Breaking News

Trending right now:
Description
 
Nov 26, 2014

ക്യാന്‍സറിനെ മറിക്കടന്ന്‌ സഫിയ വീണ്ടും എത്തുന്നു;പേരറിയായിടങ്ങളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക്‌ താങ്ങാകുവാന്‍

സൗദിയിലേയ്‌ക്ക്‌ ഏറ്റവും അധികം മനുഷ്യക്കടത്ത്‌ നടക്കുന്നത്‌ കേരളത്തില്‍ നിന്ന്‌: സഫിയ അജിത്ത്‌
image
പ്രവാസ ലോകത്ത്‌ ഒറ്റപ്പെട്ടുപോയവര്‍ക്ക്‌ കരുത്ത്‌ നല്‍കാന്‍, അവരെ തിരിച്ച്‌ പ്രതീക്ഷയുടെ തുരുത്തിലേയ്‌ക്ക്‌ തിരിച്ചയക്കാന്‍ സഫിയ അജിത്ത്‌ എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ പെണ്‍കരുത്ത്‌ ഇനിയും വേണമെന്നാണ്‌ ദൈവം നിശ്ചയം. അതുകൊണ്ടു തന്നെ ക്യാന്‍സറിനെ മനക്കരുത്ത്‌ കൊണ്ടു തോല്‌പിച്ചു സഫിയ അജിത്തിന്‌ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിയേ തീരു.

സൗദിയില്‍ എത്തി പലകാരണങ്ങളാല്‍ ജയിലിലും വീടുകളിലും കുടുങ്ങിപ്പോകുന്നവരെ തിരിച്ച്‌‌ നാട്ടിലെത്തിക്കുവാന്‍ സഹായിക്കുന്ന സൗദിയിലെ ഏക മലയാളിയായ വനിത സാമൂഹ്യപ്രവര്‍ത്തകയാണ്‌ സഫിയ അജിത്ത്‌. മൂത്രാശയത്തിനും ഗര്‍ഭാശയത്തിനും ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച സഫിയ രോഗത്തില്‍ നിന്ന്‌ മോചനം നേടി വീണ്ടും സൗദിയില്‍തിരിച്ചെത്തുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി സൗദിയിലെ ദമ്മാം കേന്ദ്രീകരിച്ചു സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന സഫിയ അജിത്തുമായി ജിജി ഷിബു നടത്തിയ അഭിമുഖത്തില്‍ നിന്ന്‌


സഫിയ സാമൂഹ്യപ്രവര്‍ത്തനത്തിലേയ്‌ക്ക്‌ കടന്നു വരാനുണ്ടായ സാഹചര്യമെന്താണ്‌?

എനിക്ക്‌ ചുറ്റും ഒരുപാടു പേര്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നതു കണ്ടപ്പോള്‍ എനിക്കു നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ പിന്തുണയുമുണ്ടായി. ഞാന്‍ നഴ്‌സിംഗ്‌ ഫില്‍ഡിലായിരുന്നപ്പോഴും എനിക്ക്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അടുപ്പം ഉണ്ട്‌. എന്നാല്‍ പബ്ലിക്കിന്റെ മുമ്പിലേയ്‌ക്ക്‌ വന്നിരുന്നില്ല. ഞാന്‍ ആദ്യം വര്‍ക്ക്‌ ചെയ്‌തിരുന്ന ഹോസപിറ്റലില്‍ നിന്നു മാറി ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേയ്‌ക്ക്‌ എത്തിയതോടെ എനിക്ക്‌ ഹോസ്‌പിറ്റലിന്റെ മോറല്‍ സപ്പോര്‍ട്ടും കിട്ടാന്‍ തുടങ്ങി. കൂടാതെ, ഞാന്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ തുടങ്ങിയതോടെ ഹൗസ്‌ ഡ്രൈവര്‍മാരും വീട്ടുജോലിക്കെത്തുന്ന സ്‌ത്രീകളും അവരുടെ പ്രശനങ്ങള്‍ പറഞ്ഞു തുടങ്ങി. അതോടെ സമാനചിന്താഗതിയുള്ളവരുമായി ചേര്‍ന്നു നവയുഗം ചാരിറ്റബിള്‍ട്രസ്‌റ്റു ആരംഭിച്ചു പ്രവര്‍ത്തനം തുടങ്ങി.

സൗദിയില്‍ സ്‌ത്രീകള്‍ക്കു സ്വാതന്ത്ര്യമില്ലാത്ത രാജ്യമല്ലേ, അവിടെ എന്തെല്ലാം വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നു?

