Breaking News

Trending right now:
Description
 
Jan 21, 2015

അണയ്‌ക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ആളി കത്തുന്ന ബാര്‍ കോഴ വിവാദം

സന്തോഷ്‌ പവിത്രമംഗലം
image സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അല്‌പം രമ്യതയില്‍ എത്തി, വിവാദങ്ങള്‍ക്ക്‌ ശമനം ആയല്ലോ എന്ന്‌ കരുതിയിരിക്കുമ്പോള്‍ ആണ്‌ ഇതാ ചാനലുകളില്‍നിന്നും ശക്‌തിയേറിയ വലിയ വെടി ഒന്ന്‌, ചെറിയ വെടി ഒന്ന്‌. എന്നാല്‍ ഈ വെടി ഒച്ച എല്ലാം കേട്ടിട്ടും ഞാനാണ്‌ ലോകം കണ്ട ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രി എന്ന ഊറ്റത്തോടെ ഭരി്‌ക്കുന്ന കേരളമുഖ്യന്‍. യൂഡിഎഫ്‌ എന്ന ചട്ടക്കൂട്ടിലെ മുതിര്‍ന്ന നേതാവായ ബാലക്യഷ്‌ണപിള്ളയുടെ, ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം ചാനലുകള്‍ സംപ്രേഷണം ചെയ്‌തു കൊണ്ടിരിയ്‌ക്കുന്നു. അതില്‍ അദ്‌ദേഹം വളരെ വ്യക്‌തമായി പറയുന്നു, എല്ലാ വിവരങ്ങളും താന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചൂവെന്നാണ്‌. കോടികളുടെ അഴിമതികള്‍ നടന്നതായിട്ടാണ്‌ ഫോണ്‍ സംഭാഷണത്തിലൂടെ മനസ്‌സിലാക്കുന്നത്‌. 

കര്‍ഷകരുടെ സംരക്ഷകനായ കേരളത്തിന്റെ ധനകാര്യമന്ത്രി നെല്ല്‌ കര്‍ഷകരില്‍ നിന്നും മില്ലുടമകളില്‍ നിന്നും കോടികളാണ്‌ കൈപ്പറ്റിയിരിയ്‌ക്കുന്നത്‌. ബേക്കറി ഉടമകള്‍ തുടങ്ങി അനേകം സംഘടനകളില്‍ നിന്നും കോടികള്‍ കൈപ്പറ്റി രാഷ്‌ട്രീയ സേവനം നടത്തുന്ന ഈ മന്ത്രി സ്വയം രാജിവച്ച്‌ അന്വേഷണത്തെ നേരിടുകയോ, മുഖ്യമന്ത്രി ഇദ്‌ദേഹത്തെ പുറത്താക്കി നിഷ്‌പക്ഷമായ അന്വേഷണം നടത്തി കേരളത്തിലെ ജനങ്ങളോട്‌ നീതി കാട്ടണമെന്നാണ്‌ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം. 

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെയും അമിതമായ ആവേശം ആരെയും അതിശയിപ്പിക്കുന്ന വിധത്തില്‍ തന്നെ ആയിരുന്നു. പാര്‍ട്ടി പ്രസിഡന്റിന്റെ അഭിപ്രായത്തിന്‌ പുല്ല്‌ വില കല്‌പിക്കാതെ ബാറുകള്‍ തുറക്കുവാന്‍ ഇവിടുത്തെ ഏ, ഏെ ഗ്രപ്പുകള്‍ കൈകോര്‍ത്തു. പാവപ്പെട്ട ജനങ്ങളെ പാടെ മറന്നുകൊണ്ട്‌ ഒരു വലിയ ജന സമൂഹത്തിന്റെ ആരോഗ്യത്തെ ഹനിയ്‌ക്കുകയും, അനേകായിരം കടുബങ്ങളെ ദുരിതക്കയത്തിലേക്ക്‌ തള്ളിവിടുകയും ചെ്‌യ്യുന്ന മദ്യവിപത്തിന്‌ പരിഹാരം കാണേണ്ട ഒരു ജനകീയ സര്‍ക്കാര്‍ ബാറുടമകള്‍ക്കുവേണ്ടി വക്കാലത്ത്‌ പിടിച്ച ദയനീയമായ ദുരവസ്‌ഥയാണ്‌ നോക്കികണ്ടത്‌. 

കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതി നിറഞ്ഞ ഒരു സര്‍ക്കാരാണ്‌ ഇത്‌. ഏത്‌ അഴിമതിക്കാര്‍ക്കും ധൈര്യം പകരുന്ന മുഖ്യമന്ത്രി. ഇവിടെ ഇപ്പോള്‍ പുറത്തായിരി്‌ക്കുന്ന കോഴ ഇടപാടുകളെക്കാള്‍ എത്രയോ അധികമായിരി്‌ക്കും പുറത്ത്‌ വരാത്തതായ ഇടപാടുകള്‍. പൊതുമരാമത്ത്‌ മന്തിയുടെ ഓഫീസിനെക്കുറിച്ച്‌ ഒരു ആരോപണം ഈ അടുത്ത സമയത്ത്‌ വന്നിരുന്നു. അതിലും ഇപ്പോള്‍ യാതൊരുവിധമായ അന്വേഷണവും നടക്കുന്നില്ല. അങ്ങനെ എല്ലാ മേഖലകളിലും മന്ത്രിമാരിലും അഴിമതി നടമാടുകയാണ്‌. പാവപ്പെട്ട മുന്തിയ ഒരുവിഭാഗം ജനങ്ങള്‍ ജീവിതത്തിന്‌ മുമ്പില്‍ പകച്ചു നില്‌ക്കുന്നു. അവരുടെ ജീവിതം ദുരതക്കയത്തില്‍ മുക്കിയിട്ട്‌ എന്താണ്‌ നമ്മുടെ രാഷ്‌ട്രീയ നേതാക്കന്‍മാര്‍ നേടുന്നത്‌.

ഈ വിധത്തില്‍ രാഷ്‌ട്രീയ സേവനം നടത്തി ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കളും സമ്പാദിച്ച്‌ കൂട്ടിയിരി്‌ക്കുന്നത്‌ ഒരു സാധാരണ മനുഷ്യന്‌ സ്വപ്‌നം കാണാന്‍ കഴിയാവുന്നതിലും ഉപരി ആയിരിയ്‌ക്കും. അഴിമതി എന്ന വാക്ക്‌ കേട്ടാല്‍ അപ്പോള്‍ തന്നെ വാളും പരിചയുമായി ഇറങ്ങിതിരിയ്‌ക്കുന്ന ഒരു ആദര്‍ശധീരനാണ്‌ കേരളത്തിന്റെ ചീഫ്‌വിപ്പ്‌. പകല്‍ മുഴുവന്‍ ജീവിതം മാണി സാറിന്‌ വേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയും അവസരത്തിനൊത്ത്‌ തന്റെ നേതാവിനും പാര്‍ട്ടിക്കാര്‍ക്കുവേണ്ടിയും വലിയ പാരയുമായി സര്‍ക്കാര്‍ ചിലവില്‍ സുഭിക്ഷമായി ജീവിയ്‌ക്കുന്ന ഭാഗ്യവാന്‍. ഈ അടുത്ത ദിവസം ഇദ്ദേഹം മാവോയിസത്തെക്കുറിച്ച്‌ വാചാലനാകുന്നത്‌ കേട്ടു. ഇവിടുത്തെ ഒരു സാധാരണക്കാരന്‍ ഇത്രയും പറഞ്ഞാല്‍ മതി അവന്‌ എതിരെ നിയമ നടപടിയുമായി ഇറങ്ങുവാന്‍. 

ചീഫ്‌ വിപ്പും ബിജു രമേശും ആയിട്ടുള്ള ഫോണ്‍ സംഭാഷണവും പുറത്തായിരിയ്‌ക്കുന്നു. ഇദ്‌ദേഹത്തിന്റെ ഫോണ്‍ സംഭാഷണത്തിലും വളരെ വ്യക്‌തമാണ്‌ കോടികളുടെ കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ട്‌ എന്നത്‌. കഴിഞ്ഞദിവസം വൈകിട്ട്‌ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒട്ടും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ച ചീഫ്‌ വിപ്പിനെ മാധ്യമങ്ങള്‍ അകറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇതുപോലെയുള്ള ചാനലുകളെ ബഹിഷ്‌കരിയ്‌ക്കുവാന്‍ ഇവിടുത്തെ ജനങ്ങള്‍ നിര്‍ബന്‌ധിതരാകും. ഒരു ജനപ്രതിനിധിയായ തനിയ്‌ക്ക്‌ അധികാരത്തിന്റെ മറവില്‍ എന്തും ആകാം എന്നുള്ള അഹങ്കാരമാണ്‌ കുറച്ചുകാലമായി വച്ചുപുലര്‍ത്തുന്നത്‌. മുഖ്യമന്ത്രിയ്‌ക്കോ, കെ. എം മാണിക്കോ ഇദ്‌ദേഹത്തെ തൊടാന്‍ ഭയവും. സഭ്യമായ ഭാഷയില്‍ സംസാരിയ്‌ക്കുവാന്‍ പോലും അറിയാത്ത ചീഫ്‌ വിപ്പ്‌ ഇന്ന്‌ കേരള സംസ്‌കാരത്തിന്‌ അപമാനം തന്നെയാണ്‌. ഇങ്ങനെയുള്ളവരെ വീണ്ടും തിരഞ്ഞെടുത്ത്‌ നിയമസഭയിലേക്ക്‌ അയയ്‌ക്കുന്ന ജനങ്ങളോട്‌ സഹതപിയ്‌ക്കുകയല്ലാതെ മറ്റ്‌ നിവര്‍ത്തിയില്ല. 

