Breaking News

Trending right now:
Description
 
Jan 03, 2015

കാര്‍ഷിക പ്രതിസന്ധി: കെസിബിസി സര്‍ക്കുലര്‍ ജനുവരി 4ന്‌ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വായിക്കും

image കൊച്ചി: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ കാര്‍ഷിക വിഷയങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും രാഷ്‌ട്രീയത്തിനതീതമായി നാനാജാതി മതസ്ഥരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ മൂവ്‌മെന്റ്‌ (ഇന്‍ഫാം)നെ ഇടവകകളും പഞ്ചായത്തുകളും തോറും ശക്തിപ്പെടുത്തവാനും ആഹ്വാനം ചെയ്‌തുകൊണ്ട്‌ കേരള കത്തോലിക്കാ മെത്രാന്‍ സമിതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജനുവരി 4ന്‌ കേരളത്തിലെ സീറോ മലബാര്‍, ലാറ്റിന്‍, സീറോ മലങ്കര സഭകളിലെ 30 രൂപതകളിലെയും ദൈവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിക്കും. തുടര്‍ന്നുള്ള കര്‍മ്മപരിപാടികളും ഇതോടൊപ്പം പ്രതിപാദിക്കുന്നുണ്ട്‌. കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി ഇന്‍ഫാം എപ്പിസ്‌കോപ്പല്‍ അഡൈ്വസര്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലാണ്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്‌. 2015 ജനുവരി 15 കര്‍ഷകദിനമായി ആചരിക്കുവാനും ആഹ്വാനം ചെയ്യുന്നു.
കേന്ദ്രസര്‍ക്കാരുകളുടെ കര്‍ഷകദ്രോഹപരമായ റബര്‍ ഇറക്കുമതി നയംമൂലം റബറിന്റെ വില മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയോളമായി ചുരുങ്ങി എന്നത്‌ കര്‍ഷകരുടെ സകല പ്രതീക്ഷയേയും കൃഷിയുടെ ഭാവിയേയും തകിടം മറിച്ചിരിക്കുകയാണ്‌. വ്യവസായ ലോബികളുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുവാനായി പ്രതിവര്‍ഷം ആവശ്യമായ ഇറക്കുമതിയുടെ ഏഴിരട്ടിവരെ റബര്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റബറിന്റെ ഇറക്കുമതിയിലെ വികലമായ നയങ്ങള്‍ ഉടനടി തിരുത്തപ്പെടുന്നില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന്‌ കര്‍ഷകകുടുംബങ്ങള്‍ പട്ടിണിയിലാകും. റബറിനെ വ്യവസായ ഉല്‌പന്നത്തില്‍ നിന്ന്‌ ഒഴിവാക്കി, കാര്‍ഷിക ഉല്‌പന്നമായി കണ്ട്‌ റബര്‍ തടി മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുവാന്‍ അനുവദിച്ചാല്‍ റബര്‍ കര്‍ഷകര്‍ക്ക്‌ അല്‌പമെങ്കിലും ആദായമാകും. ഉല്‌പന്നങ്ങളുടെ വിലയിടിവിനു പുറമെ സ്വന്തം കൃഷി�ഭൂമിയുടെ സ്വതന്ത്രവിനിയോഗത്തിനുവേണ്ടി ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ കമ്മീഷനുകളുടെയും ഉദ്യോഗസ്ഥലോബികളുടെയും ദയാദാക്ഷിണ്യത്തിനു കാത്തുനില്‍ക്കേണ്ട ഗതികേടും പശ്ചിമഘട്ടത്തിലെ സാധാരണ കര്‍ഷകകുടുംബങ്ങള്‍ നേരിടുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
തീരദേശനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ്‌ ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നും, ഈ വിജ്ഞാപനം മൂലം തീരദേശവാസികള്‍ക്ക്‌ വീടുകള്‍ പുതുക്കി പണിയുന്നതിനോ പുതിയ വീട്‌ നിര്‍മ്മിക്കുന്നതിനോ സാധ്യമല്ലാത്ത സാഹചര്യമാണെന്നും കെസിബിസി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും മത്സ്യസമ്പത്തും സംരക്ഷിക്കപ്പെടണം. എന്നാല്‍ കടലിന്റെയും കായലുകളുടെയും തീരങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ജനങ്ങളെ വിസ്‌മരിക്കരുത്‌. കേരളത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും തീരത്തെ ജനസാന്ദ്രതയും പരിഗണിച്ച്‌ വിജ്ഞാപനത്തിലെ വനനിര്‍മ്മാണത്തിനായുള്ള ദൂരപരിധി നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കണം. പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്‌ വെല്ലുവിളിയുയര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ ചെറുകിട മത്സ്യമേഖലയെ തകര്‍ക്കുന്നതും കടലില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്നതുമാണ്‌. ഈ സാഹചര്യത്തില്‍ രക്ഷയ്‌ക്കുള്ള ഏക പരിഹാരം മലയോരങ്ങളിലും തീരദേശങ്ങളിലും ഇടനാട്ടിലും ജീവിക്കുന്ന ജനസമൂഹം ഒരു മനസ്സോടെ സംഘടിത ശക്തിയാവണമെന്നും ആഹ്വാനം ചെയ്യുന്നു.