Breaking News

Trending right now:
Description
 
Dec 09, 2014

ആലപ്പുഴയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനെന്ന പേരിലുള്ള അശാസ്ത്രീയമായ ഏര്‍പ്പാടുകള്‍ പിന്‍വലിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ എന്ന പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അശാസ്ത്രീയമായ വലത്തോട്ടു തിരിയല്‍, യു ടേണ്‍ നിരോധനങ്ങളും വണ്‍വേ ഏര്‍പ്പാടുകളും പിന്‍വലിക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

നിരോധനങ്ങള്‍ ഒരു ജംഗ്ഷനു പകരം ഒന്‍പതിടങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കാനേ പര്യാപ്തമാകൂ എന്നും വാഹനങ്ങളെ പട്ടണം മുഴുവന്‍ ചുറ്റിച്ച് തുടങ്ങിയയിടത്തു തന്നെ വീണ്ടും എത്തിച്ചു വെറുതെ ഇന്ധനനഷ്ടം ഉണ്ടാക്കാനേ കാരണമാകൂ എന്നും ടി.ആര്‍.എ ചൂണ്ടിക്കാട്ടി.

പട്ടണത്തില്‍ പല പ്രാവശ്യം നടപ്പിലാക്കി പരാജയപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആവശ്യത്തിനു റോഡുകളും അതിനു വീതിയുമുള്ള സ്ഥലത്ത് ഗതാഗതതടസ്സങ്ങളുണ്ടാക്കുന്ന എല്ലാം നീക്കം ചെയ്താല്‍ തന്നെ ഗതാഗതം സുഗമമാകും. അതിനു ചെറുവിരല്‍ അനക്കാതെ നാട്ടുകാരുടെയും ടൂറിസ്റ്റുകളുടെയും മുതുകത്തേക്ക് ബുദ്ധിമുട്ടു കയറ്റിവയ്ക്കുകയും റോഡില്‍ നിന്നു ഗതാഗതക്കുറ്റങ്ങള്‍ക്കുള്ള പിഴ തകൃതിയായി ഈടാക്കാനുള്ള കുത്സിത ശ്രമം നടത്തുകയുമാണ് അധികൃതര്‍.

തീരുമാനങ്ങള്‍ എടുത്തു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ആരും താനെ വാഹനമോടിച്ചു പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നവരല്ല. ഡ്രൈവറും പൈലറ്റും സര്‍ക്കാര്‍ വക ചെലവില്‍ ഇന്ധനവും ലഭിക്കുന്ന അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ വാഹനങ്ങള്‍ വളഞ്ഞു ചുറ്റി ഓടിയാലും അവര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയോ അതിന്റെ ബുദ്ധിമുട്ട് അറിയുകയോ ചെയ്യാറില്ല. അതുകൊണ്ട് നിരോധനങ്ങള്‍ ഏര്‍പ്പെടുത്താന്‍ എളുപ്പമാണ്.

പാലങ്ങളുടെ കയറ്റത്തിനും ഇറക്കത്തിനും വളവിലും നിര്‍ത്തി യാത്രക്കാരെ മിനിട്ടുകളോളം കയറ്റിയിറക്കുന്ന ബസുകാരെ തടയണമെന്നു മാസങ്ങളായി ്അധികൃതരോടു ആവര്‍ത്തിച്ചു അഭ്യര്‍ഥിച്ചിട്ടും അതിനു നടപടിയൊന്നും സ്വീകരിച്ചു കാണുന്നില്ല. ഗതാഗത തടസ്സം ഉണ്ടാക്കുന്ന ഒരു പ്രധാന കാരണമാണത്. ആവശ്യത്തിനു ദൂര, സ്ഥല, മാര്‍ഗ നിര്‍ദേശക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും പ്രശ്‌നമാണ്.

റോഡിലേക്കും നടപ്പാതയിലേക്കും കയറ്റിയുള്ള അനധികൃത നിര്‍മ്മിതികളും ഏച്ചുകെട്ടലുകളും ബോര്‍ഡുകളും തൂണുകളും സ്ഥിരം കേടായിക്കിടക്കുന്ന വാഹനങ്ങളും മറ്റും നീക്കം ചെയ്താല്‍ തന്നെ റോഡുകളിലെ സ്ഥിരം ഗതാഗത തടസ്സങ്ങള്‍ മാറിക്കിട്ടും.

വലത്തോട്ടു തിരിയല്‍ നിരോധനവും വണ്‍വേ ഏര്‍പ്പാടും യുടേണ്‍ നിരോധനവും തലങ്ങും വിലങ്ങും റോഡുകളുള്ള ആലപ്പുഴ പട്ടണത്തിന് ആവശ്യമില്ല. മുന്നറിയിപ്പൊന്നുമില്ലാതെ നിരോധന സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കു തിരിച്ചു പോകാനാകില്ല. മുന്നോട്ടുപോയി വട്ടം ചുറ്റാനേ സാധ്യമാകൂ. വണ്‍വേ ആക്കി വാഹനങ്ങള്‍ നിരോധിച്ച റോഡില്‍ വാടക ഈടാക്കി വഴിക്കച്ചവടത്തിനു സൗകര്യമൊരുക്കിയിട്ടുള്ളതും പട്ടണത്തിലാണ്.

റോഡുകള്‍ വാഹന ഗതാഗതത്തിനു മാത്രമാക്കി റോഡിലെ അസൗകര്യങ്ങള്‍ നീക്കം ചെയ്യുകമാത്രമാണ് ചെയ്യേണ്ടതെന്നു ടി.ആര്‍.എ എടുത്തുകാട്ടി. വന്‍ കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്കുമ്പോള്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിനുള്ള സൗകര്യം കൂടി നിര്‍ബന്ധമാക്കണം. റോഡില്‍ വസ്തുവകകള്‍ സംഭരിക്കാനോ വഴിവാണിഭം നടത്താനോ അറ്റകുറ്റപ്പണികള്‍ നടത്താനോ യോഗങ്ങള്‍ നടത്താനോ അധികൃതര്‍ അനുവദിക്കരുത്. പാലങ്ങള്‍ക്കു വീതി കൂട്ടുകയും ചിലത് നിര്‍മ്മിക്കുകയും വേണം.

ആലപ്പുഴ പട്ടണത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച ഗൗരവമാര്‍ന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും നടത്തിപ്പിനും തുടക്കമിടാന്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) അവതരിപ്പിച്ച ആശയക്കുറിപ്പ് 2010 ഡിസംബറില്‍ അധികൃതര്‍ക്കു സമര്‍പ്പിച്ചിട്ടും ആരും അതു പരിഗണിച്ചില്ല. 'അനായാസം ആലപ്പുഴ' എന്ന ആശയക്കുറിപ്പ് പൂര്‍ണമായി വായിക്കാം: issuu.com/trabulletin നാലു വര്‍ഷമായിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ ഒരു സംഘടനകളും ഇതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് അസൗകര്യങ്ങള്‍ മാത്രമുണ്ടാക്കുന്ന ഗതാഗത പരിഷ്‌കരണ നടപടികളുമായി വീണ്ടും മുന്നോട്ടു പോകുന്നത്.