Breaking News

Trending right now:
Description
 
Jan 15, 2015

തൊഴിലിന്റെ മൂല്യമറിയാത്ത ഡോക്ടര്‍മാര്‍ നമുക്കു വേണോ?

സന്തോഷ്‌ പവിത്രമംഗലം
image ഒരു കാലത്ത്‌ പുരോഹിതനും വൈദ്യനും ദൈവീകമായ കൃപ ലഭിച്ചവര്‍ ആയിരുന്നു. എല്ലാവര്‍ക്കും പുരോഹിതനോ, നല്ല ഒരു വൈദ്യനോ ആകുവാന്‍ കഴിയുമായിരുന്നില്ല. പുരോഹിതന്‍ എന്നാല്‍ മനുഷ്യന്റെ പാപാവസ്‌ഥയ്‌ക്ക്‌ ദൈവത്തോട്‌ കരുണയെ യാചിയ്‌ക്കുന്നവനും ദൈവത്തിന്റെ പ്രതിപുരുഷനുമാണ്‌. ഒരു വൈദ്യന്‍ ദൈവഭക്‌തി നിറഞ്ഞവനും മനുഷ്യന്റെ ശാരീരികരോഗങ്ങള്‍ക്ക്‌ ശമനം നല്‌കുന്നവനും ആകുന്നു. ഒരു നല്ല പുരോഹിതനില്‍ കൂടിയും വൈദ്യനില്‍ കൂടിയും ജനങ്ങള്‍ ദൈവത്തിന്റെ സ്‌നേഹത്തെയും കരുതലിനേയും അറിഞ്ഞിരുന്നു.

കാലങ്ങള്‍ മാറിയപ്പോള്‍ അതോടൊപ്പം ലോകത്തിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിച്ചു. ആധുനികതയും, ആഗോളവത്‌കരണവും നമ്മുടെ ആത്‌മീയതേയും വൈദ്യശാസ്‌ത്രത്തയും ഒരുപോലെ ബാധിച്ചു. ഇന്ന്‌ വൈദ്യന്‍മാര്‍ ഇല്ല. എല്ലാവരും ഡോക്‌ടേഴ്‌സ്‌ ആണ്‌. പദപ്രയോഗം മാറിയത്‌ അനുസരിച്ച്‌ ഇവരിലും മാറ്റമുണ്ടായി. ഇന്ന്‌ നല്ല ഒരു വിഭാഗം വിദ്യാര്‍ത്‌ഥികളും പഠിയ്‌ക്കുവാന്‍ സമര്‍ത്‌ഥരാണ്‌. കൂടാതെ അവരുടെ സാമ്പത്തിക സ്‌ഥിതിയിലും മോശമല്ലാത്ത അവസ്‌ഥയാണ്‌.

ഒരു കുഞ്ഞ്‌ ഉണ്ടായി അവനെ മാതാപിതാക്കള്‍ മടിയിലിരുത്തി പേരിടുമ്പോള്‍ തന്നെ അവന്റെ ചെവിയില്‍ ഒന്നു കൂടി ഓതി കൊടുക്കും - മോനെ അല്ലെങ്കില്‍ മോളെ നീ ഒരു ഡോക്‌ടര്‍ ആകണം. അത്‌ ഈ അച്‌ഛന്റെയും അമ്മയുടെയും ഒരു വാശിയാണ്‌. പിന്നീട്‌ അവരുടെ ഏക ചിന്ത മക്കളെ ഡോക്‌ടര്‍ ആക്കുക എന്നതാണ്‌. ആയതിന്‌ വേണ്ടി എന്ത്‌ ത്യാഗവും സഹിച്ച്‌ മക്കളില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തി അവനെ പഠിപ്പിയ്‌ക്കുന്നു.

