Breaking News

Trending right now:
Description
 
Jan 29, 2015

മാള അരവിന്ദന്റെ സംസ്‌കാരം ഇന്ന്‌

image പ്രശസ്‌തനടന്‍ അന്തരിച്ച മാള അരവിന്ദന്റെ (76) സംസ്‌കാരം ഇന്നു രാവിലെ എട്ടിനു തൃശൂര്‍ മാള വടമ കോട്ടവാതില്‍ക്കലെ വീട്ടുവളപ്പില്‍ നടക്കും. ബുധനാഴ്‌ച രാവിലെ 6.20ന്‌ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളസിനിമയില്‍ ചിരിയുടെ തിരമാലകളുയര്‍ത്തിയ മാളയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന മാള ആശുപത്രി വിടാനിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. അന്ത്യസമയത്തു ഭാര്യ ഗീതയും മക്കളായ കിഷോറും കലയും സമീപത്തുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ റോഡുമാര്‍ഗം മൃതദേഹം ആദ്യം തൃശൂരില്‍ കൊണ്ടുവന്നു കേരള സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു മാള പഞ്ചായത്ത്‌ ഹാളിലും പൊതുദര്‍ശനത്തിനുവച്ചശേഷം വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുവന്നു. ദുരിതം നിറഞ്ഞ ചുറ്റുപാടില്‍ നിന്നു വരികയും സിനിമയുടെ അത്ഭുത ലോകത്തു നിറഞ്ഞു നില്‍ക്കുകയും ചെയ്‌ത മാള അരവിന്ദന്‍ മൂന്നുമാസം മുന്‍പും അഭിനയിച്ചു. 1968ല്‍ ഡോ. ബാലകൃഷ്‌ണന്റെ `സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തുന്നത്‌. ഇതിനോടകം അഞ്ഞൂറിലേറെ മലയാളസിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ചെറുപ്പകാലത്തു തബലിസ്റ്റായിരുന്ന അരവിന്ദന്‍, നാടകത്തിലൂടെയാണ്‌ അഭിനയരംഗത്തേക്കു വരുന്നത്‌. അധ്യാപികയായ അമ്മയ്‌ക്കൊപ്പം മാളയില്‍ വന്നുതാമസമാക്കിയ അരവിന്ദന്‍ പിന്നീടു മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്‌തനാവുകയായിരുന്നു. മാളയുടെ നിര്യാണത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധിപേര്‍ അനുശോചിച്ചു. മലയാളിക്ക്‌ എന്നും ഓര്‍ക്കാന്‍ മികച്ച ഹാസ്യമൂഹൂര്‍ത്തങ്ങള്‍ സംഭാവന ചെയ്‌ത അനുഗ്രഹീത കലാകാരനായിരുന്നു മാള അരവിന്ദനെന്ന്‌ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍, സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്‌, കെ.വി. തോമസ്‌ എംപി തുടങ്ങിയവരും അനുശോചിച്ചു.