Breaking News

Trending right now:
Description
 
Dec 13, 2014

വേനലുരുക്കാത്ത എന്റെ ചാമ്പമരമേ....

ജനറ്റ്‌ ബിനോയി
image

വേനലുരുക്കാത്ത എന്റെ ചാമ്പമരമേ, നീ പെയ്‌തിറിങ്ങിയ എന്റെ മുറ്റത്തു ആയിരുന്നില്ല. എന്റെ ഹൃദയത്തിലായിരുന്നു. ഓര്‍മ്മകളുടെ ചുവന്ന പരവതാനിയില്‍ വെള്ളിമേഘങ്ങള്‍ കൊണ്ടു പൊതിഞ്ഞു സൂക്ഷിക്കുന്ന എന്റെ ബാല്യത്തിലേയും കൗമാരക്കാലത്തെയും ഓര്‍മ്മകളില്‍ ഒരു ചാമ്പക്കാലമുണ്ടായിരുന്നു.


കാപ്പിക്കുരുവും കുരുമുളകും പറിക്കുന്ന കൊട്ട നിറയെ ചാമ്പക്കയും ചീറ്റിച്ചൊഴുകുന്ന ഉപ്പുവെള്ളക്കുപ്പിയും കൂടെ കൂട്ടി കൂട്ടുകാരുമൊത്തു ചാമ്പക്കായ്‌ വയറു നിറയെ തിന്നിട്ട്‌, വിശപ്പില്ലാതെ നടന്ന ഒരു ചാമ്പക്കക്കാലം. 

വഴിയാത്രക്കാരെ കൊതിപ്പിക്കാന്‍ റോഡരുകില്‍ മതിലിനോടു ചേര്‍ന്നായിരുന്നു അതിന്റെ നില്‍പ്പ്‌. പൂവിടുമ്പോള്‍ തൊട്ട്‌ എന്റെയും ചേട്ടന്റെയും ( സഹോദരന്‍ ഡിറ്റിന്‍) കണ്‍ കാവലിലാണ്‌ ചാമ്പ പൂവ്‌ കായായി രൂപാന്തരീകരണം പ്രാപിക്കുക. അങ്ങനെ ഞങ്ങളുടെ കനത്ത സുരക്ഷ വലയത്തില്‍ ചാമ്പക്ക മുത്തു പഴുത്തു ചുവന്നു കഴിയുമ്പോള്‍ ചാമ്പമരത്തിലാവും ഞങ്ങളുടെ അവധി ദിനങ്ങള്‍. ചേട്ടന്‍ ആണ്‍ അഹങ്കാരത്തോടെ പച്ചക്യൂന്‍ മേരി ബസും ചുവന്ന ക്യൂ മേരി ബസു പോകുമ്പോള്‍ ഒച്ചയിടും. ഞാന്‍ മാത്രം ചാമ്പക്കായുടെ ഇലകള്‍ക്കിടയില്‍ ഒളിക്കും. രാമപുരം സ്‌കൂളിലെയും മഠത്തിലെയും സിസ്റ്റേഴ്‌സ്‌ ആരെങ്കിലും ബസില്‍ കാണുമെന്നുറപ്പാണ്‌. അവര്‍ കണ്ടാല്‍ "മരം കേറി മറിയ" എന്ന പേരെങ്ങാനും വീണാലോ എന്ന പേടിയായിരുന്നു അന്നെനിക്ക്‌. 

ഡിഗ്രിയ്‌ക്ക്‌ പഠിക്കുമ്പോള്‍ എനിക്ക്‌ മനോഹരമായ ഒരു ആര്‍ച്ചീസ്‌ കാര്‍ഡ്‌ കിട്ടി. മഴക്കാലത്തെ സ്‌നേഹിക്കുന്ന എന്തോ ഒന്ന്‌..... കുട ചൂടി നില്‍ക്കുന്ന സായിപ്പ്‌ കുട്ടിയുടെയും മാദാമ്മകുട്ടിയുടെയും നിഷ്‌കളങ്കമായ പടം.....

ആ കാര്‍ഡിനകത്ത്‌ വടിവൊത്ത അക്ഷരത്തില്‍ എഴുതിയിരുന്നു.
" to my little baby doll, 
നിന്നെയെനിക്ക്‌ തന്ന ചാമ്പമരത്തിന്‌ നന്ദി"

ഞാനാ കാര്‍ഡിലേയ്‌ക്ക്‌ നോക്കിയിരുന്നു. ഇതെല്ലാം പാപമാണെന്നു പഠിച്ചു വച്ചിരുന്നതിനാല്‍ എനിക്ക്‌ ആദ്യമായി ലഭിച്ച പ്രണയ സുരഭിലമായ ആ കാര്‍ഡ്‌ കത്തിച്ചു കളഞ്ഞു. ഹൊ പിന്നെ ഒരു കുമ്പസാരം... എങ്കിലും ചാമ്പങ്ങ കാണുമ്പോള്‍ ആ കാര്‍ഡ്‌ എനിക്ക്‌ ഓര്‍മ്മ വരും.. 

എന്തായാലും ആ ചാമ്പമരം ഇന്നില്ല. ആദ്യം കുറെ ഇലകള്‍ കൊഴിഞ്ഞുണങ്ങി. അവസാനം ബൈബിളില്‍ പറയുന്നതു പോലെ അതു നിന്നിരുന്ന സ്ഥലം പോലും അഞ്‌ജാതമായി. 

റോഡരുകില്‍ ആയതിനാല്‍ ആ ചാമ്പമരത്തില്‍ നിന്നു ചാമ്പക്ക വഴിയാത്രക്കാര്‍ പറിച്ചു കൊണ്ടു പോകുന്നതിനാല്‍ വല്യമ്മച്ചി വീടിനോടു ചേര്‍ന്നു ഒരു മരം നട്ടിരുന്നു( 20 വര്‍ഷം മുമ്പ്‌). 

ആ ചാമ്പമരത്തില്‍ കയറി എന്റെ മക്കളും കൂട്ടുകാരും ഇന്ന്‌ ബാല്യം കൊണ്ടാടുന്നു. എന്റെ ചാമ്പമരത്തെയും ചാമ്പമരം തന്ന കൊച്ചിഷ്ടങ്ങളെയും തിരിഞ്ഞു നോക്കുമ്പോള്‍ ഞാനും ഒരു കൊച്ചു പൂത്ത ചാമ്പമരമാകുന്നു. കിളികളും അണ്ണാനും തേന്‍ കുരുവികളും പിന്നെ കൊച്ചു കുട്ടികളും ആര്‍ത്തുല്ലസിക്കുവാന്‍ വേണ്ടി മാത്രം പൂത്ത ഒരു ചാമ്പമരം.