എനിക്കു ദൈവാനുഗ്രഹം കൊണ്ടു ഞാന്‍ കേറിച്ചെന്ന എല്ലാ ഓഫീസേഴ്‌സിന്റെ ഭാഗത്തു നിന്നും നല്ല സമീപനമാണ്‌ ലഭിച്ചിരിക്കുന്നത്‌. എന്തു വലിയ പ്രശ്‌നമാണെങ്കിലും. പ്രത്യേകിച്ച്‌ സ്‌ത്രീയെന്ന നിലയില്‍ വലിയ പരിഗണന നല്‌കിയിട്ടുണ്ട്‌. സ്‌ത്രീയെന്ന പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടു വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സൗദിയിലെ സൗദിക്കാരായ ഉദ്യോഗസ്ഥര്‍ തന്നെ എന്നെ സഹായിച്ചിട്ടുണ്ട്‌. ലേബര്‍ ഓഫീസേഴ്‌സായാലും ജയിലുദ്യോഗസ്ഥരായാലും എല്ലാവരില്‍ നിന്നും നല്ല സമീപനമാണ്‌ ലഭിച്ചത്‌.

സാധാരണ പ്രവാസികള്‍ ചിന്തിക്കുന്നത്‌ പണം ഉണ്ടാക്കണം നാട്ടില്‍ വന്നു ജീവിക്കണം എന്നാണ്‌. അതില്‍ നിന്നു വ്യത്യസ്‌തമായി സാമൂഹ്യപ്രവര്‍ത്തനത്തിന്‌ ഇറങ്ങിത്തിരിക്കുമ്പോള്‍ കയ്യില്‍ നിന്ന്‌ പണം പോകില്ലേ...?

എനിക്ക്‌ പണം ഒരു വിഷയമായിട്ട്‌ തോന്നിയിട്ടില്ല. ജയിലുകളില്‍ കഴിയുന്നവരെ പോയി കണ്ടു അവരുടെ വിഷയങ്ങള്‍ കേട്ടപ്പോള്‍ പണം ഒരു വിഷയമായി തോന്നിയില്ല. ടിക്കറ്റ്‌ പോലെ വലിയ സാമ്പത്തിക സഹായം വേണ്ട കേസുകളില്‍ സിറ്റി ഫ്‌ളൗവര്‍, ലുലു, നെറ്റോ പോലെയുള്ള വലിയ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മുതലാളിമാരുടെ സഹായം തേടി. അവര്‍ ഒരുപാട്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ ചെയ്‌തു തുടങ്ങി. 

സൗദിയില്‍ സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ എത്തിയിട്ട്‌ എത്രവര്‍ഷമായി? 

22 വര്‍ഷമായി ഞാന്‍ സൗദിയിലുണ്ട്‌. ഞാന്‍ നഴ്‌സായി ജോലി ചെയ്‌തിരുന്നപ്പോള്‍ മുതല്‍ സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ സജീവമായിരുന്നു. അന്ന്‌ സുഡാന്‍കാരികളായ സ്‌ത്രീകളെ സഹായിച്ചു കൊണ്ടാണ്‌ രംഗത്ത്‌ എത്തിയത്‌. എന്നാല്‍ നവയുഗം സാംസ്‌കാരിക വേദി ആരംഭിച്ചു സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ എത്തിയിട്ടു ഏഴുവര്‍ഷമാകുന്നു.


സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ എത്തിയിട്ടു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌പര്‍ശിച്ച സംഭവം ഏതാണ്‌? 
ജീവിതത്തെ സ്‌പര്‍ശിച്ച ഏറെ സംഭവങ്ങള്‍ ഉണ്ട്‌. സൗദിയില്‍ വീട്ടു ജോലിക്കു വന്നിട്ട്‌ മൂന്നു നാലുമാസം ജോലി ചെയ്‌തു ഉടു തുണിക്ക്‌ മറു തുണിയില്ലാതെ കഷ്ടപ്പെട്ടു തകര്‍ന്നു എത്തുന്നവരെ സഹായിക്കാന്‍ സാധിച്ച ഒത്തിരി സംഭവങ്ങളുണ്ട്‌. സ്‌പോണ്‍സറെ കണ്ടുപിടിച്ച്‌ പാസ്‌പോര്‍ട്ട്‌ തിരികെ വാങ്ങി, പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ എടുത്തു കൊടുത്ത്‌ വ്യവസായികളെ കണ്ടുപിടിച്ച്‌ അവരെക്കൊണ്ടു ഇവര്‍ക്ക്‌ ടിക്കറ്റും എടുത്തു കൊടുത്തു സഹായിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം തന്നെയാണ്‌.
മലയാളികളായ സ്‌ത്രീകള്‍ തന്നെ ദിനം പ്രതിയാണ്‌ ഇവിടെ പീഡനത്തിന്‌ ഇരയായി എത്തുന്നത്‌. കഴിഞ്ഞയിടയ്‌ക്ക്‌ കോഴിക്കോട്ടുകാരിയായ ഒരു താത്ത 18 മാസം ജോലി ചെയ്‌തിട്ട്‌ പൈസ ലഭിച്ചില്ല. അവരെ അടിച്ചു അവശയാക്കി വിട്ടു. വീട്ടു ജോലിക്കെത്തുന്ന ഭൂരിപക്ഷത്തിനും കഠിനമായ പീഡനമാണ്‌ സഹിക്കേണ്ടി വരുന്നത്‌.ഹൗസ്‌ ഡ്രൈവര്‍മാര്‍ക്കും അതേഗതി തന്നെയാണ്‌.

