Breaking News

Trending right now:
Description
 
Dec 23, 2014

കലൂര്‍ രാജ്യാന്തര മൈതാനിയില്‍ വസന്തോത്സവത്തിന് തുടക്കം

image കൊച്ചി: ആഘോഷരാവുകള്‍ക്ക് ചാരുതയേകി വസന്തോത്സവത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം മൈതാനിയില്‍ തിരശ്ശീല ഉയര്‍ന്നു. നവവത്സരരാവ് വരെ നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇനി സ്റ്റേഡിയം മൈതാനം സാക്ഷ്യം വഹിക്കുക. ഒപ്പം വിവിധ പ്രദര്‍ശനങ്ങളും. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ക്രിസ്മസ്, നവവത്സരാഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് വസന്തോത്സവം ഉദ്ഘാടനം ചെയ്തു.

കൊച്ചി നഗരത്തിന്റെയും സമീപപ്രദേശങ്ങളുടെയും മുഖഛായ മാറ്റുന്ന മെട്രോ റെയില്‍ പദ്ധതി നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ജനസംഖ്യ കൊണ്ടും വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങളാലും തലസ്ഥാനത്തിന് സമാനമായ ജില്ല എന്ന നിലയില്‍ എറണാകുളത്തിന് അര്‍ഹമായതെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കുന്നുണ്ട്. കൊച്ചിയുടെ വികസനത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.


വസന്തോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുഷ്പമേളയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഫേ കുടുംബശ്രീ ഭക്ഷ്യമേള ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. വ്യാപാര വിപണന മേള, അലങ്കാര മത്സ്യപ്രദര്‍ശനം എന്നിവയ്ക്കും ഇതോടൊപ്പം തുടക്കമായി. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, സബ് കളക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ എസ്. സുഹാസ്, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ടാനി തോമസ് എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

വസന്തോത്സവത്തിന്റെ ആദ്യദിവസം തന്നെ ആയിരക്കണക്കിനാളുകളാണ് പ്രദര്‍ശന നഗരിയിലെത്തിയത്. പൂക്കളാല്‍ തീര്‍ത്ത മെട്രോ ട്രെയിനിന്റെ മാതൃകയും മൃഗ, പക്ഷി രൂപങ്ങളും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ആയിരം കിലോഗ്രാം തൂക്കം വരുന്ന മരച്ചീനിയും കയര്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവും കാഴ്ചക്കാര്‍ക്ക് കൗതുകമേകി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ള കഫെ കുടുംബശ്രീ ഭക്ഷ്യമേളയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

 സംസ്ഥാനത്തിന്റെ മൊത്തം ഭക്ഷണ വൈവിധ്യങ്ങളും രുചികരമായ നാലുമണിപ്പലഹാരങ്ങളും അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നതാണ് ഈ ഭക്ഷ്യമേള. ദിവസവും വൈകിട്ട് ആറിന് കലാപരിപാടികളും അരങ്ങേറും.