Breaking News

Trending right now:
Description
 
Jan 17, 2015

വൈദ്യുതി തടസ്സം: ഉപഭോക്തൃ സേവന സംവിധാനത്തില്‍ ആലപ്പുഴയേയും ഉള്‍പ്പെടുത്തണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: വൈദ്യുതി തടസ്സത്തെക്കുറിച്ചു പരാതിപ്പെടാനും അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും അറിയിക്കാനുമുള്ള കേന്ദ്രീകൃത ഉപഭോക്തൃസേവന കേന്ദ്ര (കോള്‍ സെന്റര്‍) സംവിധാനത്തില്‍ ആലപ്പുഴ പട്ടണത്തിലെ സെക്ഷനുകളെക്കൂടെ എത്രയും വേഗം ഉള്‍പ്പെടുത്തണമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനോട് (കെ.എസ്.ഇ.ബി) തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

അടിക്കടിയും നീണ്ടുനില്ക്കുന്നതുമായ വൈദ്യുതി തടസ്സവും വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുമുണ്ടാകുന്ന പട്ടണത്തില്‍ ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് പരാതി പറയാന്‍ ഫോണ്‍ വിളിച്ചാല്‍ മിക്കപ്പോഴും കണക്ഷന്‍ ലഭിക്കണമെന്നില്ല. അതിനാല്‍ ഏതാനും മാസം മുന്‍പ് ആരംഭിച്ച കേന്ദ്രീകൃത സംവിധാനമായ നമ്പര്‍ 1912 സംവിധാനം കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടും. പക്ഷേ കോള്‍ സെന്ററിലെ ഓട്ടോമേറ്റഡ് പരാതി സംവിധാനം പ്രയോജനപ്പെടണമെങ്കില്‍ പതിമൂന്നക്ക കണ്‍സ്യൂമര്‍ നമ്പര്‍ ഡയല്‍ ചെയ്യണം. ആലപ്പുഴയിലെ സെക്ഷനുകളില്‍ നാലക്ക നമ്പരുകളാണ് നിലവിലുളളത്. അതു സ്വീകാര്യമല്ലാത്തതിനാല്‍ കണ്‍സ്യൂമര്‍ നമ്പരുകള്‍ എത്രയും വേഗം പുതുക്കി നല്‌കേണ്ടതുണ്ട്. ഗുണനിലവാരമില്ലാത്ത വൈദ്യുതി വിതരണം മൂലം കംപ്യൂട്ടര്‍ അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ പെട്ടെന്നു നശിക്കുകയാണ്.

ഇതേപോലെതന്നെ ഭുരിപക്ഷം ഇലക്ട്രിക് പോസ്റ്റുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും ആവശ്യമായ നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റും പേരാണ് പറയുക. എന്നാല്‍ അവ മിക്കയിടങ്ങളിലും ആര്‍ക്കും വായിക്കാവുന്ന വിധത്തിലില്ല. സെക്ഷനുകള്‍ക്ക് കോഡ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പോസ്റ്റുകള്‍ക്കും ട്രാന്‍സ്‌ഫോര്‍മര്‍കള്‍ക്കും നമ്പരിട്ടാല്‍ കംപ്യൂട്ടര്‍വത്കൃത സേവനത്തിന് ഏറെ പ്രയോജനപ്പെടും. അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്നു സഹായം ലഭ്യമാക്കാന്‍ പോസ്റ്റുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും നമ്പര്‍ അധികൃതര്‍ക്കും നാട്ടുകാര്‍ക്കും ഉപകരിക്കും.

കോള്‍ സെന്ററിലെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായി സംസാരിക്കാന്‍ അവസരമുണ്ടെങ്കിലും ബന്ധപ്പെട്ട സെക്ഷനില്‍ നേരിട്ട് പരാതിപ്പെടാനാണ് സാധാരണ ഗതിയില്‍ പറയുക. അതിനാല്‍ ഉടനെ പരാതി പരിഹാര സംവിധാനം സൗകര്യപ്പെടുത്തുകയാണ് വേണ്ടെതെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. മുന്‍കാലത്ത് പരാതി പരിഹാരത്തിനായി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലതാനും.