Breaking News

Trending right now:
Description
 
Jan 25, 2015

നേപ്പാള്‍ ദിനങ്ങള്‍

ഡിപിന്‍ അഗസ്റ്റിന്‍
image യാത്രകൾക്ക് മനുഷ്യനെ രൂപന്തരപ്പെടുത്തുവാൻ കഴിയുമോ? അതെ ചിലപ്പോഴെങ്കിലും അതിനു കഴിയും എന്ന് മനസ്സിലാക്കിയത് അത്തരം ഒരു യാത്രയിലൂടെയാണ്.
തീർത്തും അപ്രതീക്ഷിതമായിരുന്നു ലുംബിനിയിലെക്കുള്ള യാത്ര. സമയ പരിമിതിമൂലം കാത്മണ്ടുവും പോഖറയും മാത്രമായിരുന്നു നേപ്പാൾ യാത്രയിലെ എന്റെ പ്രധാന ലക്ഷ്യസ്ഥലങ്ങൾ. വാരണാസിയിൽ നിന്ന് തുടങ്ങിയ യാത്രയിൽ യാദൃശ്ചികമായി അവിടെനിന്നും ഒരു സഹയാത്രികനെ കൂടെ കിട്ടി. ബ്രസീൽ സ്വദേശിയായ ലൂക്കാസ്. നീണ്ടുകിടക്കുന്ന സ്വർണ്ണ തലമുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള തനി ലാറ്റിൻ അമേരിക്കകാരൻ. എന്നെപോലെതന്നെ പ്രത്യേക ലക്ഷ്യങ്ങളേതുമില്ലാതെ നാടുചുറ്റാൻ ഇറങ്ങിത്തിരിച്ചതാണ് കക്ഷിയും. വാരാണസിയിൽ തുടങ്ങി അവിടെ തന്നെ അവസാനിച്ചേക്കാവുന്ന നിമിഷാർദ്ധ സൗഹൃദം എന്നേ തുടക്കത്തിൽ ഞാൻ കരുതിയുള്ളു.
പക്ഷെ വാരണാസിയിൽ നിന്നും ഗോരഖ്പൂർ വരെയുള്ള രാത്രി തീവണ്ടിയിൽ, മുൻകൂട്ടി റിസർവ് ചെയ്തിരുന്ന രണ്ടുപേരുടെയും സീറ്റുകൾ അടുത്തടുത്തായി ലഭിച്ചത് ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി. അങ്ങനെ തുടർയാത്രയും ഒരുമിച്ചാവാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്റെ യാത്രാപഥത്തിൽ ലുംബിനി കൂടി ഉൾപ്പെടുത്തികൊണ്ട് ഞങ്ങളുടെ യാത്ര തുടങ്ങി.രണ്ടുപേരുംതങ്ങളുടെ യാത്രകളുടെ താളുകളിൽ നിറയെപ്പെട്ട വിസ്മയകരമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് രാത്രിയേറെ വൈകും വരെ സംസാരിച്ചിരുന്നു. ഇന്ത്യയെ അറിയാനായി ഇറങ്ങി തിരിച്ചതാണ് ലൂക്കാസ്.ഏതാനും ആഴ്ചകളായി ഉത്തരേന്ധ്യയിലെ ചില ആശ്രമങ്ങളിൽ കയറി ഇറങ്ങി വേദങ്ങളും മന്ത്രങ്ങളുമൊക്കെ പഠിച്ചിട്ടാണ് കക്ഷി എത്തിയിരിക്കുന്നത്. പുലർച്ചെ ഗോരഖ്പൂർ എത്തുന്നതിനുമുൻപ് തീവണ്ടിയിലെ ശുചിമുറിയിൽ കയറിയ ലൂക്ക് സായിപ്പ് മൂക്കും വായും പൊത്തികൊണ്ട് പുറത്തേക്കോടി. ഇതെല്ലാം ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച ആണെന്നും ഇന്ത്യയെ അറിയാൻ ഇറങ്ങിത്തിരിച്ച ഒരാൾക്ക് ഇതെല്ലാം മഹത്തായ അനുഭവങ്ങളായിരിക്കും എന്നും ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ സായിപ്പിനെ വീണ്ടും ശുചിമുറിയിലേക്ക് തള്ളിവിട്ടു.ഗോരഖ്പൂർ നിന്ന് ഇന്ത്യയുടെ അതിർത്തിയായ സുനൗലിയിലേക്ക് ഷെയർ ടാക്സിയിൽ തിരിച്ചു. ഗോരഖ്പൂർ നിന്ന് രണ്ടുമണിക്കൂർ യാത്രയുള്ള അവിടേക്ക് 200 രൂപയാണ് ഷെയർ ടാക്സിയിൽ ഒരാൾ നല്കേണ്ടത്. മഞ്ഞുകാലത്തെ പുലരിയുടെ തണുത്ത് മരവിച്ച ശ്വാസത്തിൽ രക്ഷപെടാൻ വസ്ത്രങ്ങൾ പലതു ധരിച്ചിട്ടും കൊടുംതണുപ്പിന്റെ സൂചിമുനകൾ ശരീരത്തിനുള്ളിലേക്ക് അരിച്ചിറങ്ങികൊണ്ടിരിന്നു. ഇന്ത്യകാരനായതിനാൽ തിരിച്ചറിയൽ രേഖ മാത്രമേ അതിർത്തികടക്കാൻ എനിക്ക് ആവശ്യമായി വന്നുള്ളൂ. തുടർന്ന് സമീപമുള്ള ബസ് സ്റ്റെഷനിൽ നിന്ന് ഞങ്ങൾ ലുംബിനിയിലേക്കുള്ള ബസ്സിൽ കയറി.

