Breaking News

Trending right now:
Description
 
Dec 04, 2014

ഇങ്ങനെയൊരു ഡിസംബര്‍ ഒമ്പത് എവിടെയും സംഭവിക്കരുതേ

Hunize Kadir
image
സ്റ്റാഫ്‌ നേഴ്സ് അതുല്യയുടെ നിര്‍ത്താതെയുള്ള ഫോണ്‍ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് , സമയം നോക്കുമ്പോള്‍ രാത്രി  നാല് മണി ! നേരം പുലരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി!

ഈ നേരത്ത് എന്താ വിളിക്കുന്നത്‌ എന്ന് ചിന്തിക്കാതിരുന്നില്ല , ''കഴിഞ്ഞ രാത്രി നോക്കിയിട്ട പോന്ന പേഷൃന്റിനെ സംബന്ധിച്ച  വല്ല  സംശയവും ചോദിക്കാനായിരികും''ഞാന്‍ കരുതി.

ഫോണ്‍ എടുത്ത ഞാന്‍ കേട്ടത് ഒരു നിലവിളിയായിരുന്നു ''ചേട്ടാ ഇവിടെ മൊത്തം പുകയാണ്  !പേഷൃന്‍സും ഞങ്ങളും എല്ലാരും ഇപ്പൊ മരിക്കും എന്നാ തോന്നുന്നേ ചേട്ടാ ''
പാതിയുറക്കത്തില്‍ ഞാന്‍ കേട്ട ആ നിലവിളി പിന്നീടുള്ള പല രാത്രികളിലും എന്റെ ഉറക്കം കളഞ്ഞിരുന്നു.

റൂം മേറ്റ്‌ ലിജോയെ വിളിച്ചുണര്‍ത്തി ആ രാത്രി ഹോസ്പിറ്റലിലേക്ക് പായുമ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞ ആകുലതകള്‍ക്കു കയ്യും കണക്കുമില്ലായിരുനു , അത് കൊണ്ട് തന്നെ ഞങ്ങള്‍ അങ്ങോട്ട്‌ സകല ശക്തിയുമെടുത്ത് ഓടി , പറക്കാന്‍ ചിറകുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷം !


ഹോസ്പിറ്റലിലേക്കുള്ള വഴികളില്‍ ഇരു വശത്തുമായി നിരവധി നേഴ്സ്മാര്‍  വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട് , ഭൂരിപക്ഷവും മലയാളികള്‍ തന്നെ !ഞങ്ങളുടെ മുന്നിലും പിന്നിലുമായി വിവരമറിഞ്ഞ് നേഴ്സ്മാര്‍ അങ്ങോട്ട്‌ ഓടി കൊണ്ടിരിക്കുന്നു, ഓട്ടത്തില്‍ ഞാന്‍  എന്റെ വേറെ കുറച്ചു  കൂട്ടുകാരെ കൂടി വിവരമറിയിച്ചു . അവരും അങ്ങോട്ട്‌ പുറപ്പെട്ടു , 
പക്ഷെ  എല്ലാരേയും എങ്ങനെയെങ്കിലും  രക്ഷപെടുത്തണം എന്ന ആഗ്രഹവുമായി എത്തിയ ഞങ്ങളെവരെയും തീര്‍ത്തും നിരാശരാക്കുന്ന സംഭവ വികാസങ്ങളാണ് പിന്നീട് ഞങ്ങളവിടെ കണ്ടത് !

കറുത്ത ധൂമാത്താല്‍ നന്നേ  മുഖരിതമായ ഹോസ്പിറ്റല്‍ !, ജനാല ചില്ലുകള്‍ പൊട്ടിച്ചു ഒരിറ്റു ശ്വാസത്തിനായി തല പുറത്തേക്കിട്ടു നില്കുമ്പോഴും തന്നാലാകുംപോലെ ഒരു ഐ സി യു പേഷൃന്റിനെ കൂടി ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന അജീഷിനെ പോലെയുള്ള നേഴ്സ്മാര്‍! , പുക വന്നു മൂടികൊണ്ടിരികുന്ന വാര്‍ഡുകളില്‍ നിന്ന്  പരമാവധി രോഗികളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന നേഴ്സ്മാര്‍...


ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ലെന്നു ഞങ്ങള്‍ക്ക് മനസ്സിലായി അപ്പോഴേക്കും അവിടെ എത്തിയ എന്റെ കൂട്ടുകാരന്‍ രാജേഷും ഞാനും കൂടി എമര്‍ജന്‍സി എക്സിറ്റ് വഴി മുകളിലേക്ക് പാഞ്ഞു.  പോകുന്ന വഴി പരമാവധി ജനാല ചില്ലുകള്‍ തകര്‍ത്ത് വായുസഞ്ചാരത്തിനായി ശ്രമിച്ചു. നാലാം നിലയിലാണ് ഐ സിയു .

പ്രതീക്ഷയോടെ ഞങ്ങള്‍ നാലാം നിലയുടെ വാതില്‍ തള്ളി തുറന്നു. പെട്ടെന്നാണത് സംഭവിച്ചത് , വാതില്‍ തുറന്ന ഞങ്ങളെ പിന്നോട്ട് എടുത്തടിക്കുന്ന രീതിയില്‍ അതിശക്തമായ പുക ആഞ്ഞു വീശി. വിഷമയമായ കാര്‍ബണ്‍ മോണോക്സൈഡ് ആയിരുന്നു അത്. ഞാന്‍ എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ എന്റെ കൈപ്പത്തി വെച്ചാല്‍ ആ കൈപ്പത്തിയുടെ ഒരു തരിമ്പ്‌ പോലും കാണാന്‍ എനിക്ക് ആകുമായിരുന്നില്ല. അത്രക്കും ഭീകരമായ പുകയായിരുന്നു അവിടം നിറയെ. 

അപ്പോഴേക്കും 5 ഫയര്‍ ഫോഴ്സ് എത്തികഴിഞ്ഞിരുന്നു , ആ കൂട്ടത്തില്‍ ഒരു  പോലീസുകാരന്‍ ഐ-ഷീല്‍ഡും ഓക്സിജന്‍ മാസ്കുമായി ആ നാലാം നിലയില്‍ ഞങ്ങളെ പോലെ തന്നെ എന്ത് ചെയ്യണം എന്നറിയാതെ നില്കുന്നു. അയാളോട് ഞങ്ങള്‍ ആ  ഐ ഷീല്‍ഡും ഓക്സിജന്‍ മാസ്കും ചോദിച്ചു.

ഞങ്ങള്‍ക്ക് അവിടെ നല്ല പരിചയയമുണ്ടെന്നും അവ തരികയാണെങ്കില്‍ ഞങ്ങളിലൊരാള്‍ അകത്തേക്ക് പൊയ് പറ്റുന്നവരെ രക്ഷ്പെടുത്താം എന്നും പറഞ്ഞു , അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഞങ്ങളെ സ്തബ്ധരാക്കി  അയാള്‍ പറഞ്ഞു .

'ഇത് സര്‍ക്കാരിന്റെ ആണ് , ഇതങ്ങനെ വേറെ ആര്‍ക്കും തരാന്‍ പറ്റില്ല'' എന്ന്.  ആ സമയം തര്‍ക്കിക്കാന്‍ പറ്റിയതല്ലാത്തത് കൊണ്ടും അവിടെ നിന്നിട്ട് വേറെ വിശേഷം ഇല്ലാത്തത് കൊണ്ടും ഞങ്ങള്‍  താഴെയിറങ്ങി.

