Breaking News

Trending right now:
Description
 
Dec 23, 2014

നിര്‍ബന്ധിത മതപരിവര്‍ത്തനം ഭാരതത്തെ ഭ്രാന്താലയമാക്കും: ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്യൂണിറ്റി

image
കൊച്ചി: ജനങ്ങളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും അക്രമങ്ങള്‍ അഴിച്ചുവിട്ടും മതപരിവര്‍ത്തനം നടത്തുന്നത്‌ ഭാരതത്തെ ഭ്രാന്താലയമാക്കുമെന്നും നിര്‍ബന്ധ മതപരിവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പുസമയത്തു പ്രഖ്യാപിച്ച രാജ്യത്തിന്റെ വികസന അജണ്ടയുടെ ഭാഗമാണോയെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ലോകജനസംഖ്യയുടെ 34 ശതമാനം ക്രൈസ്‌തവരാണ്‌. ഇത്‌ ഭാരതത്തിലെ മൊത്തജനസംഖ്യയുടെ ഇരട്ടിയിലേറെയുമാണ്‌. ഇന്ത്യയിലെ കേരളമുള്‍പ്പെടെ ഏതെങ്കിലും സംസ്ഥാനത്ത്‌ ഏതാനും കുടുംബങ്ങള്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്‌ വിധേയമായാല്‍ തകരുന്നതല്ല ക്രിസ്‌ത്യാനിറ്റി. തുമ്മിയാല്‍ തെറിക്കുന്ന വിശ്വാസമല്ല യഥാര്‍ത്ഥ ക്രൈസ്‌തവരുടേതെന്ന്‌ വ്യക്തമാക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റുമുണ്ട്‌. ഇറാക്കിലും സിറിയയിലും വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികളുടെ ചിത്രം ഇന്നും ക്രൈസ്‌തവ മനസുകളില്‍ ദുഃഖവും വികാരവുമായി നിലനില്‍ക്കുകയാണ്‌. വിശ്വാസം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവുമാണ്‌. ഭീഷണിയിലൂടെയല്ല, മറിച്ച്‌ സ്‌നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉദ്‌ബോധനങ്ങളിലൂടെയും പങ്കുവയ്‌ക്കേണ്ടതാണ്‌ മതവിശ്വാസങ്ങള്‍. അതിനു ശ്രമിക്കാതെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്‌ അരക്ഷിതാവസ്‌ഥകള്‍ സൃഷ്‌ടിക്കപ്പെടും. നിയമങ്ങളേപ്പോലും വെല്ലുവിളിച്ച്‌ അധികാരകേന്ദ്രങ്ങളുടെ അംഗീകാരത്തോടെയുള്ള നിര്‍ബന്ധമതപരിവര്‍ത്തന ശ്രമങ്ങള്‍ ഭീകരവാദം വളര്‍ത്തുകമാത്രമല്ല, വര്‍ഗീയ വാദികളുടെ ഇംഗിത നടത്തിപ്പിനായി നിര്‍ദോഷികളായ ജനങ്ങളുടെ ചോരപ്പുഴയൊഴുകുന്നതിനിടയാകും. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം നിലനില്‍ക്കുവാനും സമാധാനജീവിതം ഉറപ്പുവരുത്തുവാനും പൊതുസമൂഹം ഉണര്‍ന്നു ചിന്തിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.