നിറഞ്ഞ പകലിൽ വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ ചലിച്ചു കൊണ്ടിരുന്നു. താഴ്വരകൾക്ക് മേൽ വീണു കിടക്കുന്ന ചില്ല് മഞ്ഞിന്റെ മൂടുപടം തീഷ്ണമായ രശ്മികളേറ്റ് കൂടുതൽ സുതാര്യമായി തുടങ്ങി. നിറവാർന്ന പ്രകൃതി പകരുന്ന യാത്രാനുഭൂതികളിൽ സ്വയം മറന്നിരിക്കവേ ഉച്ചയോടെ ലുംബിനിയിൽ എത്തി. താമസ സൗകര്യം ലഭിച്ചയുടൻ രണ്ടു സൈക്കിൾ വാടകയ്ക്കെടുത്ത് ഞങ്ങൾ ഗ്രാമ കാഴ്ചകളിലേക്ക് ഇറങ്ങി.നെല്ലും കടുകും വിളയുന്ന പാടങ്ങളും കുണ്ടും കുഴിയുമായ ചെമ്മണ്‍ പാതകളുമെല്ലാം ഗൃഹാതുരത്വമാർന്ന ഓർമ്മകളാണ് എനിക്ക് നല്കിയത്. മഞ്ഞ പട്ടു വിരിച്ച കടുക് പാടങ്ങൾക്കിടയിലൂടെയും പൊടിനിറഞ്ഞ ഗ്രാമവീഥികളിലൂടെയും, ആവേശത്തോടെയും ഉന്മേഷത്തോടെയും ഞങ്ങൾ മത്സരിച്ച് സൈക്കിൾ ചവിട്ടി. കാലത്തിന്റെ പ്രവാഹത്തിൽനിന്നും പുറന്തള്ളപ്പെട്ട്, ബാല്യത്തിൽ എന്നോ നഷ്ടമായ ചില നല്ല നിമിഷങ്ങൾ ഒരിക്കൽ കൂടി ആസ്വദിക്കുകയായിരുന്നു ഞാൻ.ടാർ ചെയ്ത റോഡിലൂടെ അതിവേഗം പാഞ്ഞ സായിപ്പ്, കുഴി നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ വേഗതയിൽ സൈക്കിൾ ചവിട്ടി കയറിയ എന്നെ നോക്കി കണ്ണുമിഴിച്ചുനിന്നു. ഓഫ്‌ റോഡിൽ ഞാൻ വിദഗ്ദനാണ് എന്ന സർട്ടിഫിക്കറ്റും നല്കി. എന്റെ നാട് തന്നെ ഓഫ്‌ റോഡ്‌ ആണെന്ന സത്യം ഞാൻ അയാൾക്ക്‌ വെളിപ്പെടുത്തിയില്ല. പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും ഞങൾ അലഞ്ഞു നടന്നു. വെയിൽ നാളങ്ങൾ തീഷ്ണമാകവേ, ഉച്ചഭക്ഷണത്തിനായി ഭക്ഷണശാലയിലേക്ക് കയറി. മരങ്ങളുടെ നിഴലുകൾ പടർന്നുകയറിയ കടുക് പാടത്തിനു സമീപം അൽപനേരം വിശ്രമിച്ചശേഷം ബുദ്ധന്റെ ജന്മസ്ഥലത്തേക്ക്തിരിച്ചു. ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ലുംബിനി യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. 