പിന്നെ കിട്ടാവുന്ന ബെഡ് ഷീറ്റും കയറുമായി ഞങ്ങളില്‍ കുറെ പേര്‍ ഹോസ്പിറ്റലിന് പുറകു വശത്തെ ഭിത്തിയിലൂടെ പിടിച്ചു കയറി ഏറ്റവും മുകളിലെ നിലയിലെ ഓപ്പെറഷന്‍ തിയേറ്ററില്‍ നിന്നും   സ്റ്റാഫിനെയും രോഗികളെയും രക്ഷേപെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. (മാധ്യമങ്ങള്‍ ഞങ്ങളുടെ ആ ഉദ്യമത്തിന്റെ മുഴുവന്‍ ക്രെഡിറ്റും  സമീപചേരിയില്‍ നിന്ന് വന്ന  വെറും കാഴ്ചക്കാര്‍ മാത്രം ആയ ആളുകള്‍ക്ക്  പിന്നീട് ചാര്‍ത്തി കൊടുത്തു എന്നത് വേറൊരു വേദനിപ്പിക്കുന്ന സത്യം മാത്രം !)

ഇതേ സമയം ഫയര്‍ ഫോര്‍സും  പുറമേ നിന്ന്കൊണ്ട് ക്രയിന്‍ ലിഫ്റ്റ്‌ വഴി  പരമാവധി ആളുകളെ രക്ഷ്പെടുത്തിക്കൊണ്ടിരുന്നു. ബേസ്മെന്റില്‍   ആരംഭിച്ച പുക സെന്‍ട്രലൈസ്ഡ്  എ സി വഴി   ഹോസ്പിറ്റല്‍ മുഴുവന്‍ വേഗത്തില്‍ വ്യാപിക്കുകയായിരുന്നു. രാത്രി സമയമായിട്ടും ഒരു മുന്നറിയിപ്പിന് പോലും  അവസരം നല്‍കും മുന്‍പേ ക്ഷണ നേരം കൊണ്ട് പുക പടര്‍ന്നു  പിടിച്ചിട്ടും വാര്‍ഡുകളില്‍ നിന്നും മറ്റും പരമാവധി രോഗികളെ രക്ഷപെടുത്താന്‍  നേഴ്സ്മാര്‍ക്ക് കഴിഞ്ഞു ,ഐ സി യുവിലെയും, മറ്റു അത്യാഹിത വിഭാഗം രോഗികളെയും അധികം രക്ഷപെടുത്താന്‍ കഴിയാതിരുന്നതിന് കാരണം   ആദ്യം ശക്തമായ  പുക വന്നു മൂടിയത് മുകളിലത്തെ നിലകളില്‍ ആയിരുന്നു , അവിടെയായിരുന്നു ഐ സി യു വും ഓപ്പെറഷന്‍ തിയേറ്ററും...

രക്ഷപെടുത്തുന്ന ഓരോ രോഗികളെയും സ്റ്റാഫുമാരെയും തൊട്ടടുത്ത പഴയ  ഹോസ്പിറ്റല്‍ ബില്‍ഡിംഗിലേക്ക് ധ്രുതഗതിയില്‍ മാറ്റി കൊണ്ടിരുന്നു. കുറെ രോഗികളെ അടുത്തടുത്ത  ഹോസ്പിറ്റലുകളിലേക്കും  മാറ്റി കൊണ്ടിരുന്നു. ആ പഴയ ബില്‍ഡിംഗില്‍ ആയിരുന്നു എന്നെപ്പോലെ അനേകം വേറെ നേഴ്സ്മാരും ..

തീ പിടിച്ച ബില്‍ഡിംഗില്‍  നിന്ന് രക്ഷപെടുത്തി അവിടെ എത്തുന്ന ഓരോ രോഗികളിലും ഒരിറ്റ് ജീവനുവേണ്ടി ഞങ്ങള്‍ തേടി , ചില ശരീരങ്ങള്‍ ഞങ്ങള്‍ക്ക്  പ്രതീക്ഷ നല്‍കി , ചിലവ നിരാശയും ...

എന്നാലും ഞങ്ങള്‍ അശ്രാന്ത പരിശ്രമം തുടര്‍ന്നു. അതൊരു ഭീകര കാഴ്ച തന്നെയായിരുന്നു ,  ചലനം നിന്ന് പോയ, ഓജസ്സും  പ്രായവും ഇനിയും മങ്ങിയിട്ടില്ലാത്ത അനേകം മുഖങ്ങള്‍. ആ നിശ്ചലവദനങ്ങളെ നോക്കി നിലവിളിക്കുന്ന, പരിപതിപ്പിക്കുന്ന, ആക്രോശിക്കുന്ന  നൂറുകണക്കിന്  ബന്ധുക്കള്‍...

