Breaking News

Trending right now:
Description
 
Dec 09, 2014

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ആദരിക്കുക മാത്രമാണു ചെയ്യുന്നതെന്നു സഭ

തോമസ് മത്തായി കരിക്കംപള്ളില്‍
image ഓള്‍ഡ് ഗോവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ആദരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അത് വിശുദ്ധന്റെ ആത്മാര്‍പ്പണം സ്മരിച്ചാണെന്നും വിശുദ്ധന്റെ പൂജ്യശരീരം സ്ഥിരമായി സൂക്ഷിച്ചിരിക്കുന്ന ബോംജീസസ് ബസലിക്ക അധികാരികള്‍ വ്യക്തമാക്കി. ഇപ്പോള്‍ സീ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന തിരുശേഷിപ്പിനു മുന്നില്‍ മുട്ടുകുത്തുകയോ സാഷ്ടാംഗപ്രണാമം നടത്തുകയോ ചെയ്യരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്. വന്‍നിരനിരയായി എത്തുന്ന ഭക്തര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതു കൊണ്ടാണത്.

ബസിലിക്കയില്‍ വെള്ളിപ്പേടകത്തില്‍ സദാ സൂക്ഷിച്ചിരിക്കുന്നത് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പു മാത്രമാണ്. കത്തോലിക്കര്‍ തിരുശേഷിപ്പുകളെയോ മറിയത്തെയോ വിശുദ്ധരെയോ ആരാധിക്കുന്നില്ല. കാരണം ബൈബിളും സഭയും പഠിപ്പിക്കുന്നത് ദൈവത്തെ മാത്രമേ ആരാധിക്കാവൂ (വര്‍ഷിപ്പ്) എന്നാണ്. തിരുശേഷിപ്പുകളെ ആദരിക്കുന്നതിനു (വെനറേറ്റ്) കാരണം അത് സുവിശേഷം പങ്കുവയ്ക്കുന്നതില്‍ വിശുദ്ധരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടാണ്. യാതൊരു സംരക്ഷണോപാധികളും സ്വീകരിക്കാതെ 462 വര്‍ഷം പഴക്കമുള്ള മൃതശരീരം നിലനില്ക്കുന്നതു തന്നെ അത്ഭുതമായിട്ടാണ് സഭ കരുതുന്നത്.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ (1506 ഏപ്രില്‍ ഏഴ് - 1552 ഡിസംബര്‍ മൂന്ന്)പൂജ്യശരീരം ബോംജീസസ് ബസിലിക്കയില്‍ കാണത്തക്ക വിധം സ്ഥിരമായി സൂക്ഷിച്ചിരിക്കുന്നതിനെയും പത്തു വര്‍ഷത്തിലൊരിക്കല്‍ സമീപത്തുള്ള സീ കത്തീഡ്രലിലേക്കു മാറ്റി പൊതുദര്‍ശനം നടത്തുന്നതിനെക്കുറിച്ചും ചില കോണുകളില്‍ നിന്നുയര്‍ത്തുന്ന സംശയങ്ങള്‍ക്കു മറുപടിയെന്നോണം ദേവാലയ പരിസരത്ത് ഇതു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഫോട്ടോ:


വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ആദരിക്കുക മാത്രമാണ് ചെയ്യുന്നതെന്നു വ്യക്തമാക്കി ഓള്‍ഡ് ഗോവയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്. -തോമസ് മത്തായി കരിക്കംപള്ളില്‍