മഹാറാണി മായാദേവി ഗൗതമ ബുദ്ധന് ജന്മം നല്കിയ ഇടം. സദാ സമയവും ഇളംകാറ്റ് ഒഴുകി നടക്കുന്ന, മരങ്ങൾ തിങ്ങി വളരുന്ന ഒരു തോട്ടത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ചെറിയ കെട്ടിടം. ഹരിതാഭമായ ഉദ്യാനത്തിൽ വിസ്തൃതമായികൊണ്ട് അവയുടെ ഭാഗമെന്നോണം ഇഴുകി ചേർന്നുകിടക്കുകയാണത്. തണുപ്പ് തളം കെട്ടിയ മുറിയിൽ ഇരിക്കുമ്പോൾ ഭൂമിയുടെ ഹൃദയമിടിപ്പ്പോലും കാതുകളിൽ പതിക്കുന്നതായി തോന്നി. പദ്മാസനത്തിൽ ധ്യാനാവിഷ്ഠനായ ബുദ്ധന്റെ സുവർണ്ണ പ്രതിമയാണ് അവിടെ നമ്മെ സ്വാഗതം ചെയ്യുക. നിശബ്ദതയിൽ മുങ്ങിമരിക്കുന്ന പ്രാർത്ഥനാമുറിയിൽ ഇരിക്കുമ്പോൾ ബുദ്ധോപദേശങ്ങൾ എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറി തലച്ചോറിനുള്ളിൽ ലഹള കൂട്ടി. 

 
ബുദ്ധമതത്തിന് എന്താണ് സംഭവിച്ചത്? ബുദ്ധിസം ഒരിക്കലും ഒരു മതമായിരുന്നില്ല, ബുദ്ധൻ ദൈവവും.
അദ്ദേഹം ഒരിക്കലും അമാനുഷികനൊ അത്ഭുതങ്ങൾ കാണിക്കുകയോ ചെയ്തില്ല. പക്ഷെ ജീവിതത്തിന്റെ അർഥം എന്തെന്ന് മനസിലാക്കിയ മികച്ച ഒരു അദ്ധ്യാപകനായിരുന്നു. മനുഷ്യ വർഗ്ഗത്തിന്റെ ദു;ഖങ്ങൾക്ക് കാരണം അവന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹങ്ങളാണ് എന്ന് മനസ്സിലാക്കി അഷ്ടമാർഗ്ഗങ്ങളിലൂടെ അതിനെ അതിജീവിക്കാൻ പഠിപ്പിച്ച വിശുദ്ധനായ മനുഷ്യൻ. ബുദ്ധനിൽനിന്ന് ആ ചിന്തകൾ മനുഷ്യന്റെ സാംസ്കാരിക മണ്ഡലത്തിലേക്ക് എത്തിയപ്പോൾ സംഭവിച്ച മാറ്റങ്ങളാണ് ആ മതത്തിന്റെ തകർച്ചയ്ക്ക് കാരണം എന്ന് എനിക്ക് തോന്നി. അനവധി ബിംബങ്ങളും ചിത്രങ്ങളും നിറഞ്ഞ മുറിയിലൂടെ സ്വപ്നാടകനെപോലെ ഞാൻ നടന്നു. ചിന്തകളൊഴിഞ്ഞു ശാന്തമായ മനസ്സുമായി പ്രാർത്ഥനാ മുറിയിൽനിന്നും പുറത്തിറങ്ങി. ലൂക്കായെവിട്ട് ഏകനായി വൻമരങ്ങൾ തിങ്ങി വളരുന്ന തോട്ടത്തിലൂടെ ബോധിവൃക്ഷചുവട്ടിലേക്ക്‌ നീങ്ങി. 

 
കിളികളുടെ ആർദ്രമായ പാട്ടും ഒഴുകി നടക്കുന്ന കുളിർകാറ്റുമെല്ലാം മനസ്സിനെ പറഞ്ഞറിയിക്കനാവാത്ത ആനന്ദാനുഭൂതിയിൽ ആഴ്ത്തുന്നു. ബോധിവൃക്ഷച്ചുവട്ടില്‍ ഇരുന്നപ്പോള്‍ താപസന്‍റെതുപോലെ ശാന്തമായിരുന്നു മനസ്സ്. ഹൃദയത്തെ സംശുദ്ധമാക്കിതീർക്കാൻ ആ സന്ദര്‍ശനം ധാരാളം മതിയായിരുന്നു. 

 
കാറ്റിനു മുഖം കൊടുത്ത് ബോധിവൃക്ഷച്ചുവട്ടില്‍ ഇരിക്കവേ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഏറെ വിദൂരമായ കാലത്തില്‍നിന്നും എന്നെ തഴുകിയ ആ കരസ്പര്‍ശം ആരുടെതാണ്?... അറിയില്ല. പക്ഷെ അവിടെ നിന്നിറങ്ങുമ്പോൾ ഒരുകാര്യം വ്യക്തമായിരുന്നു... അതെ ഞാനും ഒരു ബുദ്ധിസ്റ്റ് ആകുന്നു.