Breaking News

Trending right now:
Description
 
Dec 18, 2014

ഗോവ മെഡിക്കല്‍ കോളജ് മാഗസിനില്‍ മലയാളം

തോമസ് മത്തായി കരിക്കംപള്ളില്‍
image ബംബോളിം, ഗോവ: സംസ്ഥാന തലത്തില്‍ കോളജ് മാഗസിനുകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം പല പ്രാവശ്യം നേടിയിട്ടുള്ള ഗോവ മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് മാഗസിനിന്റെ 2014 പതിപ്പില്‍ മലയാളം വിഭാഗവും. ആദ്യമായിട്ടാണ് മാഗസിനില്‍ മലയാളം ഉള്‍പ്പെടുത്തുന്നത്. ഗോവയിലെ മറ്റു കോളജ് മാഗസിനുകള്‍ വച്ചുനോക്കുമ്പോഴും ഇതു പുതുമയാണ്.

ഗോമികോ 14 സെഫര്‍ (മന്ദസമീരന്‍) എന്നു പേരിട്ടിട്ടുള്ള 280 പേജുള്ള മാഗസിനില്‍ 18 പേജുകളിലാണ് മലയാളമുള്ളത്. അരുണ്‍ രവി എന്‍., ലക്ഷ്മി എം.ആര്‍ എന്നിവര്‍ ഈ വിഭാഗത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചു. അരുണ്‍ എഴുതിയ 'എന്തു ഭംഗിയാണ് പെഗാസ്യൂസ്', ലക്ഷ്മി എഴുതിയ 'ഗ്‌ളെന്‍ കണ്ണിംഗ്ഹാം' എന്നിവ കൂടാതെ വിരഹം (വൈഷ്ണവി പൈ), വിസ്മൃതി (ശരത്ചന്ദ്രന്‍ എം.എസ്), പണപ്പൊതി (ഡോ.ആദിഷ), ഒരു യാത്രാവിവരണം (റിനു ജോണ്‍സണ്‍), എന്‍ കുട്ടിക്കാലം (ബ്ലെസി ജോര്‍ജ്) എന്നീ കൃതികളുമുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, കൊങ്കണി, മറാത്തി, സംസ്‌കൃതം, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഉറുദു എന്നീ ഭാഷകളോടൊപ്പമാണ് ഇത്തവണ മലയാളം കടന്നുവന്നിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ളവ പതിവില്ലായിരുന്നുവെന്നു മലയാളം എഡിറ്റര്‍മാരായ അരുണും ലക്ഷ്മിയും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരമൊരു ആഗ്രഹം മുന്നോട്ടു വച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രതികരണം വന്‍തോതിലും മികച്ചതുമായിരുന്നു. അങ്ങനെ മലയാളം വിഭാഗം തന്നെ രൂപം കൊണ്ടു. പുതിയ വിഭാഗം ആരംഭിക്കാന്‍ അനുമതി നല്കിയ ഡീന്‍ ഡോ. പ്രദീപ് ജി. നായിക്കിനോട് വിദ്യാര്‍ഥികള്‍ നന്ദി പ്രകടിപ്പിക്കുന്നു.

വരും വര്‍ഷങ്ങളിലും മലയാളത്തിനു വന്‍ സാധ്യതയാണുള്ളതെന്നു ഗോവയിലെ ബംബോളിമിലുള്ള ഗോവ മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സായിയെല്‍ കുമാര്‍ജുവേക്കര്‍ എടുത്തുകാട്ടി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ജനറല്‍ സെക്രട്ടറി കേതന്‍ നായിക്, മാഗസിന്‍ സെക്രട്ടറി മാര്‍ഷ ബരേറ്റോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാഗസിന്‍ പുറത്തിറക്കിയത്.