Breaking News

Trending right now:
Description
 
Nov 30, 2014

കുരിശിന്‍ ചുവട്ടിലെ മേരി (കഥ)

ജിജിമോള്‍ ഇ എസ്‌
image


ലക്ഷ്യത്തിലേയ്‌ക്കുള്ള പ്രയാണത്തില്‍ വഴി തെറ്റിയിരിക്കുന്നു. തിരിച്ചു നടക്കനാവില്ല, മുമ്പോട്ട്‌ നടക്കുവാന്‍ മനസാന്നിദ്ധ്യവും നഷ്ടമായിരിക്കുന്നു മേരി ക്രൂശിതനായ ക്രിസ്‌തുവിന്റെ രൂപത്തിനു മുമ്പില്‍ തലക്കുനിച്ചിരുന്നു വിങ്ങിപ്പൊട്ടി. ഉഷ്‌ണക്കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ താളത്തില്‍ ചലിക്കുന്ന മെഴുകുതിരി നാളങ്ങള്‍, കുന്തിരിക്കത്തിന്റെ സൗമ്യമായ സുഗന്ധം, എങ്ങും ഉച്ചവെയിലിന്റെ നിശബദത. ഒരു തേങ്ങല്‍ കേട്ടുവോ മേരി തലയുയര്‍ത്തി ചെവി വട്ടം പിടിച്ചു. തന്നെപ്പോലെ മറ്റൊരാള്‍ ഈ പൊരിയുന്ന വെയിലത്ത്‌ ക്രിസതുവിനോട്‌ സങ്കടം പറയുവാന്‍ എത്തിയതായിരിക്കും. മേരിക്ക്‌ കര്‍ത്താവിനോട്‌ ഇത്തിരി നീരസം തോന്നി. സാരിത്തലപ്പുകൊണ്ട്‌ മുഖം തുടച്ച്‌ മേരി പ്രസന്നവദയായി, താന്‍ കരഞ്ഞാല്‍ നാട്ടുകാര്‍ ഇത്‌ പശ്ചാത്താപ കണ്ണുനീരായി കാണും. പെട്ടെന്ന്‌ മേരിയുടെ തോളിലേയ്‌ക്ക്‌ ജലതുള്ളികള്‍ ഇറ്റു വീണു, മേരി ആശ്ചര്യത്തോടെ കണ്ണുകള്‍ ഉയര്‍ത്തി തൂങ്ങപ്പെട്ട കര്‍ത്താവിന്റെ തിരുരൂപത്തിലേയ്‌ക്ക്‌ നോക്കി. ഇല്ല, കര്‍ത്താവിന്റെ രൂപം അവിടെയില്ല. 