ഈ പാച്ചിലില്‍ ഇവര്‍ സമൂഹത്തെ കാണുന്നില്ല. മക്കള്‍ക്ക്‌ എന്താണ്‌ സ്‌നേഹമെന്നും ഈ ലോകത്തിലെ അവസ്‌ഥ എന്തെന്നോ ഓതി കൊടുക്കുവാന്‍ കഴിയുന്നില്ല. അവന്‌ ബുദ്‌ധിയും ശക്‌തിയും വര്‍ദ്‌ധിയ്‌ക്കാനായി മൂന്നു നേരവും പോഷകാഹാരങ്ങള്‍ നല്‌കുന്നു. ഒരു ട്യൂഷന്‍ സെന്ററില്‍ നിന്നും അടുത്ത സെന്ററിലേക്ക്‌ സ്‌കൂള്‍ കഴിഞ്ഞ്‌ പായുന്നു. ഈ പാച്ചിലിന്‌ ശേഷം വൈകി എത്തുന്ന മകന്റെ ക്ഷീണം അകറ്റാനായി ഹോര്‍ലിക്‌സ്‌. വീണ്ടും അവന്‍ പുസ്‌തകലോകത്ത്‌. രാത്രിയുടെ ഏതോ വൈകിയ യാമത്തില്‍ കിടന്നുറങ്ങി അതിരാവിലെ അവന്‍ വീണ്ടും ഓടുന്നു.

അവന്‌ തന്റെ അയല്‍വാസികളെയോ, ബന്‌ധുക്കളെയോ കാണുവാനോ അറിയുവാനോ കഴിയുന്നില്ല. തൊട്ട്‌ അയല്‍വക്കത്ത്‌ ഒരു മരണം സംഭവിച്ചാലും അറിയുകയില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ്‌ തന്റെ മക്കളുടെ മന്‌സിനെ വേദനപ്പെടുത്താന്‍ ഒട്ടുമിക്ക മാതാപിതാക്കളും മെനക്കെടാറില്ല. കാരണം ഇവര്‍ പറയുന്നതായ ഒരു ന്യായം, അതൊക്കെയും അവന്റെ പഠിത്തത്തെ ബാധിയ്‌ക്കും എന്നാണ്‌. അങ്ങനെ അവന്‍ പന്ത്രാണ്ടാം തരം വലിയ മോശമല്ലാത്ത മാര്‍ക്ക്‌ നേടിയെടുക്കുന്നു. പിന്നീട്‌ ദൂരെയുള്ള കോച്ചിങ്ങ്‌ സെന്ററിലേക്ക്‌. അവിടെ താമസിച്ച്‌ പഠനം. ഒരു വര്‍ഷത്തെ പഠനത്തിന്‌ ശേഷം എന്‍ട്രന്‍സ്‌ പരീക്ഷ. അതില്‍ ചിലര്‍ കയറിപറ്റുന്നു, ചിലര്‍ പുറത്താകുന്നു.

പുറത്താകുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പിറ്റേന്ന്‌ മുതല്‍ പണച്ചാക്കുമായി ഇറങ്ങുന്നു. ഏതുവിധേനയും തന്റെ മകന്‌ അല്ലെങ്കില്‍ മകള്‍ക്ക്‌ ഒരു സീറ്റ്‌ തരപ്പെടുത്താനായി. അങ്ങനെ ലക്ഷങ്ങള്‍ മുടക്കി അഡ്‌മിഷന്‍ നേടിയെടുക്കുന്നു. ഈ മകനോട്‌ മാതാപിതാക്കള്‍ക്ക്‌ മക്കളെ കാണുമ്പോള്‍ പറയാനുള്ളത്‌ ഒന്നു മാത്രമായിരിയ്‌ക്കും. മോനെ നന്നായി പഠിയ്‌ക്കുക, ലക്ഷങ്ങള്‍ മുടക്കിയതാണേ.

