Breaking News

Trending right now:
Description
 
Dec 26, 2014

പ്രമേഹരോഗികള്‍ ശ്രദ്ധിക്കുക.... പ്രായം അറിഞ്ഞ്‌ വ്യായാമം നിര്‍ബന്ധം

image പ്രമേഹ ചികിത്സയില്‍ വ്യായാമത്തിനു വളരെയേറെ പ്രാധാന്യമുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ സമ്മതിക്കുന്നുണ്ട്‌. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്‌ക്കുന്നതിനും മാംസപേശികളുടെയും ഹൃദയത്തിന്റെയും ഞരമ്പുകളുടെയും മെച്ചപ്പെട്ട ആരോഗ്യത്തിനും വ്യായാമം വളരെ പ്രയോജനപ്രദമാണ്‌. എന്നാല്‍, പ്രായം അറിഞ്ഞുവേണം വ്യായാമം ചെയ്യേണ്ടത്‌. പ്രമേഹരോഗികള്‍ ചെയ്യുന്ന വ്യായാമത്തിന്റെ സമയവും കാഠിന്യവും രോഗിയുടെ പ്രായം, രോഗത്തിന്റെ അവസ്ഥ തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കണം. പ്രമേഹരോഗികളില്‍ അമിതമായ രക്തസമ്മര്‍ദ്ദമോ ഹൃദ്രോഗമോ ഉള്ളവര്‍ കഠിന വ്യായാമം ഒഴിവാക്കണം. 60 വയസിനുമേല്‍ പ്രായമുള്ള പ്രമേഹരോഗികള്‍ കഠിനാധ്വാനം ഒഴിവാക്കുകയാണ്‌ ഉത്തമം. പ്രത്യേകിച്ചും ശ്വാസംപിടിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍. അമിതമായ ഭാരം ഉയര്‍ത്തുക, ശ്വാസം പിടിച്ചു നിര്‍ത്തിക്കൊണ്ടു എന്തെങ്കിലും വലിച്ചുപ്പൊക്കുക, വലിയ കയറ്റങ്ങള്‍ വേഗത്തില്‍ കയറുക, പടികള്‍ കയറുക തുടങ്ങിയവ കഴിവതും ഒഴിവാക്കണം. എന്നാല്‍ ചെറുപ്പക്കാരും ഹൃദ്രോഗികളുമല്ലാത്ത പ്രമേഹരോഗികള്‍ക്ക്‌ ഓട്ടം, ചാട്ടം, നീന്തല്‍, കളികള്‍ തുടങ്ങിയ ഇഷ്ടമുള്ള എന്തുവ്യായാമവും ചെയ്യാം. വ്യായാമം ചെയ്യുമ്പോള്‍ പ്രമേഹരോഗികള്‍ക്കു രക്തത്തിലെ ഗ്ലൂക്കോസ്‌ കുറഞ്ഞുപോകാനിടയുണ്ട്‌. പ്രത്യേകിച്ചു കഠിനാധ്വാനം ചെയ്യുമ്പോള്‍. അതിനാല്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യാനിടയായാല്‍ ആഹാരം കൂടുതല്‍ കഴിക്കണം. ഇന്‍സുലിന്റെയോ ഗുളികയുടെയോ അളവു കുറയ്‌ക്കുകയും വേണം. കഴിയുമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ട്‌. ഗ്ലൂക്കോസോ എന്തെങ്കിലും മധുരസാധനമോ കൈയില്‍ കരുതുകയും വേണം. തളര്‍ച്ച, കാഴ്‌ചമങ്ങല്‍, തലകറക്കം, ക്ഷീണം, വിയര്‍പ്പ്‌, നെഞ്ചിടിപ്പ്‌ തുടങ്ങിയവ ഗ്ലൂക്കോസ്‌ കുറയുന്ന ലക്ഷണങ്ങളാണ്‌. ഇങ്ങനെ ഉണ്ടായാല്‍ ഗ്ലൂക്കോസോ മധുരസാധനമോ ഉടന്‍ കഴിക്കുകയും വേണം.