Breaking News

Trending right now:
Description
 
Jan 28, 2015

നീര 'നില്പ്പന്‍' അടിച്ചില്ലെങ്കില്‍ ശിക്ഷാര്‍ഹമെന്ന അറിയിപ്പ് ആശങ്കയും സംശയവും ഉണര്‍ത്തുന്നു

തോമസ് മത്തായി കരിക്കംപള്ളില്‍
image കൊച്ചി: കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിവിമുക്ത ലഘുപാനീയമായി അവതരിപ്പിച്ചു വ്യാപകമായി പ്രോത്സാഹനം നല്കി കടകളില്‍ വിറ്റുകൊണ്ടിരിക്കുന്ന നീര നിന്ന നില്പ്പില്‍ കടയില്‍ നിന്നല്ല കുടിക്കുന്നതെങ്കില്‍ ശിക്ഷാര്‍ഹമാണെന്ന അറിയിപ്പ് 'കുടിയന്മാരില്‍' ആശങ്കയുണര്‍ത്തുന്നു.

വൈറ്റില മൊബിലിറ്റി ഹബില്‍ ഏതാനും മാസങ്ങളായി വന്‍ തോതില്‍ നീര കച്ചവടം നടത്തുന്ന സ്റ്റാളിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബാനറിലെ അറിയിപ്പാണ് നാട്ടുകാരില്‍ ആശങ്കയും ഒപ്പം സംശയവും ഉണര്‍ത്തുന്നത്.

'നീര കടയില്‍ നിന്നു മാത്രം കുടിക്കുക. യാതൊരു കാരണവശാലും നീര കുപ്പിയിലാക്കുകയോ പുറത്തു കൊണ്ടുപോകുകയോ പാടുള്ളതല്ല. അതു ശിക്ഷാര്‍ഹമാണ്.' എന്നാണ് ബാനറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏതു നിയമവും ചട്ടവും പ്രകാരമാണ് ശിക്ഷയെന്നോ പിഴ എന്താണെന്നോ അതില്‍ വ്യക്തമാക്കിയിട്ടില്ല.

തെങ്ങില്‍ നിന്നു മദ്യമായ കള്ളു ചെത്തിയെടുക്കുന്നതു പോലെയാണ് നീരയും എടുക്കുന്നതെങ്കിലും നീര മദ്യമല്ലെന്നും അതില്‍ ലഹരിയില്ലെന്നും ഉള്ള നിലപാടിലാണ് സര്‍ക്കാര്‍ എന്നിരിക്കെയാണ് ശിക്ഷാക്കാര്യം അവതരിപ്പിച്ചിട്ടുള്ളത്. സാധാരണ ശീതള പാനീയങ്ങള്‍ വില്ക്കുന്നതു പോലെയാണ് നീര പരസ്യമായി വില്ക്കുന്നതെങ്കിലും 'നില്പ്പന്‍' അടിച്ചില്ലെങ്കില്‍ ശിക്ഷയാണെന്ന അറിയിപ്പിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്നു ഉടന്‍ വെളിപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്.

നീര കുടിക്കുന്നതു ശിക്ഷാര്‍ഹമാണെന്നു മുന്നറിയിപ്പു നല്കിയ സ്ഥിതിക്ക് നീര കുടിച്ചിട്ടു വാഹനം ഓടിക്കാമോ എന്നും നീര കുപ്പിയില്‍ കൊണ്ടുപോയാല്‍ റെയ്ഡ് നടത്തി പിടികൂടുമോ എന്നും അധികൃതര്‍ വ്യക്തമാക്കണം. ക്ഷീണമകറ്റാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ നീര കുടിച്ച ഉടനെ തന്നെ വാഹനം ഓടിക്കുന്നുമുണ്ട്. ഒരു ചെറിയ കപ്പ് നീരയ്ക്ക് 25 രൂപയാണ് ഈടാക്കുന്നത്.