Breaking News

Trending right now:
Description
 
Jan 28, 2015

മലയാളത്തിന്റെ ചിരി മാഞ്ഞു; സിനിമതാരം മാള അരവിന്ദന്‍ അന്തരിച്ചു

image മലയാളത്തിന്റെ പ്രശസ്‌ത ചലച്ചിത്രതാരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 24ന്‌ അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തിലേക്ക്‌ മാറ്റിയിരുന്നു. മലയാളസിനിമയ്‌ക്ക്‌ ശുദ്ധഹാസ്യത്തിന്റെ മുഖംനല്‍കിയ മാള അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. നാലു പതിറ്റാണ്ടു കാലം മലയാള ചലച്ചിത്ര ലോകത്ത്‌ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ മരണം മലയാളിയെ സംബന്ധിച്ചു ഏറ്റവും വേദനയുളവാക്കുന്നതാണ്‌. ചെറുപ്പകാലത്ത്‌ തബലിസ്റ്റ്‌ ആയിരുന്ന മാള നാടകത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ എത്തുന്നത്‌. ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച മാളെ പിന്നീട്‌ പ്രഫഷനല്‍ നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. 1968-ല്‍ ബാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സിന്ദൂരം എന്ന സിനിമയിലൂടെയാണ്‌ മലയാളസിനിമയിലേക്ക്‌ ചുവടുവച്ചത്‌. പിന്നീട്‌ നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യശൈലിയിലൂടെ അഭിനയരംഗത്ത്‌ പ്രസിദ്ധമായി. കുതിരവട്ടം പപ്പു, ജഗതിശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം നിറഞ്ഞാടിയ മാള ഹാസ്യത്തിനു പുതിയ മുഖച്ഛായതന്നെ നല്‍കി. എന്റെ നാട്‌, തറവാട്‌, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ലൂസ്‌ ലൂസ്‌ അരിപ്പിരി ലൂസ്‌, അമ്മാവനുപറ്റിയ അമളി, പട്ടാളം, മീശമാധവന്‍ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍. 2013ല്‍ ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്റെ പ്രതിഭാ പുരസ്‌കാരം ലഭിച്ചു.

നൂല്‍പ്പാലം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ്‌ മലയാളസിനിമയുടെ ശുദ്ധ ഹാസ്യത്തിന്റെ ചിരി മാഞ്ഞത്‌. നെല്ലിക്ക, പാതിരക്കാറ്റ്‌ എന്നീ സിനിമകള്‍ റിലീസാകാനിരിക്കുന്നതേയുള്ളൂ. അധ്യാപികയായ മാതാവിന്റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട്‌ മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്‌തനാവുകയായിരുന്നു. കേരളത്തിലെ പ്രധാന നാടകകമ്പനികളായ കോട്ടയം നാഷനല്‍ തീയേറ്റേഴ്‌സ്‌, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ വേഷം ചെയ്‌തു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന്‌ ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ വടവുകോട്‌ എന്ന സ്ഥലത്ത്‌ അയ്യപ്പന്റെയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ്‌ മാള അരവിന്ദന്‍ ജനിച്ചത്‌. ഗീതയാണ്‌ ഭാര്യ. മുത്തു, കല എന്നിവരാണ്‌ മക്കള്‍.