Breaking News

Trending right now:
Description
 
Dec 01, 2012

ഗ്രാന്‍ഡ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഡിസംബര്‍ ആറു മുതല്‍

image
ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ കേരളത്തിനു പുറത്തേക്കുമുള്ള പ്രവര്‍ത്തനം സീസണ്‍ ആറുമുതല്‍ ആരംഭിക്കുന്നു. 

സംസ്ഥാനത്തെ 14 ജില്ലകളെയും ഉള്‍പ്പെടുത്തി നടക്കുന്ന ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഡിസംബര്‍ 15 ന്‌ ആരംഭിച്ച്‌ 2013 ജനുവരി 31 ന്‌ അവസാനിക്കും. കഴിഞ്ഞവര്‍ഷം 50 ലക്ഷം കൂപ്പണുകള്‍ വിറ്റസ്ഥാനത്ത്‌ ഇക്കുറി ഇരട്ടി കൂപ്പണുകള്‍ വില്‍ക്കാനുള്ള ഒരുക്കം നടക്കുകയാണ്‌. 3500 സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌. 



വാഹന വ്യാപാരികള്‍, ബാങ്കുകള്‍, ഇലട്രോണിക്‌സ്‌, ഫര്‍ണിഷിംഗ്‌, വേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃ ഉത്‌പന്നങ്ങള്‍ എന്നിവയുടെ വ്യാപാരികള്‍, ഹോട്ടലുകള്‍, ജൂവലറികള്‍, സ്‌പാകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്‌സ്റ്റൈല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കാണ്‌ ജികെഎസ്‌എഫില്‍ പ്രാതിനിധ്യം ലഭിക്കുന്നത്‌. 

101 കിലോഗ്രാം സ്വര്‍ണം, മറ്റു സമ്മാനങ്ങള്‍, സമ്മാനവൗച്ചറുകള്‍, ജികെഎസ്‌എഫ്‌ ഉത്‌പന്നങ്ങള്‍, കൂപ്പണുകള്‍ എന്നിവയാണ്‌ സമ്മാനങ്ങളായി നല്‍കുന്നത്‌. കൂടാതെ തനത്‌ ഉത്‌പന്നങ്ങളുടെ വിപണനത്തെയും കരകൗശല കലാകാരന്മാരെയും പ്രേത്സാഹിപ്പിക്കാനായി കൂപ്പണുകള്‍ക്കു പുറമേ ഉത്‌പന്നങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിയും ഇക്കുറി നടപ്പാക്കും. 

ഫെസ്റ്റിവലിന്റെ ഭാഗമായി കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 22 മുതല്‍ ഗ്ലോബല്‍ വില്ലേജ്‌ സംഘടിപ്പിക്കും. കേരള പവലിയനില്‍ കരകൗശല കോര്‍പറേഷന്‍, സുരഭി, ഹാന്റക്‌സ്‌, കുടുംബശ്രീ തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളും സഹകരണസംഘങ്ങളും നിര്‍മ്മിക്കുന്ന കരകൗശല വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ എട്ട്‌ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ പവലിയനില്‍ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും. എട്ടോളം വിദേശ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ പവലിയനും ഉണ്ടാകും. 
കൊച്ചിയുടെ പ്രത്യേകത കണക്കിലെടുത്ത്‌ ജലവിനോദം, ഹെലികോപ്‌ടര്‍ ഉപയോഗിച്ച്‌ ആകാശ സഞ്ചാരം, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ എന്നിവയും ഉണ്ടാകും. ഓണ്‍ലൈന്‍ ഷോപ്പിംഗിനും അവസരമുണ്ടാകും.