Breaking News

Trending right now:
Description
 
Nov 29, 2012

ചിരിയും സൗഹൃദവും കൈമുതലാക്കി ഇതു നമ്മുടെ ശ്രീജ

അഭിമുഖം: ഇ.എസ്‌. ജിജിമോള്‍
image
ചാനല്‍ പൂമുഖത്തെ അവതാരകര്‍ മലയാളികള്‍ക്ക്‌ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്‌. അവരുടെ മുഖത്തുവിരിയുന്നതു സന്തോഷമോ സങ്കടമോ എന്തായാലും അത്‌ മലയാളിയുടെകൂടി വീട്ടുകാര്യമാണ്‌. അതുകൊണ്ടാണ്‌ ഒരിക്കലും നേരിട്ട്‌ കണ്ടിട്ടില്ലാത്തവര്‍പോലും ചിരപരിചിതരെപ്പോലെ അടുത്തുവന്ന്‌ അതീവ സ്‌നേഹത്തോടെ കുശലം പറയുന്നതും വീട്ടുകാര്യം അന്വേഷിക്കുന്നതും ചിലപ്പോള്‍ വിമര്‍ശിക്കുന്നതും മറ്റു ചിലപ്പോള്‍ സഹായഹസ്‌തവുമായി ഓടിയെത്തുന്നതും. 

ഇവരില്‍ മലയാളികള്‍ക്ക്‌ ഏറ്റവും പരിചിതമായ മുഖമാണ്‌ ശ്രീജയുടേത്‌. ആത്മവിശ്വാസം സ്‌ഫുരിക്കുന്ന മുഖത്തോടെ പുഞ്ചിരി മായാതെ കാര്യങ്ങള്‍ കാര്യഗൗരവത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ശ്രീജയുടെ മന:സാന്നിദ്ധ്യത്തോട്‌ മലയാളികള്‍ക്കാകെ ആദരവാണ്‌. അതിനപ്പുറം ആരാധനയോടെ ശ്രീജയെ നോക്കിക്കാണുന്നവരും ഒട്ടേറെ. 

മന:ശാസ്‌ത്രമോ, ബിസിനസോ, ജീവശാസ്‌ത്രമോ എന്തുമാവട്ടെ എത്ര ഗൗരവകരമായ വിഷയങ്ങളെയും സരസവും ലളിതവുമായി അവതരിപ്പിക്കുന്ന ശ്രീജ സുരേഷ്‌ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്‌.. 
 


നീണ്ട പതിനാല്‌ വര്‍ഷമായി ശ്രീജ ക്യാമറയ്‌ക്ക്‌ മുന്നില്‍ ലൈവായും അല്ലാതെയും നില്‌ക്കുന്നു. പക്ഷേ കഴിഞ്ഞ ദിവസം ശ്രീജ ഒരു ലൈവ്‌ ടെലിവിഷന്‍ ഷോയുടെ ബ്രെയ്‌ക്കിനിടയില്‍ ബോധംകെട്ടു വീണു. പരിപാടി ഡോക്ടറോട്‌ ചോദിക്കുക എന്നതായിരുന്നതിനാല്‍ ഡോക്ടര്‍ സമീപത്തു തന്നെ ഉണ്ടായിരുന്നു. ഡോക്ടര്‍ പരിശോധിച്ചു പറഞ്ഞു, ടെന്‍ഷന്‍ കൊണ്ടുള്ള തലക്കറക്കമാണത്രേ. ഈ ഫീല്‍ഡില്‍ ഇത്ര നാള്‍ നിന്നിട്ട്‌ ഒരു ലൈവിന്‌ ഇത്ര ടെന്‍ഷന്റെ കാര്യമോ എന്നു ചോദിക്കാന്‍ വരട്ടെ. ആ ടെന്‍ഷന്‍ എന്തെന്ന്‌ പറയുന്നതിനു മുമ്പ്‌ ഇത്തിരി ചരിത്രം പറയാം.

ശ്രീജ രണ്ടു വര്‍ഷം മുമ്പാണ്‌ "ശ്രീ' എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചത്‌. വിവിധ ടെലിവിഷന്‍ ഷോകളില്‍ കൂടുതലും ഡോക്ടറോട്‌ ചോദിക്കുക പോലെയുള്ള പരിപാടികള്‍ അവതരിപ്പിച്ചതിനാല്‍ പ്രേക്ഷകരില്‍ പലരും ഇത്തരം സഹായഹസ്‌തങ്ങള്‍ക്കായി വീണ്ടും വിളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഒരു സംഘടനതന്നെ ആരംഭിച്ചാലോ എന്നതിനെക്കുറിച്ച്‌ കാര്യമായി ചിന്തിച്ചത്‌. അങ്ങനെ Social Support, Rehabilitation, Education, Empower - SSREE (ശ്രീ) ആരംഭിച്ചു. 