കാര്യങ്ങള്‍ ഇവിടെ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രതിപക്ഷത്തിന്റെ നിലപാടാണ്‌ വിസ്‌മയിപ്പിയ്‌ക്കുന്നത്‌. അവര്‍ക്ക്‌ ഇതിലൊന്നും ഒട്ടും തന്നെ ഉത്തരവാദിത്വമില്ലായ്‌മയാണ്‌ കാണിയ്‌ക്കുന്നത്‌. ഏതെങ്കിലും വിധത്തില്‍ ഈ മന്ത്രി സഭ താഴെപ്പോയാല്‍ ഇടതുപക്ഷത്തുനിന്നും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്‌, മുഖ്യമന്ത്രി ആയാലുള്ള അവസ്‌ഥയാണ്‌ ഇവരെ മറ്റ്‌ കടുത്ത സമരനടപടികളില്‍ നിന്നും പിന്നോട്ട്‌ വലിക്കുന്നത്‌. ഒരു കാലത്തും ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകാത്ത മൃദുസമീപനമാണ്‌ ഈ ഭരണത്തോട്‌ അവര്‍ കാട്ടുന്നത്‌. എല്ലായിടവും ഒരു അഡ്‌ജസ്‌റ്റ്‌മെന്റ്‌ രാഷ്‌ട്രീയം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ധാര്‍മ്മികതയും മൂല്യങ്ങളും ഓരോ ദിവസങ്ങള്‍ കഴിയുന്തോറും നഷ്‌ഠമാകുന്നു. 

ഏവരുടെയും ലക്ഷ്യം പണ സമ്പാദനമാണ്‌. രാഷ്‌ട്ര സേവനം എന്നപേരില്‍ പൊതുമുതല്‍ കൊള്ളയടിക്കുകയാണ്‌ ഇവര്‍ ഓരോരുത്തരും. ഒരു പാര്‍ട്ടിയിലും ജനങ്ങള്‍ക്ക്‌ വിശ്വസിയ്‌ക്കുവാന്‍ കഴിയാത്ത അവസ്‌ഥ. ഈ നില ഇപ്രകാരം തുടര്‍ന്നാല്‍ നമ്മുടെ രാജ്യത്തെ കുറച്ചുപേര്‍ സന്നരാകുകയും, നല്ല ഒരു വിഭാഗം ജനങ്ങളും പട്ടിണിയിലും ദാരിദ്രത്തിലും അകപ്പെട്ട്‌ സ്വയം നശിച്ച്‌ പോകുന്ന കാലം അധികം വിദൂരമല്ല.
മുഖ്യമന്ത്രിയുടെ പല നടപടികളും ഇവിടുത്തെ സാധാരണ ജനങ്ങള്‍ വളരെ അസഹിഷ്‌ണതയോടെയാണ്‌ നോക്കികാണുന്നത്‌. ഇഷ്‌ടക്കാര്‍ക്കുവേണ്ടി എന്തു ചെയ്യുവാന്‍ തയ്യാറുള്ള ഒരു മുഖ്യമന്ത്രി. പാര്‍ലമെന്റിലേക്ക്‌ നടന്ന ഒരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്ക്‌ ലഭിച്ച നേരിയ വിജയത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ തങ്ങളൊടൊപ്പം ആണെന്നുള്ള മിഥ്യാ ധാരണയില്‍ എന്തും തന്നിഷ്‌ഠ പ്രകാരം ചെയ്‌ത്‌ കൂട്ടുന്നു. തച്ചങ്കരിയുടെ സ്‌ഥാനക്കയറ്റം തുടങ്ങി ഇദ്‌ദേഹം കൈക്കൊള്ളുന്ന ഓരോ നടപടികളും പ്രതിഷേധാര്‍ഹമാണ്‌. കോടികളുടെ അഴിമതി ആരോപിയ്‌ക്കപ്പെട്ടിട്ടുള്ള ധനകാര്യമന്ത്രിയെ, മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഏതുവിധേനയും അധികാരത്തിന്റെ തേന്‍ നുകരാനുള്ള ഈ അമിതമായ ആഗ്രഹം കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ നാശത്തിന്റെ പടുകുഴിയിലേക്ക്‌ മാത്രമെ നയിയ്‌ക്കുകയുള്ളൂ.