Breaking News

Trending right now:
Description
 
Jan 05, 2015

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനം ഓള്‍ഡ് ഗോവയില്‍ സമാപിച്ചു

തോമസ് മത്തായി കരിക്കംപള്ളില്‍
image ഓള്‍ഡ് ഗോവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. പത്തുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന 17-ാമതു പൊതുദര്‍ശനത്തിനാണ് 2015 ജനുവരി നാലിനു ഞായറാഴ്ച സമാപനമായത്. കഴിഞ്ഞ നവംബര്‍ 22-നാണ് പൊതുദര്‍ശനം ആരംഭിച്ചത്.

പൂജ്യശരീരം സ്ഥിരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസിലിക്കയില്‍ നിന്നു സമീപത്തുള്ള സീ കത്തീഡ്രലിലെ അള്‍ത്താരയിലേക്കു മാറ്റിയായിരുന്നു പൊതുദര്‍ശനം. ദര്‍ശനദിനങ്ങള്‍ കഴിഞ്ഞതോടെ പൂജ്യശരീരം തിരികെ ബോം ജീസസ് ബസിലിക്കയിലെ സ്മാരകസൗധത്തിലേക്കു എഴുന്നുള്ളിച്ചു.

പുജ്യശരീരം തിരികെ ബോം ജീസസ് ബസിലിക്കയിലേക്കു സംവഹിക്കുന്നതിനു മുന്‍പ് ഗോവ, ദാമന്‍ ആര്‍ച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ പ്രാര്‍ഥന നടത്തി. പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ഇന്ത്യയിലെ അപ്പസ്‌തോലിക് നുന്‍ഷ്യോ ആര്‍ച്ചബിഷപ് സാല്‍വത്തോറെ പിനാക്കിയോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗുജറാത്ത് ഗാന്ധിനഗര്‍ ആര്‍ച്ച്ബിഷപ് സ്റ്റാന്‍സിലാവുസ് ഫെര്‍ണാണ്ടസ്, രാജസ്ഥാന്‍ ജയ്പൂര്‍ ആര്‍ച്ചബിഷപ് ഓസ്വാള്‍ഡ് ലൂയിസ്, അഗര്‍ത്തല ആര്‍ച്ച്ബിഷപ് ല്യൂമെന്‍ മൊണ്ടെയ്‌രോ, സിന്ധുദുര്‍ഗ് ആര്‍ച്ച് ബിഷപ് ആല്‍വിന്‍ ബരേറ്റോ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. പൊതുദര്‍ശനം സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കുള്ള സന്തോഷം നേരത്തേ ആര്‍ച്ചബിഷപ് സാല്‍വത്തോറെ പിനാക്കിയോ പങ്കുവച്ചിരുന്നു.

നാല്പ്പത്തിനാലു ദിവസത്തെ പൊതുദര്‍ശനത്തിനിടയില്‍ ദിവസവും ഓരോ ലക്ഷം ഭക്തര്‍ എങ്കിലും എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ദര്‍ശനം നടത്തിയവരുടെ എണ്ണം കൃത്യമായി അധികൃതര്‍ ഔപചാരികമായി പുറത്തുവിട്ടിട്ടില്ല. ആദ്യദിവസങ്ങളില്‍ പള്ളി അധികൃതര്‍ കണക്കെടുക്കുന്നുണ്ടായിരുന്നുവെങ്കിലും പിന്നീട് പോലീസാണ് കണക്കെടുത്തതായി പറയുന്നത്. ഏതായാലും എത്തിയവരുടെ എണ്ണത്തെക്കുറിച്ചു കൃത്യതയില്ല.

സമാപനദിവസത്തിന്റെ തലേന്നാള്‍ തീര്‍ഥാടകരുടെ തിരക്ക് ഏറെയായിരുന്നു. സാധാരണ രാത്രി ഏഴു മണി വരെയുള്ള ദര്‍ശനം അതിനാല്‍ രാത്രി 10 വരെ നീട്ടി. എല്ലാ പൊതുദര്‍ശന വേളയിലും ആവര്‍ത്തിക്കുന്നതു പോലെ ഇതു അവസാനത്തെ പൊതുദര്‍ശനമായിരിക്കുമെന്നു പരന്ന കിംവദന്തി അധികൃതര്‍ നേരത്തേ തള്ളിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ദര്‍ശന ദിവസങ്ങള്‍ നീട്ടുമെന്നായിരുന്നു അവസാന ദിവസങ്ങളിലെ കേട്ടുകേള്‍വി. ചില തത്പരകക്ഷികളാണ് ഇത്തരം വായ്‌മൊഴിയിലുള്ള വാര്‍ത്തകള്‍ക്കു പിന്നിലെന്നു നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊതുദര്‍ശന ദിനങ്ങളില്‍ സര്‍ക്കാര്‍ അധികാരികള്‍ ശുദ്ധജലവും വൈദ്യുതിയും തടസ്സം കൂടാതെ ഉറപ്പാക്കി. എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ അടക്കം മൂന്നൂറു പേര്‍ ദിവസവും സേവനസന്നദ്ധരായുണ്ടായിരുന്നു. പ്രായമായവരേയും ഭിന്നശേഷിയുള്ളവരെയും സഹായിക്കാന്‍ നൂറോളം വീല്‍ ചെയറുകള്‍ തള്ളാന്‍ സ്‌കൗട്ട്‌സ്, ഗൈഡ്‌സ് വിദ്യാര്‍ഥികളും സദാ രംഗത്തുണ്ടായിരുന്നു.


ഫോട്ടോ

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനം സമാപിച്ച് പൂജ്യശരീരം തിരികെ ഓള്‍ഡ് ഗോവ ബോംജീസസ് ബസിലിക്കയിലേക്കു സംവഹിക്കുന്നതിനു മുന്നോടിയായി സീ കത്തീഡ്രലില്‍ ഗോവ, ദാമന്‍ ആര്‍ച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ പ്രാര്‍ഥന നടത്തുന്നു.