അങ്ങനെ അവന്‍ ഒരു വിധത്തില്‍ എം. ബി. ബി. എസ്‌ എന്ന കടമ്പ കടന്നു. ഇക്കാലത്ത്‌ ഇതുകൊണ്ട്‌ മതിയാവില്ലല്ലോ. മോനെ പീ.ജി യ്‌ക്ക്‌ ചേര്‍ക്കണം. അതിന്‌ ഇപ്പോള്‍ കോടികളാണ്‌ വേണ്ടത്‌. സാരമില്ല, അതും കൊടുക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാണ്‌. അങ്ങനെ അവന്‍ പീ.ജിയും നേടി. അപ്പന്റെയും അമ്മയുടെയും ഇത്രയും വര്‍ഷത്തെ കഷ്‌ടപ്പാടിനും ത്യാഗത്തിനും ഒരു താത്‌കാലിക വിരാമം. അങ്ങനെ ഡോക്‌ടര്‍ എന്ന ഒരു ഉത്‌പന്നം ഈ സമൂഹത്തിന്‌ ലഭിച്ചു. ഇനി വിളവെടുപ്പ്‌ സമയമാണ്‌. മുടക്കിയ മുതലിന്‌ പലിശ സഹിതം തിരികെ പിടിയ്‌ക്കുക. അഭിമാനിയായ മകന്‍, അച്‌ഛന്റെ മുടക്ക്‌ മുതലിന്‌ ഇരട്ടിയായി ലാഭം കൊയ്യുവാന്‍ സമൂഹത്തിലേക്ക്‌ ഇറങ്ങുന്നു. ഇവന്റെ ആകെയുള്ള സുഹ്യത്തുക്കള്‍ ഒന്ന്‌ സ്‌കാനിങ്‌ സെന്റര്‍കാരനും, മരുന്നു കമ്പനിക്കാരനും, ലാബുകാരുമാണ്‌. ഇവന്‍ അറിയുന്നില്ല ഈ ഇന്ത്യാ മഹാരാജ്യത്ത്‌ ഒരു നേരത്തെ ഭക്ഷണം സുഭിക്ഷമായി കഴിയ്‌ക്കാന്‍ നിവ്യത്തിയില്ലാത്തവരുടെയും, സ്വന്തമായി വിമാനങ്ങള്‍ ഉള്ളവരുടെയും രാജ്യമാണ്‌ ഇത്‌ എന്ന്‌. ഇവന്റെ കണ്ണില്‍ എല്ലാവരും സമന്‍മാരാണ്‌. മരണ നിമിഷം മുന്നില്‍ കണ്ട്‌ കിടപ്പാടം വരെയും നഷ്‌ടപ്പെടുത്തി ഏതെങ്കിലും വിധത്തില്‍ ഒരു അല്‌പം ആയുസ്‌സിനായി കേഴുന്ന പട്ടിണി പാവങ്ങള്‍ക്ക്‌ എഴുതുന്ന മരുന്നിന്റെ വിലയുടെ വീതം പറ്റുന്ന ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍. സര്‍ക്കാരുകള്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടത്തുന്നുണ്ട്‌.

ധാരാളം പണംമുടക്കി ജനങ്ങള്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ചെയ്‌ത്‌ കൊടുക്കുവാന്‍ സര്‍ക്കാരുകള്‍ ശ്രമിയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഇതിനുള്ളിലുള്ള അഴിമതികള്‍ക്ക്‌ ശമനം വരുത്തുവാന്‍ ഒരു സര്‍ക്കാരിനും കഴിയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ മെഷിനറികള്‍ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തി സ്വകാര്യ ലാബുകളിലേക്കും സ്‌കാനിങ്‌ സെന്ററുകളിലേക്കും പറഞ്ഞയച്ച്‌ വേണ്ടതിനും വേണ്ടാത്തതിന്റെയും പരിശോധനകള്‍ നടത്തി അതില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന നല്ല ഒരു വിഭാഗം, ആരോഗ്യ മേഖലയില്‍ ഇന്നും അതീവ ശക്‌തിയോടെ വാണരുളുന്നു. ഇങ്ങനെ സമൂഹത്തോട്‌ യാതൊരുവിധമായ കടപ്പാടും ഇല്ലാതെ സ്വന്തം തൊഴിലിന്റെ മൂല്യം എന്താണെന്ന്‌ മനസ്‌സിലാക്കാന്‍ കഴിവില്ലാത്ത ഒരു വിഭാഗം ഡോക്‌ടേഴ്‌സിനെ നമുക്ക്‌ വേണോ?

