Breaking News

Trending right now:
Description
 
Dec 02, 2012

ഷഫ്‌ളിംഗ്‌ വെറുമൊരു സ്ഥലംമാറ്റമല്ല, ജീവനെടുക്കുന്ന പ്രതികാരമാണ്‌

സിബി മുകേഷ്‌, രജിസ്‌ട്രേഡ്‌ നഴ്‌സ്‌
image
ഷഫ്‌ളിംഗ്‌ എന്ന പേരിലുള്ള നഴ്‌സുമാരെ സ്ഥലം മാറ്റുമ്പോള്‍ ഇതില്‍ വലിയ കാര്യമുണ്ടെന്ന്‌ സാധാരണക്കാര്‍ക്കു തോന്നില്ല. രോഗികള്‍ക്ക്‌ മെച്ചപ്പെട്ട പരിചരണം നല്‌കാനാണ്‌ സ്ഥലംമാറ്റം എന്നാണ്‌ മാനേജ്‌മെന്റ്‌ പലപ്പോഴും പറയുക. എന്ത്‌ ഉദ്ദേശ്യം മനസില്‍ ഒളിപ്പിച്ചാണ്‌ ഈ സ്ഥലംമാറ്റം എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. നഴ്‌സിന്റെ ജോലിയേയും രോഗിയുടെ ജീവനേയും എടുത്തു പന്താടാനാണ്‌ മാനേജ്‌മെന്റ്‌ പലപ്പോഴും ഷഫ്‌ളിംഗ്‌ ഉപയോഗിക്കുന്നത്‌. 

ഒരു നഴ്‌സ്‌ പഠന കാലത്ത്‌ എല്ലാത്തരം രോഗികളെയും പരിചരിക്കാന്‍ പരിശീലനം നേടുന്നുണ്ട്‌. അതുകൊണ്ട്‌ ഏതു മേഖലയിലും ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ തയാറാകണം എന്നാണ്‌ മാനേജ്‌മെന്റ്‌ വാദം. എന്നാല്‍, ഇക്കൂട്ടര്‍ ബോണ്ട്‌ വ്യവസ്ഥയെ ന്യായീകരിക്കുമ്പോള്‍ ഇക്കാര്യം ബോധപൂര്‍വം മറക്കുന്നു. സ്ഥലംമാറ്റം ഒരു പ്രതികാര നടപടിയായാണ്‌ ഇപ്പോള്‍ മാനേജ്‌മെന്റ്‌ ഉപയോഗിക്കുന്നത്‌. വെറും ഒരു ചെറിയ പ്രതികാരമായിട്ടാണ്‌ എങ്കില്‍ കുഴപ്പമില്ലായിരുന്നു. അതിന്റെ പിന്നില്‍ പലപ്പോഴുമുള്ളത്‌ ഗൂഢലക്ഷ്യങ്ങളാണ്‌. "പുര കത്തിയാലും കുഴപ്പമില്ല, എലി ചത്താല്‍ മതി" എന്ന നയമാണ്‌ ഇപ്പോള്‍ മാനേജ്‌മെന്റ്‌ ഉപയോഗിക്കുന്നത്‌. സിബി മുകേഷ്‌

നഴ്‌സിംഗ്‌ പഠനകാലത്ത്‌ ഓരോ വിദ്യാര്‍ത്ഥിയേയും പറഞ്ഞു പഠിപ്പിക്കുന്നത്‌ അവര്‍ പ്രഫഷണലുകളാണ്‌ എന്നാണ്‌. എന്നാല്‍ നിലവില്‍ കേരളത്തിലെ സാഹചര്യത്തില്‍ നഴ്‌സ്‌ ഒരു തൊഴിലാളി എന്ന നിലയില്‍ മാത്രമാണ്‌ കരുതപ്പെടുന്നത്‌. 1948-ലെ തൊഴില്‍ത്തര്‍ക്ക പരിഹാര നിയമം സെക്ഷന്‍ 9 എ അനുസരിച്ച്‌ ഒരു തൊഴിലാളിയെ തൊഴില്‍സ്ഥലത്തുനിന്ന്‌ മാറ്റണമെങ്കില്‍ 21 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ്‌ നല്‌കണം. എന്നാല്‍, കേരളത്തില്‍ ഒരു സ്വകാര്യ മാനേജ്‌മെന്റും ഈ നിയമം പാലിക്കുന്നില്ല. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവിടുന്ന്‌ കിട്ടുന്ന മറുപടി വിചിത്രമാണ്‌. ഹ്യൂമന്‍ റിസോഴ്‌സ്‌ സെല്‍ എന്ന പുതിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ നഴ്‌സുമാരുടെ സ്ഥലംമാറ്റത്തെക്കുറിച്ച്‌ പുതിയ മാര്‍ഗരേഖകള്‍ വരും എന്നുമാണ്‌. 

