Breaking News

Trending right now:
Description
 
Jan 04, 2015

യാതൊരു സേവനവും നല്കാതെ മാനദണ്ഡമില്ലാത്ത പിരിവുകാര്‍

image ആലപ്പുഴ: റോഡുകളുടെ അരികില്‍ ഫീസ് നല്കാതെ വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വ്യാപകമായി ഒരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നു സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, കണ്‍വീനര്‍ അഡ്വ. വി.മഹേന്ദ്രനാഥ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇപ്പോള്‍ ഒരിടത്തും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനാകാത്ത അവസ്ഥയിലേക്കു നീങ്ങുകയാണ്. എല്ലായിടത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അല്ലാത്തയിടങ്ങളില്‍ പേ പാര്‍ക്കിംഗ് മാത്രമേയുള്ളുതാനും. സ്ഥാപനങ്ങളുടെ മുന്നിലുള്ള റോഡരികുകള്‍ അതാതു സ്ഥാപനങ്ങള്‍ മറ്റുള്ളവരെ ഒഴിവാക്കി സ്വന്തം പാര്‍ക്കിംഗിനായി മാറ്റിയിരിക്കുന്നതും കാണാം. അത് മിക്കപ്പോഴും തര്‍ക്കങ്ങള്‍ക്കു വഴിതെളിക്കുന്നു. ഇവിടെ പാര്‍ക്കു ചെയ്യാം എന്ന ബോര്‍ഡു കേരളത്തില്‍ ഒരിടത്തും വഴിയില്‍ കാണാനില്ല. എന്നാല്‍ ഗോവയടക്കമുള്ള പല മറ്റു സംസ്ഥാനങ്ങളിലും സ്ഥലസൗകര്യമുള്ളയിടങ്ങളിലെല്ലാം പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ക്കു വന്‍ നികുതി നല്കുന്നതു കൂടാതെ പതിനഞ്ചു വര്‍ഷത്തെ റോഡ് ടാക്‌സ് മുന്‍കൂര്‍ അടച്ചതിനു ശേഷം മാത്രമേ വാഹനങ്ങള്‍ റോഡിലിറക്കാന്‍ അധികൃതര്‍ അനുവദിക്കൂ. റോഡ് ഉപയോഗിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും കൂടി വേണ്ടിയാണ് ആ തുകയെന്നു അനുമാനിക്കാം. ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്കിയാണ് ഇന്ധനം വാങ്ങുന്നത്. കൂടാതെ ടോളുകള്‍ വേറെ.

വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പാടാക്കണമെന്നു നിയമമുണ്ടെങ്കിലും മിക്കവരും അതു പാലിച്ചു കാണുന്നില്ല. പ്ലാനില്‍ അതിനായി സൂചിപ്പിച്ചിരിക്കുന്ന സ്ഥലം മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുകയാണ് പതിവ്. അതു കര്‍ശനമായി പരിശോധിക്കണം. വാഹനങ്ങള്‍ ഏറെയെത്തുന്ന സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ എത്രയും വേഗം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. അങ്ങനെയായാല്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ സൂക്ഷിക്കാനാകും. ഹൗസ് ബോട്ടുകളുടെയും മോട്ടോര്‍ ബോട്ടുകളുടെയും എണ്ണം വര്‍ധിക്കുന്നതോടു കൂടി അവയുടെ ജലത്തില്‍ തീരത്തോടു ചേര്‍ന്നുള്ള ആങ്കറിംഗും സ്ഥലക്കുറവിനാല്‍ പ്രശ്‌നമായി മാറുകയാണ്.