ഓരോ ശരീരത്തിലും ജീവന്റെ തുടിപ്പിനായ് ഞങ്ങള്‍ കൈമെയ് മറന്നു പോരാടി. ജീവന്‍ തിരിച്ചു കിട്ടി എന്ന് ഞങ്ങള്‍ ആശ്വസിച്ച പലരും അല്‍പനേരം കഴിഞ്ഞു പരല്‍ മീന്‍ കണക്കെ മരണത്തിന്റെ കയത്തിലേക്ക് വീണു പോയി. 

ആ പോരാട്ടത്തിന്റെ ഇടയിലെപ്പോഴോ ഞങ്ങളെ കൂടുതല്‍ തളര്‍ത്തികൊണ്ട് ആ വാര്‍ത്തയും വന്നെത്തി.  ഞങ്ങളുടെ സഹോദരിമാരായ മ്യയും വിനീതയും  രോഗികളെ രക്ഷപെടുത്തുന്നതിനിടയില്‍ മരണപ്പെട്ടു , !!!
രോഗികളെ രക്ഷിച്ചു കൊണ്ടിരിക്കെ  ,ഇറങ്ങി വരുന്ന വഴിയിലും , സ്റ്റെപ്പിലുമായി ആ ധീരവനിതകള്‍ കുഴഞ്ഞു വീണു ,ഒടുവില്‍ ..............

ആ വാര്‍ത്ത നല്‍കിയ ആഘാതത്തില്‍ തെല്ലിട തളര്‍ന്നു പോയ ഞങ്ങളുടെ മനസ്സുകളില്‍ ആ സഹോദരിമാരുടെ ത്യാഗം ഊര്‍ജ്ജമായി സന്നിവേശിച്ചു !പിടയുന്ന ഹൃദയത്തോടെ നിലച്ചു കൊണ്ടിരിക്കുന്ന പല ഹൃദയങ്ങളിലും  ഞങ്ങള്‍ ആ ഹൃദയങ്ങള്‍ നിലക്കാതിരിക്കാന്‍ പരിശ്രമം തുടര്‍ന്നു..
മണിക്കൂറുകള്‍ കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തില്‍ മാഞ്ഞു പോയി , എല്ലാം അവസാനിച്ചിരിക്കുന്നു , പല ഹോസ്പിറ്റലുകളിലായി  അനേകം രോഗികള്‍ രക്ഷപെട്ടതും  അല്ലാത്തതുമായ വാര്‍ത്തകള്‍ എത്തികൊണ്ടിരുന്നു , 
ഞങ്ങള്‍ നിന്നിരുന്ന പഴയ ബില്‍ഡിംഗിലെ  ഓപ്പെറഷന്‍ തീയറ്റര്‍ വരാന്തയില്‍ കൂട്ടിയിട്ട ശവശരീരങ്ങളില്‍ പലമുഖങ്ങളും ഇനിയുമേറെ സ്വപ്‌നങ്ങള്‍ ബാക്കിയുണ്ടയിരുന്നല്ലോ എന്ന് പരിഭവിക്കും പോലെ തോന്നി !

