Breaking News

Trending right now:
Description
 
Dec 25, 2014

വിവാദചിത്രം ദ ഇന്റര്‍വ്യൂ ഇന്ന്‌ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തും

image പ്രദര്‍ശനത്തിനു മുമ്പ്‌ വിവാദത്തില്‍പെട്ട ദ ഇന്റര്‍വ്യൂ ഇന്ന്‌ അമേരിക്കയിലെ ചില തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സാണ്‌ ഇക്കാര്യം വ്യ്‌ക്തമാക്കിയത്‌. ദക്ഷിണകൊറിയ നേതാവ്‌ കിംജോങ്‌ ഉന്നിനെ കളിയാക്കുന്ന രീതിയില്‍ ചിത്രീകരിച്ച സിനിമയാണ്‌ ദ ഇന്റര്‍വ്യൂ. തുടക്കം മുതലേ ചിത്രം വിവാദത്തില്‍പെട്ടിരുന്നു. സിനിമയുടെ ഭാഗങ്ങള്‍ ചിലര്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന്‌ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ വാക്‌ പോരുവരെയുണ്ടായി. ചിത്രം ചോര്‍ത്തിയത്‌ വടക്കന്‍കൊറിയ തന്നെയാണെന്നാണ്‌ അമേരിക്കയുടെ ആരോപണം. ഇതേതുടര്‍ന്ന്‌ ക്രിസ്‌മസ്‌ ദിനത്തിലെ റിലീസ്‌ നിര്‍മാതാക്കള്‍ മാറ്റിവയ്‌ക്കുകയും ചെയ്‌തു. ഇത്‌ വിമര്‍ശനം ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ പുനര്‍തീരുമാനം എടുക്കാന്‍ സോണി പിക്‌ചേഴ്‌സ്‌ തയാറായി. യുഎസിലെ തിരഞ്ഞെടുത്ത ഏതാനും തീയറ്ററുകളിലാണ്‌ ദ ഇന്റര്‍വ്യൂ ഇന്നു പ്രദര്‍ശനത്തിന്‌ എത്തുന്നത്‌. സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ ഇരുന്നൂറോളം തീയറ്ററുകള്‍ മുന്നോട്ടുവന്നുവെങ്കിലും ഏതാനും തീയറ്ററുകളിലായി ഒന്നാംഘട്ട പ്രദര്‍ശനം നടത്താനായിരുന്നു സോണിയുടെ തീരുമാനം. ഹാക്കര്‍ ആക്രമണത്തെതുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കുമിടയിലെ സുപ്രധാന വഴിത്തിരിവിന്‌ വൈറ്റ്‌ ഹൗസിന്റെ എല്ലാവിധ പിന്തുണയുമുണ്ട്‌. 2500 തീയറ്ററുകളില്‍ ദ ഇന്റര്‍വ്യൂ റിലീസ്‌ ചെയ്യാനാണിരുന്നത്‌.