ഹൃദ്‌രോഗികള്‍, കിഡ്‌നി രോഗികള്‍, കരള്‍ രോഗികള്‍ എന്നിങ്ങനെ മൂന്നായി തിരിച്ച്‌ സഹായം കൊടുക്കാമെന്നായിരുന്നു ആലോചന. ഹൃദയ സംബന്ധമായ ഒരു ഓപ്പറേഷന്‌ കുറഞ്ഞത്‌ ഒരു ലക്ഷം രൂപയെങ്കിലും വേണം. അത്രയും വലിയൊരു തുക കണ്ടെത്തുവാന്‍ സാധിക്കാത്തതിനാല്‍ കിഡ്‌നി സംബന്ധമായ രോഗികളെ സഹായിക്കാന്‍ തീരുമാനിച്ചു. 

കിഡ്‌നി സംബന്ധമായ രോഗങ്ങളെക്കുറിച്ച്‌ അറിഞ്ഞപ്പോഴാണ്‌ കൂടുതല്‍ പരിതാപകരമായി തോന്നിയത്‌. ഒരാള്‍ കിഡ്‌നി രോഗത്തിന്റെ പിടിയിലായാല്‍ പിന്നെ രോഗം പൂര്‍ണമായും സുഖപ്പെടാനുള്ള സാധ്യതയില്ല. ഒന്നുകില്‍ കിഡ്‌നി മാറ്റി വയ്‌ക്കുക, അല്ലെങ്കില്‍ ഡയാലിസിസ്‌. ഒരാള്‍ക്ക്‌ ഡയാലിസിസ്‌ തുടങ്ങിയാല്‍ പത്തു മുതല്‍ പന്ത്രണ്ട്‌ ഡയാലിസിസ്‌ വരെ ഒരുമാസം വേണ്ടി വരും. സ്വകാര്യ ഹോസ്‌പിറ്റലുകള്‍ പലതും ഒരു ഡയാലിസിസിന്‌ 2500 രൂപ വരെയാണ്‌ ചാര്‍ജ്‌ ചെയ്യുന്നത്‌. സാധാരണക്കാരനു താങ്ങാന്‍ സാധിക്കാത്ത ഒരു ചിലവാണ്‌ ഈ ഡയാലിസിസിന്റേത്‌. മരുന്നിനു പണം വേറെ. 

ഡയാലിസിസിനു ശേഷം ഒരു അയണ്‍ കുത്തിവയ്‌പ്‌ എടുക്കണമെന്നാണ്‌ നിബന്ധന. പാവപ്പെട്ടവരില്‍ പലരും ഇതൊഴിവാക്കും. കാരണം പണത്തിന്റെ പ്രശ്‌നംതന്നെ. നെയ്യാറ്റിന്‍കരയിലെ നിംസ്‌ ഹോസ്‌പിറ്റല്‍ അടിസ്ഥാന ചെലവുകള്‍ മാത്രം നല്‍കിയാല്‍ രോഗികള്‍ക്ക്‌ ഡയാലിസിസ്‌ ചെയ്‌തു കൊടുക്കാമെന്ന്‌ സമ്മതിച്ചു. ഒരു ഡയാലിസിസിനു വേണ്ട അടിസ്ഥാന ചെലവ്‌ 680 രൂപയാണ്‌. 700 രൂപ വച്ച്‌ അടച്ചാല്‍ ഡയാലിസിസ്‌ നല്‌കാമെന്ന്‌ അവര്‍ സമ്മതിച്ചു. 

സുഹൃദ്‌വലയത്തില്‍ നിന്ന്‌ പണം കണ്ടെത്തി 2010 ഡിസംബര്‍ ഒന്നാം തീയതി 23 രോഗികള്‍ക്ക്‌ സൗജന്യ ഡയാലിസിസ്‌ നല്‌കി. മാസത്തില്‍ പത്തും പന്ത്രണ്ടും ഡയാലിസിസ്‌ വേണ്ട രോഗിക്ക്‌ ഒരെണ്ണമെങ്കില്‍ ഒരെണ്ണം സൗജന്യമായി കിട്ടിയാല്‍ അത്‌ വളരെ ആശ്വാസമാകും. കൂലിപ്പണിക്കാരും മീന്‍പിടുത്തക്കാരുമാണ്‌ ഡയാലിസിസ്‌ തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും.