മാതാപിതാക്കള്‍ ഉണര്‍ന്ന്‌ ചിന്തിയ്‌ക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിയ്‌ക്കുന്നു. എന്തിന്‌ നമ്മുടെ മക്കളെ ലക്ഷങ്ങളും കോടികളും മുടക്കി പഠിപ്പിയ്‌ക്കുന്നു. ഈ പഠിത്തങ്ങള്‍ക്ക്‌ ഇത്രയധികം ഭാരിച്ച ചിലവ്‌ വരുന്നുണ്ടോ? ആരാണ്‌ ഇതിന്റെ ചൂഷകര്‍. മുടക്കിയ മുതല്‍ തിരിച്ച്‌ പിടിയ്‌ക്കാനായി നമ്മുടെ ഡോക്‌ടേഴ്‌സ്‌ ഇറങ്ങുമ്പോള്‍ ഒരു പരിധിവരെയും ഇവരെയും കുറ്റം പറയാന്‍ കഴിയില്ല. നമ്മുടെ ചികിത്‌സകള്‍ക്ക്‌ എന്തുകൊണ്ട്‌ ഇത്രയധികം ഭാരിച്ച ചിലവുകള്‍ വരുന്നു. മരുന്നുകളുടെ ഉത്‌പാദനം അത്രയധികം ചിലവേറിയതാണോ? ഒരു വശത്തുകൂടി മനുഷ്യന്‌ വിഷാംശം അടങ്ങിയ ഭക്ഷ്യപദാര്‍ത്‌ഥങ്ങള്‍ നല്‌കി, അവനെ രോഗിയാക്കി, അവന്റെ സമ്പാദ്യങ്ങള്‍ മുഴുവനും ചികിത്‌സയുടെ പേരില്‍ നഷ്‌ടപ്പെടുത്തി കഴിയുമ്പോള്‍ ഡോക്‌ടറുടെ വക ഒരു ഉപദേശം �ഇനി വീട്ടില്‍ കൊണ്ടുപോവുക, രക്ഷയില്ല.�

ഇവിടെ ഒരു വലിയ ചതിയാണ്‌ കാലങ്ങളായി നടന്നുവരുന്നത്‌. വന്‍കിട വ്യവസായികളെ സംരക്ഷിയ്‌ക്കുന്ന നയമാണ്‌ കാലങ്ങളായി ഇവിടുത്തെ മാറി വരുന്ന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്‌. ഈ വമ്പന്‍മാര്‍ക്ക്‌ എതിരായി സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഒന്നും തന്നെ പ്രതികരിയ്‌ക്കുവാന്‍ കഴിയുകയില്ല. സ്വന്തം തൊഴിലില്‍ മന്യത പുലര്‍ത്തി രോഗികളെ കരുതുന്ന ഡോക്‌ടേഴ്‌സ്‌ ചിലരെങ്കിലും ഉണ്ടെങ്കില്‍ തന്നെയും അധികവും കുറുക്കു വഴികള്‍ സ്വീകരിച്ച്‌ കടന്നു വന്നവര്‍ ആണെന്ന്‌ പറയാതിരിയ്‌ക്കാന്‍ നിര്‍വ്വാഹമില്ല. ഈക്കൂട്ടരെ സ്യഷ്‌ടിയ്‌ക്കുന്നത്‌ സ്വന്തം മാതാപിതാക്കളാണ്‌. അവരുടെ ചിന്തകള്‍ക്ക്‌ മാറ്റം വന്നെങ്കില്‍ മാത്രമേ നമ്മുടെ ആരോഗ്യരംഗം ഒരു പരിധി വരെയെങ്കിലും സംശുദ്‌ധമാവുകയുള്ളൂ. ഇല്ലെങ്കില്‍ മെഡിക്കല്‍ കോളേജുകളും അതിനൊടനുബന്‌ധിച്ചുള്ള സ്‌ഥാപനങ്ങള്‍ നടത്തുന്നവരുടെയും കീശകള്‍ വീര്‍ക്കുകയും ഇവിടുത്തെ ജനങ്ങളുടെ ആയുസ്‌സും ആരോഗ്യവും ഇതുപോലുള്ള ഡോക്‌ടേഴ്‌സിന്‌ അടിയറ വയ്‌ക്കാന്‍ മാത്രമുള്ളതായി തീരുകയും ചെയ്യും.