Breaking News

Trending right now:
Description
 
Jan 17, 2015

വിവാദ ആചാര്യന്റെ സിനിമയ്‌ക്ക്‌ അനുമതി:സെന്‍സര്‍ ബോര്‍ഡില്‍ കൂട്ടരാജി

image പഞ്ചാബിലെ വിവാദ തമവിഭാഗമായ ദേരാ സച്ചാ സൗധയുടെ തലവനായ വിവാദ പുരുഷന്‍ ഗുര്‍മീത്‌ റാം റഹീം സിംഗ്‌ നായകനായി അഭിനയിക്കുന്ന വിവാദ സിനിമ മെസഞ്ചര്‍ ഓഫ്‌ ഗോഡിനു പ്രദര്‍ശനാനുമതി നല്‍കിയ കോലാഹലങ്ങള്‍ തുടരുന്നതിനിടെ സെന്‍സര്‍ ബോര്‍ഡ്‌ ദേശീയ ചെയര്‍മാന്‍ ലീലാ സാംസണും ഷാജി എന്‍.കരുണ്‍ അടക്കമുള്ള അംഗങ്ങളും രാജിവച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പു മറികടന്നു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതു ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ്‌ ട്രൈബ്യൂണലിനു വിടുകയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ട്രൈബ്യൂണല്‍ അനുമതി നല്‍കുകയും ചെയ്‌തതിനു പിന്നാലെയാണു കൂട്ടരാജി. സിനിമ തരംതാണ പരസ്യചിത്രമാണെന്നു വിലയിരുത്തിയാണ്‌ സെന്‍സര്‍ബോര്‍ഡ്‌ അനുമതി നിഷേധിച്ചത്‌. ഇതേസമയം, സിനിമയ്‌ക്കെതിരെ ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബിജെപി ആസ്ഥാനത്തേക്ക്‌ ശിരോമണി അകാലിദള്‍ പ്രകടനം നടത്തി. പലസ്ഥലങ്ങളിലും സംഘര്‍ഷം ഉണ്ടായി. ആക്രമണ സാധ്യത കണക്കിലെടുത്ത്‌ പൊലീസ്‌ ഫ്‌ളാഗ്‌ മാര്‍ച്ച്‌ നടത്തി. സെന്‍സര്‍ ബോര്‍ഡ്‌ ചെയര്‍മാനും അംഗങ്ങളും കൂട്ടത്തോടെ രാജിവച്ചതു ഗൗരവമേറിയതാണെന്നു പറഞ്ഞ കോണ്‍ഗ്രസ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു.

സിക്ക്‌ സമുദായാചാര്യന്‍ ഗുരു ഗോവിന്ദ്‌ സിംഗിന്റെ വേഷത്തില്‍ ദേരാ സച്ചാ സൗധ വിഭാഗത്തിന്റെ തലവന്‍ പൊതുവേദിയില്‍ എത്തിയതിനെതിരേ സിക്ക്‌ സംഘടനകള്‍ കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ്‌ ഗുര്‍മീത്‌ റാം റഹീം സിംഗ്‌ സ്വയം ദൈവമായി അവരോധിക്കുന്ന തരത്തിലുള്ള സിനിമയായ മെസഞ്ചര്‍ ഓഫ്‌ ഗോഡിനു പ്രദര്‍ശനാനുമതി ലഭിക്കുന്നത്‌. സിബിഐ കേസുകളിലടക്കം ഉള്‍പ്പെട്ടിട്ടുള്ള വിവാദ ആചാര്യന്‍ ലഹരിമരുന്നിനും മറ്റു സാമൂഹിക തിന്മകള്‍ക്കുമെതിരെ പെരുതുകയും സ്വയം ദൈവമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ്‌ സിനിമ. ബൈക്കില്‍ പായുന്ന നായകന്‍ അമാനുഷിക ശക്തിയോടെ തിന്മകളെയും എതിര്‍ക്കുന്നവരെയും തട്ടിത്തെറിപ്പിക്കുന്നു. അനുയായികള്‍ക്കൊപ്പം ബോളിവുഡ്‌ താരങ്ങളെപ്പോലെ ആടിപ്പാടുന്നു. സിനിമയുടെ ട്രെയിലര്‍ യൂ ട്യൂബിലൂടെ ഇതിനോടകം 20 ലക്ഷംപേര്‍ കണ്ടുവെന്നാണ്‌ കണക്ക്‌.