അപ്പോഴും ഉത്തരം കിട്ടാതെ ഒരു ചോദ്യം ബാക്കിയാവുന്നു. 1948-ല്‍ നിലവില്‍ വന്ന ഒരു നിയമവും 2009-ല്‍ നിലവില്‍ വന്ന മിനിമം വേതനവും സ്വകാര്യ മാനേജ്‌മെന്റുകളെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഇനി വരുന്ന മാര്‍ഗനിര്‍ദ്ദേശം എങ്ങനെയാണാവോ നടപ്പിലാക്കാന്‍ പോകുന്നത്‌. ഇതിനൊക്കെപ്പുറമെ നിലവില്‍ ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ 1986-ല്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഒരു നഴ്‌സ്‌ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഓരോ മേഖലയിലും ഒരാഴ്‌ചത്തെ പരിശീലനം കൊടുക്കണമെന്നും അതിനുശേഷം മാത്രമേ ഒരു മേഖലയില്‍ സ്ഥിരമായി നിയമിക്കാന്‍ പാടുളളൂ എന്നുമാണ്‌ ഇത്‌. എന്നാല്‍, ഇക്കാര്യം മാനേജ്‌മെന്റ്‌ ഗൗനിക്കുന്നതേയില്ല. 

സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച്‌ വി.എസ്‌. ശിവകുമാര്‍ ആരോഗ്യമന്ത്രിയായതിനുശേഷം ഈ സര്‍ക്കാര്‍ ഒരു ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. അതില്‍ പറയുന്നത്‌ ഒരു മാസമെങ്കിലും കഴിയാതെ ഒരു നഴ്‌സിനെ ഒരു മേഖലയില്‍നിന്നും മറ്റൊരു മേഖലയിലേയ്‌ക്ക്‌ മാറ്റാന്‍ പാടില്ല എന്നാണ്‌. ഈ നിയമം ഉപയോഗിച്ച്‌ വേണമെങ്കില്‍ നഴ്‌സിനെ ഒരു മാസം കഴിയുമ്പോള്‍ സ്ഥലംമാറ്റാം. എന്നാല്‍, ഇത്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കാറില്ല. സ്ഥലംമാറ്റുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ വളരെ വ്യക്തമായി അറിയാവുന്നതുകൊണ്ടാണിത്‌. എന്നിട്ടും എന്തുകൊണ്ട്‌ സ്വകാര്യ ആശുപത്രികളില്‍ സ്ഥലംമാറ്റം നടക്കുന്നു. 

