Breaking News

Trending right now:
Description
 
Dec 08, 2014

ഗോവയില്‍ തെരുവിലെ നായ്ക്കള്‍ക്കു കുശാല്‍! തീറ്റക്കു പഞ്ഞമില്ല!!

തോമസ് മത്തായി കരിക്കംപള്ളില്‍
image സാന്താക്രൂസ്, ഗോവ: ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ തെരുവുനായ്ക്കള്‍ പെരുകിക്കൊണ്ടിരുന്നിട്ടും ആര്‍ക്കുമൊരു പ്രതിഷേധവുമില്ല. എന്നു തന്നെയുമല്ല പൊതുജനങ്ങളില്‍ പലരും തെരുവു നായ്ക്കളെ തീറ്റ കൊടുത്തു വളര്‍ത്താന്‍ ഉത്സുകരുമാണ്!

നഗരവും ഗ്രാമപ്രദേശങ്ങളും വ്യത്യാസമില്ലാതെ റോഡുകളിലും ആശുപത്രികളിലും ദേവാലയങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോട്ടിലും കടല്‍ത്തീരങ്ങളിലും എല്ലാം ധാരാളം നായ്ക്കളുണ്ട്. അവയെല്ലാം കെട്ടിടങ്ങള്‍ക്കുള്ളിലൂടെ വരെ വളരെ സ്വാതന്ത്ര്യത്തോടു കൂടിയാണ് കയറിയിറങ്ങി നടക്കുന്നതും. വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരാകട്ടെ എല്ലാവിധ സൗകര്യങ്ങളും അവയ്ക്കായി ഒരുക്കുന്നു. വീടുവിട്ടു പോകുന്ന വേളയില്‍ പലരും താത്കാലികമായി ബോര്‍ഡിംഗ് കെന്നലുകളില്‍ താമസിപ്പിച്ചിട്ടു പോകുകയാണ് പതിവ്. കെന്നലുകള്‍ എയര്‍കണ്ടീഷന്‍ഡുമുണ്ട്.

ഗോവയിലെ തെരുവു നായ്ക്കള്‍ കുരച്ചു പേടിപ്പെടുത്തുകയും കടിപിടി കൂടുകയും ചെയ്യുമെങ്കിലും കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന കൂട്ടരാണ്. ഓടി വരുന്ന പല തെരുവു നായ്ക്കളും ടൂറിസ്റ്റുകളെ തിരിച്ചറിഞ്ഞു മുമ്പില്‍ ആഹാരത്തിനായി യാചിക്കുന്നതു പോലെ കിടക്കാന്‍ മിടുക്കു കാട്ടും!

രാവിലെ ജോലിക്കു ഇറങ്ങുന്ന പല ഗോവാക്കാരും വഴിയില്‍ സ്ഥിരമായി കാണുന്ന നായ്ക്കള്‍ക്ക് എന്തെങ്കിലും ഭക്ഷണം കരുതുകയും ചെയ്യും. സാന്താക്രൂസ് - മേഴ്‌സസ് ജംഗ്ഷനില്‍ ദിവസവും നായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നവരുടെ കൂട്ടത്തില്‍ ഇലക്ട്രീഷ്യനായ ബബഌവുമുണ്ട്. സാന്താക്രൂസ് ജംഗ്ഷനില്‍ നിന്ന് രാവിലെ ഏഴിന് മുമ്പായി ജോലിക്കു പോകാനായി വാസ്‌കോയിലേക്കുള്ള ബസ് കയറാന്‍ വരുന്ന ബബഌയെക്കാത്തു അര ഡസന്‍ നായ്ക്കളെങ്കിലും പരിസരത്തുണ്ടാകും. ബബഌവിനെ കാണുന്ന മാത്രയില്‍ അവ ഓടിയടുക്കും. പിന്നെ ചുറ്റും കൂടി ആഹഌദം പ്രകടിപ്പിക്കും. ബബഌവിന്റെ കൈയിലുള്ള ബ്രഡ് കിട്ടിക്കഴിഞ്ഞാല്‍ അവ മുന്‍ കാലുകള്‍ മുന്നോട്ടു നീക്കി വണങ്ങി നന്ദി പ്രകടിപ്പിക്കും! ആഹാരം കുശാലായി കിട്ടുന്നതിനാല്‍ നായ്ക്കളെല്ലാം പഞ്ഞമില്ലാതെ കഴിയുന്നു!

ഇതേസമയം, ഗോവന്‍ തെരുവുകളിലെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ഭയാജനകമായ നരകയാതനകള്‍ കുറയ്ക്കാന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളും കൂട്ടായ്മകളും ഗോവയില്‍ സജീവമാണ്. ബീച്ചുകളിലും മറ്റുമുള്ള നായ്ക്കളെ വന്ധ്യംകരിച്ച (ആന്റി ബെര്‍ത്ത് കണ്‍ട്രോള്‍) ശേഷം അതു തിരിച്ചറിയാന്‍ കോളറിട്ടും ക്ലിപ്പ്ഡ് ഈയറാക്കിയും വിടുന്ന സന്നദ്ധപ്രവര്‍ത്തകരുണ്ട്. അലഞ്ഞുതിരിയുന്ന നായ്ക്കള്‍ക്കായി പേപ്പട്ടി വിഷ വിരുദ്ധ ക്യാമ്പുകള്‍, പട്ടിക്കുട്ടികളെ ദത്തെടുക്കല്‍, വിരയിളക്കല്‍, മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് തുടങ്ങിയവ സ്ഥിരമായി സംഘടിപ്പിക്കുന്നവരുമുണ്ട്.

ഫോട്ടോ:
.
നായുടെ നന്ദി ഇങ്ങനെ... തെരുവു നായ്ക്ക് കഴിക്കാന്‍ ബ്രെഡ് കൊടുത്തിട്ടു പോകുന്ന ഇലക്ട്രീഷ്യന്‍ ബബഌവിനെ നായ് ബ്രഡ് വായില്‍ വച്ചു തന്നെ താണു വണങ്ങുന്നു. ഗോവ സാന്താക്രൂസ് ജംഗ്ഷനില്‍ നിന്നുള്ള ഒരു പുലര്‍കാല ദൃശ്യം. -തോമസ് മത്തായി കരിക്കംപള്ളില്‍