Breaking News

Trending right now:
Description
 
Jan 31, 2015

കയര്‍ കേരളയില്‍ പങ്കാളിത്തം വര്‍ധിച്ചു; സൗകര്യങ്ങള്‍ വിപുലപ്പെടുത്തി സംഘാടകര്‍

image
ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും ഉല്‍പാദന-ആഗോള വിപണന സാധ്യതകള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കയര്‍ കേരള പ്രദര്‍ശന വിപണന മേളയുടെ അഞ്ചാമത് പതിപ്പിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച തുടക്കമാകും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കയര്‍, റവന്യു വകുപ്പു മന്ത്രി ശ്രീ അടൂര്‍ പ്രകാശ് അധ്യക്ഷനായിരിക്കും. അന്താരാഷ്ട്ര പവലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 

പരമ്പരാഗത തൊഴില്‍ മേഖലയായ കയര്‍ മേഖലയുടെ ഉന്നമനത്തിനായി ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ലക്ഷക്കണക്കിനു വരുന്ന കയര്‍ തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയുമാണ് കയര്‍ കേരളയുടെ ലക്ഷ്യം. കയറ്റുമതിയില്‍ പുതിയ സാധ്യതകള്‍ തേടുന്നതിനായി രാജ്യാന്തര പ്രദര്‍ശനവും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ദേശീയ പ്രദര്‍ശന-വിപണന മേളയും ഒരുക്കുന്ന കയര്‍ കേരളയില്‍ ഈ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനായി സെമിനാറുകളും നടത്തുന്നുണ്ട്. വില്‍പനക്കാരും വാങ്ങുന്നവരും ഒരു മേശയ്ക്കു ചുറ്റുമെത്തുന്ന ബയര്‍-സെല്ലര്‍ മീറ്റും കയര്‍ തൊഴിലാളികളുമായി മന്ത്രി നടത്തുന്ന മുഖാമുഖവും മേളയുടെ പ്രധാന ഘടകങ്ങളായിരിക്കും. 

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ  കയര്‍ വികസന വകുപ്പാണ് കയര്‍ കേരള 2015 സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ ഗവേഷണ കൈകാര്യ ഇന്‍സ്റ്റിറ്റിയൂട്ടിനാണ് മേളയുടെ ഏകോപനം. 

കെ.സി.വേണുഗോപാല്‍ എം.പി, എംഎല്‍എമാരായ ജി.സുധാകരന്‍,  തോമസ് ഐസക്, ശ്രീ പി.സി.വിഷ്ണുനാഥ്, ശ്രീ പി.തിലോത്തമന്‍, കയര്‍ സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭാ ഹരി, ആലപ്പുഴയുടേയും ചുമതല വഹിക്കുന്ന കളക്ടര്‍ ശ്രീ എസ്. ഹരികിഷോര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീമതി മേഴ്‌സി ഡയാന മാസിഡോ, മുന്‍ എം.പി ശ്രീ ടി.ജെ.ആഞ്ചലോസ്, മുന്‍ എംഎല്‍എമാരായ ശ്രീ എ.എ.ഷുക്കൂര്‍, ശ്രീ ഡി.സുഗതന്‍, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ.മദനന്‍, കയര്‍ ബോര്‍ഡ് സെക്രട്ടറി ശ്രീ കുമാരരാജ, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ എ.കെ.രാജന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ കെ.ആര്‍.രാജേന്ദ്ര പ്രസാദ്, ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ ശ്രീ സി.വേണുഗോപാലന്‍ നായര്‍, കയര്‍ഫെഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ കെ.എം.രാജു, എന്‍സിആര്‍എംഐ ഡയറക്ടര്‍ ഡോ കെ.ആര്‍.അനില്‍, എസിസിഡിഎസ് പ്രസിഡന്റ് ശ്രീ. കെ.ആര്‍.ഭഗീരഥന്‍, എഫ്‌ഐസിഇഎ ചെയര്‍മാന്‍ ശ്രീ ജോണ്‍ ചാക്കോ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കയര്‍ കേരള വര്‍ക്കിംഗ് ചെയര്‍മാനും കയര്‍ അപ്പെക്‌സ് ബോഡി വൈസ് ചെയര്‍മാനുമായ ശ്രീ എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന് ഹരിശ്രീ അശോകനും സംഘവും നയിക്കുന്ന കോമഡി, സിനിമാറ്റിക്കല്‍ മ്യൂസിക്കല്‍ മെഗാഷോ. 

53 രാജ്യങ്ങളില്‍ നിന്നുള്ള 170 ബയര്‍മാരും 300 ആഭ്യന്തര ബയര്‍മാരും കയര്‍ കേരളയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. നൂതനങ്ങളായ കയര്‍ ഉല്‍പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനവും വിപണനവും മേളയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 1.75 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടരക്കോടി രൂപയും ഉപയോഗിച്ചാണ് മേള നടത്തുന്നത്.