ഈ ഡിസംബറില്‍ ശ്രീ തുടങ്ങിയിട്ട്‌ മൂന്നുവര്‍ഷം തികയും. കഴിഞ്ഞ വര്‍ഷം എസ്‌ബിടി ബാങ്ക്‌ ശ്രീക്ക്‌ സാമ്പത്തിക സഹായം നല്‌കിയിരുന്നു. അതുകൊണ്ട്‌ മാസംതോറും 80 ഡയാലിസിസ്‌ വീതം സൗജന്യമായി നല്‌കാന്‍ സാധിച്ചിരുന്നു. ഈ വര്‍ഷം 52 പേര്‍ക്കാണ്‌ മാസത്തില്‍ ഒരു ഡയാലിസിസ്‌ വീതം സൗജന്യമായി നല്‌കുന്നത്‌. 

പലപ്പോഴും ഫെയ്‌സ്‌ബുക്ക്‌ സൗഹൃദക്കൂട്ടായ്‌മ സഹായത്തിനെത്താറുണ്ട്‌. ഒരു ദിവസം ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ഡയാലിസിസ്‌ തുകയുടെ ചെക്ക്‌ നല്‌കി. എല്ലാമാസവും ആദ്യം ചെക്ക്‌ നല്‌കണം. പക്ഷേ, അക്കൗണ്ടില്‍ തുകയുടെ കുറവുണ്ട്‌. എന്തെങ്കിലും വഴി കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ചെക്ക്‌ നല്‌കിയത്‌. ഹോസ്‌പിറ്റലില്‍ നിന്ന്‌ ചെക്ക്‌ ബാങ്കിലേയ്‌ക്ക്‌ അയച്ചു കഴിഞ്ഞു.

ആകെ വിഷമിച്ചിരിക്കുമ്പോള്‍ ഒരു അമ്മച്ചിയുടെ ഫോണ്‍ കോള്‍. കുറച്ച്‌ പണത്തിന്റെ ചെക്ക്‌ മരുമോള്‍ അമേരിക്കയില്‍ നിന്ന്‌ കൊടുത്തുവിട്ടുണ്ട്‌. എങ്ങനെ എത്തിക്കണമെന്നാണ്‌ അന്വേഷണം. നിമിഷങ്ങള്‍ക്കകം ശ്രീജ അവിടെ പറന്നെത്തി. മുന്‍പ്‌ അമേരിക്കയിലെ മെര്‍ലിന്‍ എന്ന ഒരു സ്‌ത്രീ ഫെയ്‌സ്‌ബുക്കില്‍ നിന്ന്‌ ശ്രീ കൂട്ടായ്‌മയെക്കുറിച്ചറിഞ്ഞ്‌ കുറച്ച്‌ ഫണ്ട്‌ തരാമെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ അതേക്കുറിച്ചൊന്നും കേട്ടില്ല. ഇപ്പോള്‍ അവരുടെ അമ്മ അമേരിക്കയില്‍ നിന്ന്‌ നാട്ടില്‍ എത്തിയപ്പോള്‍ കൊടുത്തുവിട്ടതാണ്‌. ആ പണം ബാങ്കില്‍ ഇട്ട്‌ നിമിഷങ്ങള്‍ക്കകം പണം ട്രാന്‍സ്‌ഫര്‍ ചെയ്‌തു തന്നു. അക്കൗണ്ടില്‍ ക്രെഡിറ്റായ വിവരം വന്നതിന്റെ തൊട്ടുപിറകേ മറ്റൊരു മെസ്സേജ്‌ എത്തി. ചെക്ക്‌ കളക്ഷനായി പോയിയെന്ന്‌. ബാലന്‍സ്‌ 84 രൂപ മാത്രം. 

അങ്ങനെ ഈ പാവപ്പെട്ട രോഗികള്‍ക്ക്‌ ഫണ്ട്‌ കണ്ടെത്താന്‍ ശ്രീജ ചെയ്യുന്ന മറ്റൊരു പരിപാടിയാണ്‌ റിയല്‍ എസ്റ്റേറ്റ്‌. അടുത്ത സുഹൃത്തുക്കള്‍ക്ക്‌ സ്ഥലവും മറ്റും വാങ്ങികൊടുക്കും. അതില്‍ നിന്ന്‌ കിട്ടുന്ന വരുമാനം ഈ രോഗികള്‍ക്കായി മാറ്റിവയ്‌ക്കും. ഫര്‍ണിച്ചറുമായി ബന്ധപ്പെട്ട്‌ മറ്റൊരു ബിസിനസും മനസില്‍ ഉണ്ട്‌. ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടുതലും ഫണ്ട്‌ കുറവുമാണ്‌. കഷ്ടി രണ്ടു മാസത്തേയ്‌ക്കു കൂടിയുള്ള ഫണ്ടാണ്‌ നിലവില്‍ ഉള്ളത്‌. അതുകൊണ്ട്‌ എങ്ങനെ ഈ പരിപാടി മുന്നോട്ട്‌ കൊണ്ടുപോകുമെന്ന്‌ അറിയില്ല. 