ഭയം കൊണ്ട്‌ മേരിക്ക്‌ വാക്കുകള്‍ നഷ്ടമായി.ദൈവമേ നീ സ്വര്‍ണ്ണമോ വെള്ളിയോ കൊണ്ട്‌ നിര്‍മ്മിച്ചതാണോ അല്ലെങ്കില്‍ ആരെങ്കിലും കര്‍ത്താവിനെ അടിച്ചുമാറ്റിയോ.. ? . തലയ്‌ക്ക്‌ കൈ വച്ച്‌ മേരി നിര്‍വികാരയായി ഇരുന്നു. നേരം കെട്ട നേരത്ത്‌ താന്‍ വരുകയും ചെയ്‌തു അവളുടെ മനസ്സിലേയ്‌ക്ക്‌ നൂറായിരം ചിന്തകള്‍ കടന്നു വന്നു. പോലീസ്‌, കോടതി ചാനലുകളുടെ ഫ്‌ളാഷ്‌ ലൈറ്റുകള്‍ക്ക്‌ മുന്നീലൂടെ മുഖം മറച്ച്‌ പോലീസ്‌ ജീപ്പിലേയ്‌ക്ക്‌ നടക്കുന്ന തന്റെ രൂപം നൂറുകണക്കിനു മൊബൈലുകള്‍ ഒപ്പിയെടുക്കുന്ന തന്റെ ചിത്രം. ഈ അര മണിക്കൂറിനുള്ളില്‍ എന്താണ്‌ സംഭവിച്ചത്‌? ഒരു തണുത്ത കരം മേരിയുടെ പുറത്ത്‌ സ്‌പര്‍ശിച്ചപ്പോള്‍ മേരി ചാടി എഴുന്നേറ്റു. അവള്‍ക്ക്‌ തന്നെ തന്നെ വിശ്വസിക്കാനായില്ല. ക്രൂശിന്മേല്‍ തൂങ്ങപ്പെട്ട കര്‍ത്താവിതാ തന്റെ മുമ്പില്‍. സത്യത്തില്‍ മുമ്പില്‍ നില്‌ക്കുന്നതു ദൈവപുത്രനാണെന്ന കാര്യം അവള്‍ മറന്നു. "എന്തു പണിയാണു നീ കാണിച്ചത്‌? " അവള്‍ കോപം കൊണ്ട്‌ വിറച്ചു. 
"മേരി ഞാന്‍"... ക്രീസ്‌തു ദേവന്‍ വാക്കുകള്‍ കിട്ടാതെ ഇടറി. 
"നിനക്കീ കാലത്തെക്കുറിച്ച്‌ എന്തറിയാം, നിന്നെ ഈ ക്രൂശുരൂപത്തില്‍ കണ്ടില്ലെങ്കില്‍ ഇടവകക്കാര്‍ എന്നെ വെറുതേവിടുമോ, പോലീസും കോടതിയുമായി ഞാന്‍ കയറി ഇറങ്ങേണ്ടി വരില്ലേ... " ക്രിസ്‌തു ഒരു നിമിഷം മ്ലാനവദനനായി. 
നീ വിഷമിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞതല്ല, നിനക്ക്‌ കാര്യമറിയാമല്ലോ എന്റെ പേര്‌ മേരിന്നാണെങ്കിലും ഞങ്ങളു ജാതി വേറയാ. അമ്പലത്തില്‍ പോയാലെ ആനുകൂല്യത്തനുള്ള സര്‍ട്ടിഫിക്കറ്റു തരത്തുള്ളൂന്ന്‌ വില്ലേജ്‌ ഓഫിസര്‍ തീര്‍ത്തു പറഞ്ഞു. കഴിഞ്ഞ ദിവസം അമ്പലത്തില്‍ ചെന്ന്‌ തിരുമേനിയോട്‌ ചോദിച്ചിട്ട്‌ തിരുമേനി അമ്പിനും വില്ലിനും അടക്കുകേല, സത്യത്തിനു വിരുദ്ധമായി പുള്ളിക്കാരന്‍ ഒന്നു ചെയ്യില്ലന്ന്‌. അങ്ങനെ കുറെ സത്യക്കാര്‍ നാട്ടിലുണ്ട്‌, ഞാനിപ്പോള്‍ അമ്പലത്തിലാ പോകുന്നത്‌, പിന്നെ ജാതി തിരുത്തി വീണ്ടും ഹിന്ദു പുലയയാകാന്‍ എന്തെല്ലാം പാടുപ്പെട്ടു. എത്ര സര്‍ട്ടിഫിക്കറ്റുകള്‍ ഓ അതൊന്നു പറഞ്ഞാല്‍ നിനക്കു മനസ്സിലാവില്ല, എന്റ പ്രശനത്തിനിടയില്‍ നിന്റെ കാര്യം ഞാന്‍ മറന്നു കര്‍ത്താവേ നിന്റെ വിഷമം എന്താ?" 
"ക്രിസ്‌തു ഒരു നിമിഷം തലക്കുനിച്ചിരുന്നു. "മടുത്തു എനിക്ക്‌ മടുത്തു, അര്‍ത്ഥമില്ലാത്ത പ്രാര്‍ത്ഥനകള്‍" 
കര്‍ത്താവേ നീ ദൈവപുത്രനാണ്‌ ഇങ്ങനെ ആത്മവിശ്വാസം നഷ്ടപ്പെട്ടാലോ... മേരി ക്രിസതു ദേവനെ തോളോടു ചേര്‍ത്ത്‌ ആശ്വസിപ്പിച്ചു. ക്രിസ്‌തുവിന്റെ ഉള്ളില്‍ കനല്‍ക്കൂട്ടിയ ദുഃഖങ്ങള്‍ അണപ്പൊട്ടി ഒഴുകുകയാണ്‌. മേരി വിഷണയായി എങ്ങനെ ആശ്വസിപ്പിക്കണം കരയുന്നത്‌ ദൈവപുത്രനാണ്‌. അങ്ങ്‌ ദൂരേന്ന്‌ ഒരു കാല്‍പെരുമാറ്റം അച്ചനും കപ്യാരും കമ്മറ്റിക്കാരുമാണ്‌.
മേരി കര്‍ത്താവിന്റെ കാല്‍പിടിച്ചു കെഞ്ചി," കര്‍ത്താവേ വേഗം അവരു വരുന്നതിനു മുമ്പ്‌ കുരിശേലോട്ട്‌ കയറ്‌. "
തൂങ്ങപ്പെട്ട രൂപത്തിനു മുമ്പില്‍ മേരിയെ കണ്ട്‌ അച്ചന്‍ പുഞ്ചിരിയോടെ ചോദിച്ചു "മേരി നീ അവസാനം സത്യത്തിലേയ്‌ക്ക്‌ മടങ്ങി വന്നല്ലേ"? "ഇവറ്റകളൊന്നു നന്നാകില്ലച്ചോ.".. കപ്യാരു ക്രിസതുദേവന്റെ രൂപം തൂത്തു വൃത്തിയാക്കുന്നതിനിടയില്‍ മുഖം കോക്രിച്ചു .
ക്രിസ്‌തുവിനെ കുരിശില്‍ ഉപേക്ഷിച്ച്‌ നടന്നു നീങ്ങുമ്പോള്‍ മേരിക്ക്‌ വല്ലാത്തൊരു കുറ്റബോധം തോന്നി, എങ്കിലും പിന്‍തിരിഞ്ഞു നോക്കാതെ വീട്ടിലേയ്‌ക്ക്‌ നടന്നു. ദൈവപുത്രന്‍ പുറകെ വന്നാല്‍ ... വയ്യ എന്തിനു വെറുതേ വയ്യാവേലി പിടിക്കണം.