എങ്ങനെയാണ്‌ ഇവരെ കണ്ടെത്തുന്നത്‌? 

ഇപ്പോള്‍ പലരു വഴി നമ്പര്‍ കിട്ടിയിട്ട്‌ ചിലര്‍ ഇങ്ങോട്ടു വിളിക്കാറുണ്ട്‌. ദമ്മാമിലെ നവയുഗത്തില്‍ വിളിക്കും. പിന്നെ ആഴ്‌ചയിലൊരിക്കല്‍ ഞാന്‍ ജയില്‍ സന്ദര്‍ശിക്കും.

ആദ്യമൊക്കെ നഴ്‌സായിരുന്നപ്പോള്‍ പരിചയപ്പെട്ട സൗദി ജയലധികൃതരുമായുള്ള പരിചയം വച്ചാണ്‌ ജയിലില്‍ പോയത്‌. പിന്നെ എംബസി ഓതറൈസേഷന്‍ നല്‌കി. അത്രമാത്രം. ചിലപ്പോള്‍ സ്‌പോണ്‍സറെ കണ്ടു സംസാരിക്കാനും ഓതറൈസേഷന്‍ വേണ്ടിവരും.
എന്നാല്‍ എംബസി സാമ്പത്തിക സഹായം നല്‌കില്ല. കഴിഞ്ഞ വര്‍ഷം നാട്ടിലേയ്‌ക്ക്‌ മടങ്ങിപ്പോകാന്‍ അഞ്ചാറു പേര്‍ക്ക്‌ ടിക്കറ്റ്‌ നല്‌കിയിരുന്നു. 

എന്തുകൊണ്ടാണ്‌ ഇത്തരം പീഡനങ്ങള്‍ സൗദിയില്‍ ഇവര്‍ക്കു നേരിടേണ്ടു വരുന്നത്‌?

പലരും വീട്ടു ജോലിക്കും ഹൗസ്‌ ഡ്രൈവര്‍മാരായും എത്തുന്നത്‌ ശരിയായ മാര്‍ഗത്തിലല്ല. "ചവിട്ടികയറ്റുക" എന്നു പറയും. അവരാണ്‌ പീഡനത്തിന്‌ ഇരയാകുന്നത്‌. പലരെയും ശ്രീലങ്ക വഴി കടത്തിക്കൊണ്ടുവരുന്നു. ഏറ്റവും കൂടുതല്‍ സ്‌ത്രീകളെ കോഴിക്കോടു നിന്നു കടത്തി കൊണ്ടു വരുന്നത്‌ മുഹമ്മദലി എന്ന ഏജന്റാണ്‌. പലരെയും മദ്രാസില്‍ കൊണ്ടു വന്നു പലര്‍ക്കും കാഴ്‌ച വച്ചിട്ടാണ്‌ ഇങ്ങോട്ടേയ്‌ക്ക്‌ കയറ്റി വിടുന്നത്‌. പിന്നീട്‌ ഇവര്‍ക്ക്‌ ഇവിടെയെത്തിയാലും ക്രൂരപീഡനമാണ്‌ ലഭിക്കുന്നത്‌ 

സൗദിയിലേയ്‌ക്ക്‌ കേരളത്തില്‍ നിന്നു മനുഷ്യക്കടത്ത്‌ നടക്കുന്നുണ്ടോ?

