Breaking News

Trending right now:
Description
 
Jan 15, 2015

കൃഷ്‌ണമൃഗത്തെ കൊലപ്പെടുത്തിയകേസ്‌: സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ നടപടി സ്റ്റേ ചെയ്‌തു

image കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി നടപടി പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതി. കേസ്‌ വീണ്ടും പുതുതായി പരിഗണിക്കാനും ജസ്റ്റീസ്‌ എസ്‌.ജെ. മുഖോപാധ്യായ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ രാജസ്ഥാന്‍ ഹൈക്കോടതിക്ക്‌ നിര്‍ദേശം നല്‍കി. സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിചാരണ കോടതി 2006ല്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. വിചാരണക്കോടതിയുടെ വിധി സ്‌റ്റേ ചെയ്‌ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കിയതോടെ സിനിമാ ചിത്രീകരണത്തിനായി ബ്രിട്ടന്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലേക്കുള്ള സല്‍മാന്‍ ഖാന്റെ യാത്ര മുടങ്ങും. ശിക്ഷയ്‌ക്കു സ്റ്റേ അനുവദിക്കണമെന്നു ആവശ്യപ്പെട്ട്‌ 2012ലാണ്‌ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. ശിക്ഷിക്കപ്പെട്ടതിനാല്‍ ബ്രിട്ടീസ്‌ വീസ നിഷേധിക്കപ്പെട്ടെന്നും വിദേശയാത്ര മുടങ്ങിയെന്നുമായിരുന്നു വാദം. സല്‍മാന്റെ വാദം ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 1998ലാണ്‌ കേസിനാസ്‌പദമായ സംഭവം. ഹം സാഥ്‌ സാഥ്‌ ഹെ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌, ജോധ്‌പൂരിലെത്തിയ ചലച്ചിത്ര താരങ്ങളായ സല്‍മാന്‍ ഖാന്‍, സെയ്‌ഫ്‌ അലിഖാന്‍, സൊനാലി ബെന്ധ്രെ, തബു, നീലം എന്നിവര്‍ രണ്ടു കൃഷ്‌ണമൃഗത്തെ വേട്ടയാടിയെന്നാണ്‌ കേസ്‌. കേസില്‍ വേട്ടയാടപ്പെട്ട കൃഷ്‌ണമൃഗം വംശനാശം നേരിടുന്നതാണെന്നു വിലയിരുത്തി വിചാരണ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, സല്‍മാന്‍ ഖാന്‍ വേട്ടനടത്തിയെന്നതിനു പ്രത്യക്ഷമായ തെളിവില്ലെന്നു കണ്ടെത്തി ഹൈക്കോടതി വെറുതേ വിടുകയായിരുന്നു.