Breaking News

Trending right now:
Description
 
Jan 29, 2015

ബീച്ച് റെയില്‍വേ ക്രോസിലെ വന്‍കുഴി അപകടകാരണമായിട്ടു മാസങ്ങള്‍

image ആലപ്പുഴ: ബീച്ച് വിജയ് പാര്‍ക്ക് റെയില്‍വേ ക്രോസിനു കിഴക്കുവശം ചേര്‍ന്നു റോഡില്‍ രൂപം കൊണ്ടിരിക്കുന്ന വന്‍ കുഴി അപകടകാരണമായിട്ടു മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. നൂറു കണക്കിനു വാഹനങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരുമാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. പ്രതീക്ഷിക്കാത്ത സ്ഥലത്തുള്ള കുഴിയുടെ പ്രത്യേകത കാരണം ഓടിച്ചുവരുമ്പോള്‍ പെട്ടെന്നു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടണമെന്നില്ല. കിഴക്കു നിന്നു എത്തുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണു മറിയുമ്പോഴാണ് വിവരമറിയുക. വാഹനങ്ങള്‍ മറിഞ്ഞു ഉരഞ്ഞതിന്റെ പാടുകള്‍ ടാറിട്ട റോഡില്‍ ദൃശ്യമാണ്. രാത്രിയില്‍ വെളിച്ചത്തിനു മാര്‍ഗമില്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലുമാണ്.

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ബീച്ചിലേക്കുള്ള റോഡുകളിലെ അപകടകരമായ കുണ്ടുംകുഴികളും എത്രയും വേഗം നികത്തി ടാറിട്ട് ഗതാഗതയോഗ്യമാക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധികൃതരോട് ആവശ്യപ്പെട്ടു. മാരകമായ അപകടങ്ങളുണ്ടാകുന്നതുവരെ ബന്ധപ്പെട്ട വകുപ്പുകാര്‍ കാത്തുനില്ക്കരുത്.

ഫോട്ടോ: ആലപ്പുഴ ബീച്ച് വിജയ് പാര്‍ക്ക് റെയില്‍വേ ക്രോസിനു കിഴക്കുവശം ചേര്‍ന്നു റോഡില്‍ രൂപം കൊണ്ടിരിക്കുന്ന അപകടകരമായ വന്‍ കുഴി. നൂറു കണക്കിനു വാഹനങ്ങളാണ് ദിവസവും ഇതില്‍പ്പെടുന്നത്.