഭരണകര്‍ത്താക്കളും തമ്മില്‍ അവിശുദ്ധ ബന്ധത്തിന്റെ പേരില്‍ സൗദിയിലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റ്‌ നിര്‍ബാധം തുടരുകയാണ്‌. ഇത്തരം ട്രാവല്‍ ഏജന്‍സികളുടെ കൊയ്‌ത്തു കാലമാണിത്‌. പിരിച്ചുവിടല്‍ വ്യാപകമായിട്ടും ലക്ഷങ്ങള്‍ വാങ്ങി നാട്ടില്‍ നിന്ന്‌ ഉദ്യോഗാര്‍ത്ഥികളെ സൗദിയിലേയ്‌ക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നത്‌ തുടരുകയും ചെയ്യുന്നു. റിക്രൂട്ടിങ്ങ്‌ ഏജന്‍സികള്‍ ഭീമമായ തുകയാണ്‌ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്‌ ഈടാക്കികൊണ്ടിരിക്കുന്നത്‌. ഈ തുകയില്‍ വലിയൊരു ശതമാനം സൗദി ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലിയായി നല്‌കപ്പെടുന്നുവെന്നാണ്‌ ആരോപണം. കൈക്കൂലി നല്‌കുന്ന ഏജന്‍സികള്‍ക്ക്‌ കൂടുതല്‍ വിസ ലഭിക്കുന്നതിനാല്‍ ഓരോ വര്‍ഷവും കൈക്കൂലി കൂടുതല്‍ നല്‌കുന്നതിനായി ഏജന്‍സികള്‍ മത്സരിക്കുകയാണ്‌. ഇതിനാലാണ്‌ ഉദ്യോഗാര്‍ത്ഥികള്‍ നല്‌കേണ്ട തുക വര്‍ധിക്കാന്‍ കാരണമെന്നു പറയപ്പെടുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലേയ്‌ക്കും അമേരിക്കയിലേയക്കും അവസരങ്ങളില്‍ വന്ന കുറവു മൂലമാണ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ വീണ്ടും നഴ്‌സുമാരുടെ സ്വപ്‌ന ഭൂമിയായി മാറിയത്‌. ജനറല്‍ നഴ്‌സുമാരെ ഇപ്പോള്‍ സൗദിയിലേയക്ക്‌ ആവശ്യമില്ല . ബിഎസ്‌സി, എംഎസ്‌സി നഴ്‌സുമാരെ മാത്രമാണ്‌ ട്രാവല്‍ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റിനായി പരിഗണിക്കുന്നത്‌. ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന നഴ്‌സുമാരില്‍ ഭൂരിപക്ഷവും ജനറല്‍ നഴ്‌സുമാര്‍ മാത്രമാണ്‌. 

സ്വദേശിവല്‌ക്കരണത്തിന്റെ പേരില്‍ ഇന്ത്യന്‍ നഴ്‌സുമാരെ മാത്രം കൂട്ടത്തോടെ സൗദിയില്‍ നിന്നു പിരിച്ചു വിടുന്നുത്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രലായത്തിന്റെ പിടിപ്പ്‌ കേടെന്ന്‌ ആരോപണവുമായി സൗദിയിലെ ട്രാവല്‍ ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്‌.