Breaking News

Trending right now:
Description
 
Dec 12, 2014

വിവാദത്തിനൊടുവില്‍ ലിംഗ ഇന്നു മുതല്‍ തിയറ്ററില്‍; പത്തുകോടി കെട്ടിവച്ചു

image രജനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രം `ലിംഗ' ഇന്നു മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും. രജനിയുടെ 61-ാം ജന്മദിനംകൂടിയാണിന്ന്‌. കേരളത്തിലും തമിഴ്‌നാട്ടിലുമായ്‌ ആയിരത്തില്‍പരം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ്‌ വിതരണക്കാരായ വേന്ദര്‍ മൂവീസ്‌ ലക്ഷ്യമിടുന്നത്‌. ചിത്രം തിയറ്ററില്‍ എത്തുംമുമ്പ്‌ പത്തുകോടി രൂപ കെട്ടിവയ്‌ക്കാന്‍ മദ്രാസ്‌ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. സിനിമയുടെ കഥ മോഷ്ടിച്ചുവെന്ന്‌ ആരോപിച്ചുള്ള ഹര്‍ജിയെ തുടര്‍ന്നാണ്‌ കോടതി ഇത്തരമൊരു ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. തുക കെട്ടിവയ്‌ക്കുമെന്ന്‌ നിര്‍മാതാവ്‌ വെങ്കിടേശ്‌ അറിയിച്ചതോടെയാണ്‌ തിയറ്ററില്‍ റിലീലിന്‌ അരങ്ങൊരുങ്ങിയത്‌. അഞ്ചുകോടി രൂപ പണമായി ബാങ്കില്‍ നിക്ഷേപിക്കാനും ബാക്കിയുള്ള അഞ്ചുകോടിരൂപയ്‌ക്ക്‌ ബാങ്ക്‌ ഗാരന്റി നല്‍കാനുമാണ്‌ കോടതി നിര്‍ദേശം നല്‍കിയിരുന്നത്‌. ഒരു ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നാല്‍പ്പതുകളില്‍ നടക്കുന്ന കഥയെ പശ്ചാത്തലമാക്കിയാണ്‌ കെ.എസ്‌. രവികുമാര്‍ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. സിനിമയില്‍ രജനികാന്ത്‌ ഇരട്ടവേഷത്തിലാണ്‌ അഭിനയിച്ചിരിക്കുന്നത്‌. ചിത്രത്തില്‍ പഴയതലമുറയിലെ രജനിയുടെ കഥാപാത്രത്തിന്റെ നായികയായി സൊനാക്ഷി സിന്‍ഹയും പുതിയ തലമുറ രജനിയുടെ നായികയായി അനുഷ്‌ക ഷെട്ടിയുമാണ്‌ വേഷമിട്ടിരിക്കുന്നത്‌. തെലുങ്ക്‌ മുന്‍നിര നായകന്‍ ജഗപതി ബാബു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാകന്‍ എ.ആര്‍. റഹ്മാനാണ്‌. റഹ്മാന്‍ ചിട്ടപ്പെടുത്തിയ ലിംഗായിലെ ഗാനങ്ങളെല്ലാം ഇപ്പോള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞു.
അതേസമയം ചിത്രത്തിനെതിരെ മുമ്പ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ ബഞ്ച്‌ ഉത്തരവിനെതിരെ നവാഗത സംവിധായകനായ കെ.ആര്‍.രവിരത്‌നം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണു പണം കെട്ടിവച്ചശേഷം ചിത്രം റിലീസ്‌ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചത്‌. രവിരത്‌നത്തോടു പരാതിയുമായി സിവില്‍ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.