Breaking News

Trending right now:
Description
 
Dec 30, 2014

ഗൂഗിളിന്റെ ഡ്രൈവര്‍ ഇല്ലാത്ത കാര്‍ പുതുവര്‍ഷത്തില്‍ നിരത്തിലിറങ്ങും

image ഗൂഗിളിന്റെ അത്ഭുതവണ്ടി പുതുവര്‍ഷത്തില്‍ നിരത്തിലിറങ്ങിയേക്കും. ഡ്രൈവര്‍ ഇല്ലാതെ ഓടിക്കാവുന്ന കാര്‍ 2015-ല്‍ നിരത്തിലിറക്കാമെന്ന പ്രതീക്ഷയിലാണ്‌ ഗൂഗിള്‍ എന്‍ജിനീയര്‍മാര്‍. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നാല്‍ ഇതിനു തടസംവരില്ലെന്നു ഗൂഗിളിന്റെ സൗഹൃദകൂട്ടായ്‌മ സൈറ്റായ ഗൂഗിള്‍ പ്ലസിലൂടെ കമ്പനി വിശദാംശങ്ങള്‍ അടുത്തിടെ പുറത്തുവിട്ടു. 2014-ല്‍ ഡ്രൈവറില്ലാത്ത കാറിന്റെ മാതൃക കമ്പനി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഇത്തരംകാറിന്റെ പണിപൂര്‍ത്തിയായ മോഡലാണ്‌ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്‌. ടാറ്റായുടെ നാനോ കാറിന്റെ മുകളില്‍ പൊലീസ്‌ ബീക്കണ്‍ലൈറ്റ്‌ പിടിപ്പിച്ചതുപോലുണ്ട്‌ ഗൂഗിളിന്റെ പുതിയ കാര്‍. നിരവധി പരീക്ഷണത്തിനുശേഷമാണ്‌ ഇത്തരമൊരു മോഡല്‍ സൃഷ്ടിച്ചതെന്നും ഈ ക്രിസ്‌മസ്‌ കാലം മുഴുവന്‍ ടെസ്റ്റ്‌ ട്രാക്കില്‍ കാറിന്റെ പരീക്ഷണ ഓട്ടം നടത്തുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. റഡാര്‍ അടക്കമുള്ള സെന്‍സറുകളില്‍നിന്നും ലേസര്‍ സംവിധാനത്തില്‍നിന്നും കാമറകളില്‍നിന്നുമായി ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച്‌ ഓണ്‍-ബോര്‍ഡ്‌ കംപ്യൂട്ടറാണ്‌ കാര്‍ ഓടിക്കുക. ഗൂഗിള്‍ കാറില്‍ സ്‌റ്റാര്‍ട്ട്‌, എന്‍ഡ്‌ ബട്ടണുകളില്ലാതെ മറ്റു യാതൊരു നിയന്ത്രണ സംവിധാനങ്ങളുമില്ല. രണ്ടു പേര്‍ക്ക്‌ സുഖമായി യാത്രചെയ്യാനാവും. ഡാഷ്‌ബോര്‍ഡില്‍ തെളിയുന്ന ഗൂഗിള്‍ മാപ്പില്‍ പോകേണ്ട സ്ഥലം രേഖപ്പെടുത്തിയാല്‍ മാത്രംമതി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രമേ ഈ ഇലക്ട്രിക്‌ കാറിന്‌ വേഗത ഉണ്ടാവൂ. പരീക്ഷണാര്‍ഥം ഓടിച്ചശേഷം പിഴവുകളെല്ലാം പരിഹരിച്ച്‌ 2017-ല്‍ വ്യാപാരാടിസ്ഥാനത്തില്‍ ഗൂഗിള്‍ കാറുകള്‍ വിപണിയിലെത്തും. അതായത്‌ ആവശ്യക്കാര്‍ക്ക്‌ അന്നുമാത്രമേ പണംചിലവഴിച്ച്‌ കാറുകള്‍വാങ്ങി ഉപയോഗിക്കാനാവൂ.