ഈ അടുത്തകാലത്ത്‌ ഫണ്ട്‌ തികയാതെ വന്ന ദിവസം സംഘടനയുടെ ആവശ്യത്തിനായി ഒരു സ്റ്റേജ്‌ പ്രോഗ്രാം ചെയ്‌തിരുന്നു. പ്രോഗ്രാം കഴിഞ്ഞ്‌ നേരെ വന്നത്‌ ചാനല്‍ ലൈവ്‌ ഷോയ്‌ക്ക്‌. ഉറക്കം നഷ്ടപ്പെട്ടതും ഫണ്ടിനെക്കുറിച്ചുള്ള ആധിയും കാരണം പ്രഷര്‍ താഴ്‌ന്ന്‌ അല്‌പം സമയം ബോധം തന്നെ നഷ്ടപ്പെട്ടു. എന്തായാലും തലക്കറക്കം ഉണ്ടായത്‌ ബ്രേയ്‌ക്ക്‌ സമയത്തായതിനാല്‍ പരിപാടി കുളമായില്ല. പരസ്യം കഴിഞ്ഞതും തലക്കറക്കം മാറി ശ്രീജ പരിപാടി തുടരുകയും ചെയ്‌തു. ഈ തലക്കറക്കങ്ങളും ബോധക്കേടുകളും മറ്റു മനുഷ്യരുടെ വേദനയ്‌ക്ക്‌ മുന്നില്‍ എത്രയോ നിസാരമാണെന്ന്‌ ശ്രീജ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ സൗഹൃദങ്ങളെക്കുറിച്ച്‌ പലരും മോശമായി പറയുമ്പോള്‍ ശ്രീജ എതിര്‍ക്കും. കാരണം ശ്രീജയ്‌ക്ക്‌ ഇത്‌ നന്മയുടെ വലയാണ്‌. ഏഴോളം പേര്‍ക്ക്‌ താന്‍ വഴി ജോലി നേടിക്കൊടുക്കാന്‍ ഈ സൗഹൃദകൂട്ടായ്‌മയിലൂടെ സാധിച്ചിട്ടുണ്ടെന്ന്‌ ശ്രീജ. ചിലര്‍ വിളിച്ച്‌ നന്ദി പറയും. ചിലര്‍ മിണ്ടാതെ പോകും. പലരും പല സ്വഭാവക്കാര്‍. നമ്മുടെ നിലപാട്‌ കൃത്യമായി പറഞ്ഞു കഴിഞ്ഞാല്‍ ഫേയ്‌സ്‌ബുക്ക്‌ സൗഹൃദം നന്മ മാത്രമേ നമ്മള്‍ക്ക്‌ തരുകയുള്ളു. ഈ രണ്ടു വര്‍ഷം കൊണ്ട്‌ ഇതുവരെ 2000 ഡയാലിസസാണ്‌ സൗജന്യമായി നല്‌കിയത്‌. 14 ലക്ഷത്തോളം രൂപയാണ്‌ അതിനായി കണ്ടെത്തിയത്‌. അതെങ്ങനെ കഴിഞ്ഞുവെന്നത്‌ ഇപ്പോഴും ശ്രീജയ്‌ക്ക്‌ അത്ഭുതം. 

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത ശ്രീജ പ്രശസ്‌ത മന:ശാസ്‌ത്രഞ്‌ജന്‍ മാത്യു വെല്ലൂരുമായുള്ള മനോയാനം എന്നപരിപാടിയിലൂടെയാണ്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്‌. തിരുവനന്തപുരത്ത്‌ താമസമാക്കിയ ശ്രീജ ജയ്‌ഹിന്ദ്‌ ടെലിവിഷനില്‍ ഡോക്ടറോട്‌ ചോദിക്കുക എന്ന ലൈവ്‌ ഷോയും അവതരിപ്പിക്കുന്നു. സിനിമാ പ്രൊഡ്യുസറായ സുരേഷാണ്‌ ഭര്‍ത്താവ്‌. നാടോടി മന്നന്‍ എന്ന പുതിയ ദിലീപ്‌ ചിത്രം പ്രൊഡ്യൂസ്‌ ചെയ്‌തിരിക്കുന്നത്‌ സുരേഷാണ്‌.