Breaking News

Trending right now:
Description
 
Jan 15, 2015

പോര്‍ച്ചുഗീസ്‌ പ്രേഷിതപ്രവര്‍ത്തകന്‍ ഫാ.ജോസഫ്‌ വാസിന്‍ ഇനി വിശുദ്ധന്‍

image ഇന്ത്യയില്‍ ജനിച്ച്‌ ലങ്കയിലെത്തി ജനഹൃദയങ്ങളില്‍ ഇടംനേടിയ പോര്‍ച്ചുഗീസ്‌ പ്രേഷിതപ്രവര്‍ത്തകന്‍ ഫാ.ജോസഫ്‌ വാസിന്‌ ഇനി ലോകമെങ്ങുമുള്ള വിശ്വാസികളുടെ അള്‍ത്താരവണക്കം. ഫാ.ജോസഫ്‌ വാസിനെ ശ്രീലങ്കയുടെ ആദ്യ വിശുദ്ധനായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു. സമാധാന ദൗത്യത്തില്‍ മതത്തിന്റെ അതിരുകള്‍ അപ്രധാനമെന്നു തെളിയിക്കുന്നതാണു വിശുദ്ധ ജോസഫ്‌ വാസിന്റെ ജീവിതമെന്നു വിശുദ്ധ പ്രഖ്യാപനത്തിനുശേഷം മാര്‍പാപ്പ പറഞ്ഞു. വിശ്വാസം വിവേചനത്തിനും വെറുപ്പിനും ഹിംസയ്‌ക്കുമല്ല. മറിച്ചു ജീവിതത്തിന്റെ പവിത്രതയ്‌ക്കും മറ്റുള്ളവരുടെ സ്വാതന്ത്ര്യ, അഭിമാനങ്ങള്‍ക്കുമാണു ഗുണം ചെയ്യുകയെന്നു വിശുദ്ധ ജോസഫ്‌ വാസിന്റെ ജീവിതം കാണിച്ചുതരുന്നു. സമസ്‌തലോകത്തിന്റെയും ക്ഷേമത്തിനായുള്ള സ്‌നേഹനിര്‍ഭരമായ സമര്‍പ്പണമാണിത്‌. വിശ്വാസ സ്വാതന്ത്ര്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാമെന്നും മാര്‍പാപ്പ പറഞ്ഞു. മരണാസന്നനായ ആണ്‍കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതാണ്‌ ഫാ.വാസിന്റെ അദ്‌ഭുതപ്രവൃത്തി. കോസ്‌മെ ജെ കോസ്‌റ്റ എന്ന ഈ കുഞ്ഞ്‌ പിന്നീട്‌ കത്തോലിക്കാ പുരോഹിതനായി ഇന്ത്യയില്‍ സേവനമനുഷ്‌ഠിച്ചു. ഫാ.ജോസഫ്‌ വാസിനെ 1995-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ കോളനിയായിരുന്ന ഗോവയില്‍ 1651 ഏപ്രില്‍ 21നു ജനിച്ച ഫാ.വാസ്‌ 1687ലാണ്‌ ശ്രീലങ്കയിലെത്തിയത്‌. ഡച്ച്‌ ക്രൂരതകള്‍ അതിജീവിച്ച്‌ ശ്രീലങ്കയില്‍ കത്തോലിക്കാ വിശ്വാസത്തിനു വേരോടാന്‍ നിലമൊരുക്കിയ ഫാ.വാസിന്‌ പോര്‍ച്ചുഗീസ്‌ ചാരനെന്നു മുദ്രകുത്തപ്പെട്ടു ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്‌.