എന്തിനാണ്‌ മാനേജ്‌മെന്റ്‌ സ്ഥലം മാറ്റുന്നത്‌? കൂടുതല്‍ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ മനസിലാവുന്നത്‌. ഒരു നഴ്‌സിനെ ജോലിയില്‍നിന്നും പിരിച്ചുവിടണം എങ്കില്‍ ആദ്യം അയാളെ സ്ഥലം മാറ്റും. ഉദാഹരണത്തിന്‌ ഗൈനക്കോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ മെഡിക്കല്‍ ഐസിയുവിലേയ്‌ക്കു മാറ്റും. എന്നിട്ട്‌ ഒറ്റയ്‌ക്കോ അല്ലെങ്കില്‍ പ്രവര്‍ത്തി പരിചയം കുറവുള്ള ഒരു നഴ്‌സിന്‌ ഒപ്പമോ ഡ്യൂട്ടിക്കിടും. അത്യാസന്ന നിലയില്‍ ഒരു രോഗി വന്നാല്‍ പുതിയതായി ഐസിയുവിലേയ്‌ക്ക്‌ വന്ന നഴ്‌സിന്‌ മരുന്ന്‌ എവിടെ എന്നു പോലും അറിയാന്‍ വഴിയില്ല. ഇതേ കാരണത്താല്‍ രോഗിക്ക്‌ എന്തും സംഭവിക്കാം. എന്നിട്ട്‌ ഈ കാരണം പറഞ്ഞ്‌ ആ നഴ്‌സിനെ ജോലിയില്‍നിന്നും പുറത്താക്കും. രോഗിക്ക്‌ സംഭവിക്കുന്നതിന്‌ നഴ്‌സ്‌ ആണോ അതോ മാനേജ്‌മെന്റ്‌ ആണോ ഉത്തരവാദി എന്ന്‌ തിരിച്ചറിയണം. 

അത്യാഹിത വിഭാഗങ്ങളില്‍ ജോലി നോക്കുന്ന നഴ്‌സുമാര്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ടാകും. അതു കൂടാതെ പല ആശുപത്രികളിലും ഗുരുതരാവസ്ഥയില്‍ വരുന്ന രോഗികളെ ചികിത്സിക്കുന്നത്‌ പല രീതികളില്‍ ആണ്‌. പെട്ടെന്ന്‌ ഒരു ദിവസം അവിടെ ജോലിക്ക്‌ ചെല്ലുന്ന നഴ്‌സിന്‌ ഇതൊന്നും അറിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രതികാര നടപടികള്‍ രോഗികളുടെ ജീവനെടുക്കും. എന്നിട്ടോ, രോഗി മരിച്ചത്‌ നഴ്‌സിന്റെ ശ്രദ്ധക്കുറവ്‌ മൂലമാണ്‌ എന്നു പറഞ്ഞ്‌ നഴ്‌സിനെ പുറത്താക്കും. 

ഈ കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന ഒരു നഴ്‌സിനെ പീഡിയാട്രിക്‌ വിഭാഗത്തിലേയ്‌ക്കു മാറ്റി. ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ സ്ഥലംമാറ്റത്തിലെ വഞ്ചന മനസിലാക്കാതെ അടുത്ത ദിവസം മുതല്‍ പുതിയ വാര്‍ഡില്‍ നഴ്‌സ്‌ ജോലിക്ക്‌ പോയി. രാത്രിയില്‍ ഒറ്റയ്‌ക്കു ഡ്യൂട്ടിയില്‍ ആയിരുന്ന സമയത്ത്‌ ഒരു കുഞ്ഞിനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഉടന്‍തന്നെ നഴ്‌സ്‌ ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടര്‍ വന്നപാടെ നഴ്‌സിനെ കുറെ ചീത്ത പറഞ്ഞു. ഇതുകണ്ട്‌ കുഞ്ഞിന്റെ ബന്ധുക്കള്‍ നഴ്‌സ്‌ കുറ്റക്കാരിയാണ്‌ എന്നു കരുതി മാനേജ്‌മെന്റിന്‌ പരാതി കൊടുത്തു. മാനേജ്‌മെന്റ്‌ ഇത്‌ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവര്‍ ആ നഴ്‌സിനെ അടുത്ത ദിവസം പുറത്താക്കി. ഈ സാഹചര്യത്തില്‍ അവിടെ ജോലി ചെയ്‌തിരുന്നത്‌ ആ ഡോക്ടറിന്റെ ചികിത്സാരീതികളും പെരുമാറ്റരീതികളും അറിയാവുന്ന നഴ്‌സ്‌ ആയിരുന്നുവെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. 

മാനേജ്‌മെന്റിന്റെ ഈ ക്രൂര നടപടിയെ ശക്തമായി എതിര്‍ക്കുക. ഇനിയും ഒരു നഴ്‌സിനെയും ബലിയാടാകാന്‍ അനുവദിക്കരുത്‌.