ആവശ്യമായ യാതൊരു സേവനവും നല്കാതെയും ഒരു മാനദണ്ഡവുമില്ലാതെയുമാണ് പാര്‍ക്കിംഗിനായി സര്‍ക്കാര്‍ സംവിധാനങ്ങളിലടക്കം ഫീസ് ഈടാക്കുന്നത്. സേവനം നല്കാതെയുള്ള വെറും ഫീസ് പിരിവ് തികച്ചും അന്യായവും നിയമവിരുദ്ധവുമാണ്. എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമടക്കം ഇതു കാണാം. കൂടുതല്‍ വാഹനങ്ങള്‍ സാധാരണയെത്തുന്ന ബീച്ചുകള്‍ ഉള്‍പ്പടെയുള്ള പൊതുയിടങ്ങളിലെല്ലാം ഒരു കാര്യവുമില്ലാതെ ഏതെങ്കിലുമൊരു ഏജന്‍സി പിരിവ് ആരംഭിക്കുയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പോലും സ്വകാര്യ സംവിധാനങ്ങളിലൂടെയാണ് പിരിവ്. അതിനാല്‍ ദര്‍ഘാസ് ചെറുതുകയ്ക്കു നല്കി സ്വകാര്യവ്യക്തികള്‍ക്കു വന്‍ പിരിവിനു അവസരമൊരുക്കി നല്കുകയാണ് എല്ലായിടങ്ങളിലും. അത് പൊതുസൗകര്യ വികസന കാര്യങ്ങള്‍ക്കു ഉപയോഗപ്പെടുത്തുന്നില്ല. പിരിവുകാരല്ലാതെ ഒരിടത്തും ആവശ്യമായ മേല്‍ക്കൂരയോ സംരക്ഷണ സംവിധാനങ്ങളോ മേല്‍നോട്ടക്കാരോ കാണാറില്ല. വെയിലും മഴയും കൊണ്ടും പക്ഷിക്കാഷ്ടം വീണും ഇന്ധനം മോഷ്ടിക്കപ്പെട്ടും കിടക്കുന്ന വാഹനങ്ങള്‍ക്കും ഫീസ് കൊടുക്കേണ്ട ഗതികേടാണ്. ആള്‍ക്കാര്‍ കൂടുന്ന ഉത്സവ, ആഘോഷവേളകളില്‍ വഴിയിറമ്പുകള്‍ സ്വകാര്യവ്യക്തികള്‍ വളച്ചുകെട്ടി പേ പാര്‍ക്കിംഗ് ബിസിനസ് ആരംഭിക്കുന്നതു പതിവാണ്. അതും ന്യായീകരിക്കാനാകില്ല.

നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉള്ളയിടങ്ങളിലാണെങ്കില്‍ പോലും ഡ്രൈവര്‍ വാഹനത്തിലുണ്ടെങ്കില്‍ നിര്‍ത്തിയിടുന്നത് ഹാള്‍ട്ട് എന്ന നിലയ്ക്കാണ് ഗണിക്കപ്പെടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഗതാഗത നിയമം തെറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ശിക്ഷ വിധിക്കാനോ പിഴ ഈടാക്കാനോ പോലീസിന് അധികാരമില്ലെന്നു ഹൈക്കോടതി വിധിയുണ്ടെങ്കിലും പലപ്പോഴും പോലീസ് അതിരുവിട്ടു പെരുമാറാറുണ്ട്. വാഹനത്തിന്റെ എന്‍ജിന്‍ സ്വിച്ച് ഓഫ് ചെയ്താല്‍ പാര്‍ക്കിംഗ് ഫീസ് നല്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പാര്‍ക്കിംഗ് ഫീസ് പിരിവുരീതി പലയിടങ്ങളിലുമുണ്ട്.

റോഡരികില്‍ ദിവസങ്ങളായി ഗതാഗതതടസ്സമുണ്ടാക്കി കേടായിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സംവിധാനം വേണം. അതുപോലെ ഓട്ടോറിക്ഷ. ടാക്‌സി വാഹനങ്ങളടക്കം നിയമപ്രകാരം പാര്‍ക്ക് ചെയ്യാവുന്നയിടത്തേ അനുവദിക്കാവൂ എന്നും കോള്‍ഫ് ആവശ്യപ്പെട്ടു. ബസുകളും ലോറികളും അടക്കമുള്ള ഹെവി വാഹനങ്ങള്‍ നിയമപ്രകാരം അവ പാര്‍ക്കു ചെയ്യേണ്ട സ്ഥാനം ഒഴിവാക്കി റോഡില്‍ത്തന്നെയിടുകയാണ് പതിവ്. വാഹനങ്ങള്‍ കടത്തിവിടാതെ റോഡുകള്‍ പോലീസ് ബ്ലോക്ക് ചെയ്തു വഴിവാണിഭത്തിനു സൗകര്യം ഒരുക്കുന്നതും നിര്‍ത്തലാക്കണം.

ദിവസേന വാഹനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഫീസുകളില്ലാതയുള്ള വാഹന പാര്‍ക്കിംഗിനു സമഗ്ര സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും എത്രയും വേഗം മുന്നോട്ടുവരുകയാണ് വേണ്ടത്. അത് ജനങ്ങളുടെ അവകാശമാണെന്നു കോള്‍ഫ് ഓര്‍മ്മിപ്പിച്ചു.


ഫോട്ടോ

റോഡുവക്കില്‍ പാര്‍ക്കിംഗിനു സൗകര്യം ഒരുക്കിയിരിക്കുന്ന ഗോവ. പനാജിയിലെ ഗോവ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നിലെ ദൃശ്യം.