Breaking News

Trending right now:
Description
 
Nov 23, 2014

ചലച്ചിത്ര അക്കാദമി പൂര്‍ണമായി അഴിച്ചു പണിയണം: പി.ടി. കുഞ്ഞി മുഹമ്മദ്

തോമസ് മത്തായി കരിക്കംപള്ളില്‍
image പനാജി: മലയാള സിനിമാ പ്രവര്‍ത്തകരെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത കേരള ചലച്ചിത്ര അക്കാദമി പൂര്‍ണമായി അഴിച്ചു പണിയണമെന്നു ചലച്ചിത്രകാരനും മുന്‍ എം.എല്‍.എയുമായ പി.ടി.കുഞ്ഞി മുഹമ്മദ്. ഗോവയില്‍ നടക്കുന്ന 45-ാമതു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞിമുഹമ്മദ്.

ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നു അക്കാദമി ആകെ മാറിപ്പോയിരിക്കുകയാണ്. മലയാള സിനിമയെ ലോക സിനിമയ്ക്കു പരിചയപ്പെടുത്തുകയാണ് അക്കാദമി ചെയ്യേണ്ടത്. എന്നാല്‍ മലയാള സിനിമാ ശില്പികള്‍ ഒന്നിനും പോരാത്തവരാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് അക്കാദമി. ഒരു സിനിമയെപ്പോലും ഉദ്ധരിച്ചിട്ടില്ല. അടൂര്‍ ഗോപാലകൃഷ്ണനെയോ എം.ടി. വാസുദേവന്‍ നായരെയോ ഒഴിച്ച് ജൂറിയില്‍ പോലും മലയാളികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രഗത്ഭനായ സംവിധായകനായ കെ.ജി.ജോര്‍ജിനെപ്പോലും അവഗണിച്ചു. മലയാളത്തില്‍ പിന്നെയും മികച്ച സംവിധായകരുണ്ട്. സിബി മലയില്‍, കമല്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍... അങ്ങനെ ഇനിയും പലരും.

അവാര്‍ഡുകള്‍ പോലും സായിപ്പന്മാര്‍ക്കു നല്കത്തക്ക രീതിയിലാണ് മേളകളിലെ സിനിമാ തെരഞ്ഞെടുപ്പ്. സായിപ്പന്മാര്‍ക്കു പാദസേവ ചെയ്യുന്ന അടിമസ്ഥാപനം പോലെയാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ നടത്തിപ്പ് എങ്ങനെയായിരിക്കണമെന്നു വിശദീകരിക്കുന്ന നിവേദനം പരിഗണിക്കാനുള്ള സാമാന്യ മര്യാദ പോലും സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ കാട്ടിയില്ലെന്നും പി.ടി.കുഞ്ഞി മുഹമ്മദ് ആക്ഷേപിച്ചു. കെ.എസ്.ഡി.സിയും പി.ആര്‍.ഡിയും ചെയ്തുകൊണ്ടിരുന്ന ആര്‍ക്കൈവ് ചെയ്യുന്ന ജോലി മാത്രമാണ് ചലച്ചിത്ര അക്കാദമി ഇപ്പോള്‍ ചെയ്യുന്നത്.

ഇതേസമയം, ഒരു സിനിമയുടെ പണിപ്പുരയിലാണെന്നു പി.ടി.കുഞ്ഞി മുഹമ്മദ് സൂചിപ്പിച്ചു. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഹിന്ദിയിലാണ് മലയാള സിനിമയുടെ പേര്. ബര്‍സക്ക്. ഇടനിലക്കാരന്‍ എന്ന് അര്‍ഥം. വിദേശത്തേക്ക് ആള്‍ക്കാരെ കയറ്റിവിടുന്ന ഇടനിലക്കാരന്‍ ഏജന്റ് ലോഞ്ച് രാമകൃഷ്ണനെക്കുറിച്ചുള്ളതാണ് കഥ.

...........................
ഫോട്ടോ:
............................
പനാജിയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പി.ടി. കുഞ്ഞി മുഹമ്മദ്. -തോമസ് മത്തായി കരിക്കംപള്ളില്‍