
ഗുജറാത്തിലെ മണിനഗര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരേ ശ്വേതാ ഭട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ ഭാര്യയാണ്. ഗുജറാത്ത് കലാപക്കേസില്‍ മോഡിക്കെതിരേ തെളിവു നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. മോഡിക്കെതിരേ നാനാവതി കമ്മീഷന് മുന്‍പാകെയും സഞ്ജീവ് ഭട്ട് തെളിവുകള്‍ നല്‍കിയിരുന്നു. വൈകാതെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് ശ്വേതാ ഭട്ട് പറഞ്ഞു. ജനാധിപത്യത്തില്‍ നിന്ന് ഗുജറാത്ത് ഏറെ മാറിപ്പോയതായും ഇത് പുനസ്ഥാപിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധ ശക്തികളെ തുരത്താന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ മോഡി വാഴ്ചയ്ക്ക് അന്ത്യം കുറിച്ച് നിര്‍ണായക മുന്നേറ്റമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ശ്വേതാ ഭട്ടിനെ രംഗത്തിറക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.