Breaking News

Trending right now:
Description
 
Dec 10, 2014

മാര്‍പാപ്പാമാരില്‍ ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ വണങ്ങി

തോമസ് മത്തായി കരിക്കംപള്ളില്‍
image ഓള്‍ഡ് ഗോവ: വൈദികനായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ അഴുകാത്ത തിരുശരീരം പതിനേഴാമത്തെ പൊതുദര്‍ശനത്തിനു വയ്ക്കുന്ന അവസരത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായ്ക്കായി ഒരു ദിവസത്തെ പ്രത്യേക ദര്‍ശനം ഏര്‍പ്പെടുത്തിയതിനെക്കുറിച്ചു ഓര്‍മ്മിക്കുന്നവര്‍ ഏറെ.

പിന്നീട് വിശുദ്ധനായി 2014 ഏപ്രില്‍ 27-നു പ്രഖ്യാപിക്കപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986 ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ ഇന്ത്യാ സന്ദര്‍ശനം നടത്തിയപ്പോള്‍ ഗോവയില്‍ ആറിന് കംപാല്‍ ഗ്രൗണ്ടില്‍ വിശുദ്ധ കുര്‍ബാനയും ഓള്‍ഡ് ഗോവ (വെല്ല ഗോവ) ബോം ജീസസ് ബസലിക്കയില്‍ വൈദികരുമായുള്ള ഒത്തുചേരലും സംഘടിപ്പിച്ചിരുന്നു. മാര്‍പാപ്പായുമായുള്ള വൈദിക സമ്മേളനം നടന്ന ബസിലിക്കയിലെ അള്‍ത്താരയുടെ വശത്താണ് വിശുദ്ധന്റെ ശരീരം വെള്ളിപ്പേടകത്തില്‍ എന്നും കാണത്തക്ക വിധത്തില്‍ സദാ സൂക്ഷിച്ചിട്ടുള്ളത്. തറനിരപ്പില്‍ നിന്നുയര്‍ത്തി കെട്ടിയിട്ടുള്ള പ്രത്യേക മാര്‍ബിള്‍ സ്മാരക മണ്ഡപത്തിലാണ് പേടകം സ്ഥാപിച്ചിരിക്കുന്നത്. അവിടെ നിന്നെടുത്ത് സമീപത്തുള്ള സീ കത്തീഡ്രലിലാണ് ദശവത്സരവാര്‍ഷിക പൊതുപ്രദര്‍ശനം നടത്തുന്നത്. പത്തു വര്‍ഷം കൂടുമ്പോഴുള്ള പൊതുദര്‍ശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് അപൂര്‍വ അവസരമാണ്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായ്ക്കും ഒപ്പമെത്തിയിരുന്ന കര്‍ദ്ദിനാള്‍മാര്‍ക്കും വണങ്ങാന്‍ വേണ്ടി വെള്ളിപ്പേടകം ഒരു ദിവസത്തേക്ക് ബോം ജീസസ് ബസലിക്കയുടെ അള്‍ത്താരയുടെ വശത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു. മാര്‍പാപ്പായും കൂടെയെത്തിയിരുന്ന കര്‍ദ്ദിനാള്‍മാരും വിശുദ്ധ ശരീരം തൊട്ടടുത്തു നിന്നു കണ്ടു വണങ്ങി.

ഇതേസമയം, ഗോവക്കാരായ രണ്ടു വൈദികര്‍ കൂടി വിശുദ്ധ ഗണത്തിലേക്ക് ഉയരാന്‍ ഭക്തജനങ്ങള്‍ കാത്തിരിക്കുന്നു. ഗോവയിലെ ബനോളിമില്‍ ജനിച്ച വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ (1651 ഏപ്രില്‍ 21 - 1711 ജനുവരി 16) ഫ്രാന്‍സിസ് മാര്‍പാപ്പാ 2015 ജനുവരി 14-ന് ശ്രീലങ്കയിലെ കൊളംബോയില്‍ വിശുദ്ധനായി പ്രഖ്യാപിക്കും. മിഷനറിയായി പ്രവര്‍ത്തിക്കുമ്പോള്‍ ശ്രീലങ്കയിലെ കാന്‍ഡിയിലായിരുന്നു ജോസഫ് വാസിന്റെ (59) മരണം.

വിശുദ്ധ പദവി പാതയിലുള്ള ധന്യന്‍ ആഗ്നലോ ഡിസൂസയാണ് (1869 ജനുവരി 21 - 1927 നവംബര്‍ 20) മറ്റൊരു ഗോവക്കാരന്‍. പോര്‍ച്ചുഗീസ് ഇന്ത്യയില്‍പ്പെട്ടിരുന്ന നോര്‍ത്ത് ഗോവയിലെ അഞ്ചുനയില്‍ ജനിച്ചു സൗത്ത് ഗോവയിലെ റേച്ചോളില്‍ മരിച്ച ആഗ്നലോ (58)-യെ സംസ്‌ക്കരിച്ചത് പിലാറിലാണ്.

ഫോട്ടോ:


ഓള്‍ഡ് ഗോവ ബോം ജീസസ് ബസിലിക്കയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശരീരം വണങ്ങിയ ശേഷം വൈദികരെ അഭിസംബോധന ചെയ്യുന്നു. 1986 ഫെബ്രുവരി ആറിനെടുത്ത ചിത്രം. -തോമസ് മത്തായി കരിക്കംപള്ളില്‍