അകാലത്തില്‍ പൊലിഞ്ഞു പോയ എത്രയെത്ര ദീപങ്ങള്‍ രണ്ടു കാലുകള്‍ ഒടിഞ്ഞത് കൊണ്ട് ഓടാന്‍ കഴിയാതെ കിടന്ന കിടപ്പില്‍ മരണത്തെ പുല്‍കിയ മുപ്പത്തിമൂന്നുകാരി !
ജീവിക്കാന്‍ കൊതിച്ചു  ഓടി വാര്‍ഡിന്റെ ചില്ല് വാതില്‍ വരെ എത്തി  ആ വാതില്‍ തുറക്കും മുന്‍പേ മരണപ്പെട്ടു പോയ യുവാവ് . ശരീരം മൊത്തം വൃണം ആണെങ്കിലും സ്വബോധത്തിനു ഒന്നും സംഭവിക്കാതിരുന്ന ഇനിയും ഒരു പാട് സ്വപ്നങ്ങള്‍ ഞങ്ങളുമായ് മുന്‍പേ പങ്ക് വെച്ച നാല്‍പ്പത്തിനാലുകാരന്‍ !
ഒരു റോഡപകടത്തില്‍ താത്കാലികമായി മനസിന്റെ നിയന്ത്രണം നഷ്ട്ടമായി രക്ഷപെടുത്താനുള്ള നേഴ്സ്മാരുടെ ശ്രമത്തെ തിരസ്കരിച്ചു കട്ടിലിനടിയിലേക്കു ഒളിക്കാന്‍ ശ്രമിച്ച്  ഒടുവില്‍ മരണത്തിനു കീഴടങ്ങിയ   യുവാവ് ,
 തലേ രാത്രി വയര്‍ നിറച്ചു ഭക്ഷണം വാരികൊടുത്ത് , സ്നേഹത്തിന്റെ ഒരു നൂറു തിരി കത്തിച്ച പോലെ എന്റെ നേരെ നോക്കി ചിരിച്ച , ഡ്യുട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ ആ  കവിളില്‍ തലോടി ഒരു  സുന്ദരമായ രാത്രി ഞാന്‍  നേര്‍ന്ന മധ്യവയസ്കന്‍ !
അങ്ങനെ എത്രെയെത്രപേര്‍ ? മരണം മുന്നില്‍ കണ്ടിട്ടും രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ച ഉന്നത താരകങ്ങള്‍ ! ഞങ്ങളുടെ  സഹോദരിമാര്‍ !!!
 പുകയോന്നടങ്ങിയ ആ  കറുത്ത വെള്ളിയാഴ്ച  ഉച്ചതിരിഞ്ഞ്ഞാനും രാജേഷും വീണ്ടും  ആ ഹോസ്പിറ്റലിന്റെ പടികള്‍ കയറി . തലേ രാത്രി ഞങ്ങള്‍ ഇറങ്ങി പോയ  ഞങ്ങളുടെ ഐ സി യു ഒരു അപരിചിതനെ പോലെ ഞങ്ങള്‍ക്ക് തോന്നി , 
പ്രാണന്‍ വിട്ടൊഴിഞ്ഞ ചൂട് മാറാത്ത കിടക്കകള്‍ !
കറുത്തു പോയ ഉപകരണങ്ങള്‍!!!
നിശബ്ധമായ ആ അന്തരീക്ഷത്തില്‍ ഇനിയും ഒടുങ്ങാത്ത പുകമറകള്‍ !
പ്രാണനായ് കരഞ്ഞ ഓരോ മനുഷ്യ ശരീരത്തിന്റെയും തേങ്ങലുകള്‍ ഇപ്പോഴും അവിടമാകെ  അലയടിക്കും  പോലെ ...
 താഴെ നിന്ന് ഉറ്റവര്‍ നഷ്ട്ടമായവരുടെ വിലാപങ്ങള്‍ ആ നാലാം നിലയില്‍ നിന്നു പോലും വ്യക്തമായി ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു , പിന്നീട് പലപ്പോഴും ഒരു നേര്‍ത്ത തേങ്ങലായി ആ വിലാപങ്ങള്‍ എന്റെ കാതില്‍  ഓടിയെത്തും . കാതില്‍ അലയടിക്കുന്ന ആ ആര്‍ത്ത നാദങ്ങള്‍ക്ക് ഒടുവിലായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട് ''ഇനി ഇങ്ങനെയൊരു ഡിസംബര്‍ ഒമ്പത് എവിടെയും സംഭവിക്കരുതേ ''എന്ന് ..

Hunize KadirHunize Kadir