Breaking News

Trending right now:
Description
 
Jan 01, 2015

കേരളത്തിലെ ഇടതുപക്ഷം പുനർ നിർവചിക്കപ്പെടുന്നുവോ? --പാര്‍ട്ട് 2

കൂത്തുപറമ്പൻ
image പാര്‍ട്ട് 2

കര്‍ണാടക, ആന്ധ്രപ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച മാവോയിസ്‌റ്റുകള്‍ കര്‍ണാടകയില്‍ ആന്റി നെക്‌സല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്‌തമായതോടെ കേരളത്തിലേക്ക്‌ കടന്നു വരികയായിരുന്നു. സുരക്ഷിതമായ ഒളിത്താവളം എന്ന രീതിയിൽ മാത്രം ആദ്യം കേരളത്തെ കണ്ടിരുന്ന ഇവർ, മാവോയിസ്റ്റ് ഭീഷണി സംസ്ഥാനത്തുണ്ട് എന്ന പേരിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്നും കോടികളുടെ ഫണ്ട് വാങ്ങാൻ തുടങ്ങിയപ്പോഴാണ് മാവോയിസ്‌റ്റുകള്‍ പ്രവർത്തനം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

2004 ൽ രൂപംകൊണ്ട സി പി ഐ മാവോയിസ്‌റ്റുകള്‍ 2009 ലാണ്‌ സംസ്‌ഥാനത്തു പ്രവര്‍ത്തനം ആരംഭിച്ചത്‌. കോഴിക്കോട്‌ ജില്ലയിലെ ചൂരണിയില്‍ 2013 ഒകേ്‌ടാബര്‍ 27ന്‌ കരിങ്കല്‍ ക്വാറിയില്‍ നടത്തിയ ആക്രമണത്തോടെയാണ്‌ മാവോയിസ്‌റ്റ്‌ സംഘടന കേരളത്തിലെ മാധ്യമങ്ങളിൽ ആദ്യമായി ഇടം നേടുന്നത്. മലയാളിയായ രൂപേഷിന്റെ കീഴിലുള്ള പശ്‌ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ കീഴിലാണ്‌ സി പി ഐ മാവോയിസ്‌റ്റ്‌ , കേരളത്തിലെ സംസ്‌ഥാനത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാവോയിസ്റ്റുകള്‍ കേരളത്തില്‍ സമീപകാലംവരെ പ്രവര്‍ത്തനം നടത്തിയിരുന്നത് പോഷക സംഘടനകളിലൂടെയാണ്.

സി പി ഐ മാവോയിസ്റ്റും, സിപി ഐ എം എല്‍ നക്സല്‍ബാരിയും 2014 മെയ് ഒന്നിനു ലയിക്കുന്നതിനു മുമ്പ് എം എല്‍ നക്സല്‍ബാരിയുടെ പോഷകസംഘടനകള്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ കേരളത്തില്‍ നടത്തിയിരുന്നു. അയ്യങ്കാളിപ്പട, പോരാട്ടം, തുടങ്ങിയ ബഹുജന സംഘടനകൾ സിപി ഐ എം എല്‍ നക്സല്‍ബാരിയുടേതാണ് .2000ത്തില്‍ കോതമംഗലത്തെ വേള്‍ഡ് ബാങ്ക് പ്രൊജക്റ്റ് ഓഫിസ് ആക്രമിച്ചാണ് പോരാട്ടം എന്ന നക്സല്‍ മുന്നണി വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് 2003ല്‍ കൊച്ചിയിലെ കൊക്കക്കോള ഔട്ട്ലെറ്റും 2004ല്‍ സിറ്റി ബാങ്കിന്‍റെ കൊച്ചി ശാഖയും പോരാട്ടം പ്രവര്‍ത്തകര്‍ ആക്രമിച്ചു. നബാര്‍ഡിന്‍റെ കണ്ണൂരിലെയും കല്‍പ്പറ്റയിലെയും ഓഫിസുകള്‍ 2008ല്‍ ആക്രമിച്ചത് സി പി ഐ എം എല്‍ നക്സല്‍ബാരി പ്രവര്‍ത്തകര്‍ നേരിട്ടായിരുന്നു. വിപ്ലവസ്ത്രീവേദി പ്രസ്ഥാനം, വിപ്ലവവിദ്യാര്‍ഥി പ്രസ്ഥാനം, ഞാറ്റുവേല സാംസ്കാരിക സമിതി, എന്നുതുടങ്ങിയ ബഹുജന മുന്നണികളും സി പി ഐ എം എല്‍ നക്സല്‍ബാരിക്കുണ്ട്. കേരളത്തിലെ ഇടത് തീവ്രവാദ സംഘടനകളെ ഒന്നിപ്പിക്കാന്‍ മാവോവാദികളുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നതാണ് . 2009 ൽ തന്നെ പോരാട്ടത്തെ മാവോയിസ്റ്റിൽ ലയിപ്പിക്കാൻ സി പി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നതാണ്.

മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നഗരങ്ങളിലും വ്യാപിപ്പിച്ചുകൊണ്ട് മാവോയിസ്റ്റുകൾ മുന്നോട്ടിറങ്ങുമ്പോൾ കേരളത്തിലെ തീവ്ര ഇടതു സംഘടനകള്‍ ഏകീകരിച്ച് മാവോയ്റ്റ് പ്രസ്ഥാനത്തിന് പൂർണ്ണമായ പിന്തുണ കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ ക്കാരിലും മുഖ്യധാര ഇടതുപക്ഷത്ത് പ്രവർത്തിക്കുന്ന യുവാക്കളിലും ഒട്ടനവധി, മാവോയിസ്റ്റ് പ്രവർത്തനങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നവർ ആണ്.

ഇത്തരത്തിൽ പെട്ട യുവാക്കളെ അംഗത്വം നൽകി, സമൂഹമധ്യത്ത് ചുവട് ഉറപ്പിക്കുന്നതിനായി പുതിയ ഒരു രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുക്കാനും തീവ്ര ഇടതുസംഘടനകൾ അടുത്തിടെ നടത്തിയ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട് . പൊതു രാഷ്ട്രീയം കയ്യൊഴിഞ്ഞ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുവരികയാണ് കേരളത്തിലെ തീവ്ര ഇടതു സംഘടനകള്‍ ചെയ്തുകൊണ്ടിരുന്നത്.