Breaking News

Trending right now:
Description
 
Dec 12, 2014

രാജസ്ഥാനില്‍നിന്ന്‌ നഗ്നപാദരായി നാലു സന്യാസിനിമാര്‍ കേരളത്തിലെത്തി; ദിവസം 25 കിലോമീറ്റര്‍ നടത്തം

image ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്ന സന്ദേശവുമായി ബിരുദാനന്ത ബിരുദമുള്ള നാലു സന്യാസിനിമാര്‍ രാജസ്ഥാനില്‍നിന്ന്‌ നടന്ന്‌ കൊച്ചി മട്ടാഞ്ചേരിയിലെത്തി. ഡോ.ദര്‍ശന്‍ പ്രഭാജി, സംവൃതി, സമീക്ഷ, മേഘാ ശ്രീജി എന്നിവരാണ്‌ ഇന്നലെ കൊച്ചിയിലത്തിയത്‌. വൈകിട്ട്‌ ഇവര്‍ ആലപ്പുഴയ്‌ക്ക്‌ തിരിച്ചു. സന്ദേശമുയര്‍ത്തി രാജ്യം മുഴുവന്‍ സഞ്ചരിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം. യാത്ര അവസാനിക്കുന്നിടത്താണ്‌ അറുപതുകാരിയായ ഡോ.ദര്‍ശന്‍ പ്രഭാജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിശ്രമം. യാത്ര എന്ന്‌ അവസാനിക്കുമെന്ന്‌ ഇവര്‍ പറയുന്നില്ല. പക്ഷേ, ഒന്നു പറയുന്നുണ്ട്‌. ജീവിതം അവസാനിക്കുമ്പോള്‍ യാത്ര അവസാനിക്കും. വെള്ളവസ്‌ത്രം മാത്രമേ ഇവര്‍ ധരിക്കൂ. വായ്‌ വസ്‌ത്രംകൊണ്ട്‌ മൂടിയിരിക്കും. സംസാരിക്കുമ്പോള്‍ വായുവിലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ നാശം സംഭവിക്കാതിരിക്കാനാണിത്‌. ഉച്ചയ്‌ക്കു മാത്രമേ ഇവര്‍ ഭക്ഷണം കഴിക്കുകയുള്ളൂ. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്‌ നിയന്ത്രണമില്ല. ഭക്ഷണം ഭിഷയായി സ്വീകരിക്കും. സ്റ്റീല്‍, ചെമ്പ്‌, പിച്ചള തുടങ്ങിയ പാത്രങ്ങള്‍ ഒന്നും ഉപയോഗിക്കില്ല. പൈസയും ഇവര്‍ക്കാവശ്യമില്ല. വാഹനങ്ങളില്‍ യാത്രയും സന്യാസിനിമാര്‍ നടത്താറില്ല. രാത്രി ക്ഷേത്രങ്ങളിലോ ജൈനമതസ്ഥരുടെ വീടുകളിലോ കഴിഞ്ഞുകൂടും. സുഖഭോഗങ്ങളില്‍ ഒട്ടുംതാല്‍പര്യമില്ലാത്ത ഇവര്‍ ദിവസം 25 കിലോമീറ്ററോളം നഗ്നപാദരായി നടക്കും. യാത്ര അവസാനിക്കുന്നിടത്ത്‌ വിശ്രമം അത്രതന്നെ. അഞ്ചവര്‍ഷം മുമ്പു രാജസ്ഥാനില്‍നിന്നു തുടങ്ങിയ യാത്രയാണ്‌ ഇന്നലെ കൊച്ചിയില്‍വരെ എത്തിച്ചത്‌. ഇനി എത്രരാജ്യങ്ങള്‍... എത്രകിലോമീറ്റര്‍ യാത്ര.... അതുമാത്രം സന്യാസിനിമാര്‍ക്ക്‌ അറിയില്ല.