ലോകത്തെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായൂം സൗദിയിലേക്ക്‌‌ ഏറ്റവും അധികം മനുഷ്യക്കടത്ത്‌ നടക്കുന്നത്‌ കേരളത്തില്‍ നിന്നാണ്‌. മലയാളി സ്‌ത്രീകളാണ്‌ മനുഷ്യക്കടത്തിന്റെ ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും. ഇതില്‍ കോഴിക്കോടു നിന്നുള്ള മുഹമ്മദലി എന്ന ഏജന്റിന്റെ പേരാണ്‌ സ്‌ത്രീകള്‍ ഏറ്റവും അധികം പറയുന്നത്‌. ഇവരുടെ കൂടെ സ്‌ത്രീകളും ഉണ്ട്‌. 
കഴിഞ്ഞയിടയ്‌ക്ക്‌ ജെസി എന്ന സ്‌ത്രീ ഇത്തരം ഒരു മനുഷ്യക്കടത്തിന്‌ ഇരയായി കേരളത്തില്‍ നിന്നെത്തിയതാണ്‌. അവരെ രക്ഷിച്ചു ഞങ്ങള്‍ നാട്ടിലെത്തിച്ചു. പരാതിനല്‌കിയിട്ടുണ്ട്‌. സൗദിയില്‍ നിന്നു കയറ്റി വിടുമ്പോള്‍ നോര്‍ക്കയില്‍ പരാതി നല്‍കണമെന്നു ഞങ്ങള്‍ ഇവരൊടൊക്കെ പറഞ്ഞു വിടും. ചിലരൊക്കെ നല്‌കും എന്നാല്‍ ഏജന്റ്‌ ഇവരെ വന്നു ഭീഷണിപ്പെടുത്തി പരാതി ഇല്ലാതാക്കും. ചിലര്‍ നാണക്കേടുകാരണം പരാതി പെടാന്‍ പോകില്ല. ഒരുമാതിരി എല്ലാവിധ പീഡനങ്ങളും സഹിച്ചാണ്‌ ഇവര്‍ പുറത്തേയ്‌ക്ക്‌ വരുന്നത്‌. പലരും വീട്ടിലെ സാഹചര്യം കൊണ്ടാണ്‌ വീട്ടു ജോലിക്ക്‌ ്‌അന്യനാട്ടില്‍ പോകുന്നത്‌.

ഈയിടയ്‌ക്കു തന്നെ ജെസി എന്ന സ്‌ത്രീ പരാതി പെട്ടപ്പോള്‍ സുഹ്‌റ എന്ന സ്‌ത്രീ വിളിച്ചു ഭീഷണിപ്പെടുത്തി. അവരുടെ കേസ്‌ കോടതിയില്‍ നടക്കുകയാണ്‌. പണവും സ്വാധീവും ഇല്ലാത്ത എത്ര പേര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാകും?

കേരളത്തില്‍ നിന്നു ഇത്രയധികം മനുഷ്യക്കടത്തു നടക്കാന്‍ കാരണമെന്താണ്‌? 

അധികൃതരുടെ അനാസ്ഥ തന്നെ കാരണം. കേരള സര്‍ക്കാരിന്റെ പിടിപ്പു കേട്‌. 

സഫിയ്‌ക്ക്‌ എന്തെങ്കിലും ഭീഷണികളുണ്ടോ? 

ഇല്ല . ഞങ്ങള്‍ക്ക്‌ അത്തരം ഭീഷണികളില്ല. ചിലപ്പോള്‍ വിവരം കിട്ടാന്‍ നാട്ടിലെ ഏജന്റിനെ വിളിച്ചു സംസാരിക്കുമ്പോള്‍ ആ സമയത്ത്‌ ചിലര്‍ മനുഷ്യര്‍ കേട്ടാല്‍ അറയക്കുന്ന വര്‍ത്തമാനങ്ങളൊക്കെ പറയാറുണ്ട്‌. പിന്നെ ജയിലില്‍ കഴിയുന്ന പലരുടെയും അവസ്ഥ ഓര്‍ക്കുമ്പോള്‍ അതൊക്കെ എത്രനിസാരമാണെന്നു ചിന്തിക്കും.

ക്യാന്‍സര്‍ രോഗം സഫിയയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചോ ?

ഇല്ല, ഞാന്‍ സര്‍ജറിക്ക്‌ വിധേയായി കേരളത്തിലെ ഹോസ്‌പിറ്റലില്‍ കിടന്ന കുറച്ചു ദിവസം മാത്രമാണ്‌ ഫോണ്‍ വേണ്ടെന്നു വച്ചത്‌. ഫോണിലൂടെ എനിക്ക്‌ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്‌. ഇപ്പോഴും സൗദിയില്‍ നിന്നു വിളി വന്നുകൊണ്ടിരിക്കുകയാണ്‌. രോഗത്തില്‍ നിന്നു തിരിച്ചു വരുവാന്‍ എനിക്ക്‌ കരുത്തു നല്‌കിയതും സാമൂഹ്യപ്രവര്‍ത്തനമേഖലയാണ്‌,കൂടാതെ ആയിരക്കണക്കിന്‌ ജനങ്ങളുടെ പ്രാര്‍ത്ഥനയും.

ഭര്‍ത്താവ്‌, മക്കള്‍?

ഭര്‍ത്താവ്‌ അജിത്ത്‌ നവയുഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്‌, എഞ്ചിനിയറാണ്‌. മക്കള്‍ നാലുപേര്‍ വിദ്യാര്‍ത്ഥികളാണ്‌. കുടുംബത്തിന്റെ പിന്തുണയും കരുതലുമാണ്‌ എന്റെ ശ്‌കതി. സൗദിയിലെ ദമ്മാമിലാണ്‌ ഞങ്ങല്‍ താമസിക്കുന്നത്‌