Breaking News

Trending right now:
Description
 
Nov 22, 2014

"ഇടി നന്നായില്ലെങ്കില്‍ എയര്‍ബാഗ്‌ വിടരില്ല" ടയോട്ടയുടെ മറുപടിയില്‍ കാറുടമകള്‍ കടുത്ത പ്രതിഷേധത്തില്‍

Staff Correspondent
image കാശ്‌ മുടക്കി കാര്‍ മേടിച്ചാല്‍ മാത്രം പോര, അത്‌ എങ്ങനെ ഓടിക്കണം എന്നു കൂടി അറിയണം എന്നു പറയാറുണ്ട്‌. എങ്കില്‍ കാറ്‌ ടയോട്ടയാണെങ്കില്‍ എങ്ങനെ ഇടിക്കണം എന്നു കൂടി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഉടമ വെട്ടിലായതുതന്നെ. കഴിഞ്ഞ ദിവസം എറണാകുളം ആലപ്പുഴ റോഡില്‍ ടയോട്ട എത്തിയോസ്‌ കാര്‍ ഓടിച്ചുപോകവെ കാര്‍ അപകടത്തില്‍ പെട്ടു. എയര്‍ബാഗുകളൊന്നും പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ട്‌ കാറുടമയും കൊച്ചിയിലെ ഫുള്ളോര്‍ബിസ്‌ ടെക്‌നോളജീസ്‌ ലിമിറ്റഡ്‌ ഡയറക്ടറുമായ അനില്‍ നായര്‍ക്കും കൂടെയുണ്ടായിരുന്ന സഹയാത്രികനും പരിക്കേറ്റു. ബംപറും ബോണറ്റും തകര്‍ന്നുപോയ അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നത്‌ രക്ഷയായി. രണ്ടാഴ്‌ചയോളം ഇരുവരും ആശുപത്രിയിലായിരുന്നു.

ശേഷം, ടയോട്ട ഡീലറെ അപകടത്തെക്കുറിച്ച്‌ അറിയിച്ചപ്പോള്‍ ഉടനെത്തി മറുപടി, "വേണ്ടപോലെയല്ല കാറിടിച്ചത്‌. അതുകൊണ്ടാണ്‌ എയര്‍ബാഗ്‌ വിടരാത്തത്‌." അപ്പോള്‍ എങ്ങനെയിടിച്ചാലാണ്‌ എയര്‍ബാഗ്‌ പ്രവര്‍ത്തിക്കുക, ടയോട്ടയുടെ വാഹനത്തെ എങ്ങനെ വിശ്വസിക്കും? എന്നു തുടങ്ങിയ അനില്‍നായരുടെ ചോദ്യങ്ങള്‍ക്കൊന്നും ടയോട്ടയ്‌ക്കും ഡീലര്‍ക്കും മറുപടിയില്ല. പരാതി പറഞ്ഞിട്ടും യാതൊന്നും ചെയ്യാനാവില്ലെന്ന നിലപാടിലായിരുന്നു ഡീലര്‍.



എന്തായാലും സംഗതി സോഷ്യല്‍ മീഡിയയിലെത്തിയതോടെ കത്തിപ്പടര്‍ന്നു. ഫുള്ളോര്‍ബിസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായ അജിത്‌ മേനോനാണ്‌ തന്റെ ബോസിന്‌ പറ്റിയ അപകടത്തെക്കുറിച്ച്‌ ചിത്രം സഹിതം ഫേയ്‌സ്‌ബുക്കില്‍ കുറിപ്പെഴുതിയത്‌. കഴിഞ്ഞ ദിവസം മാത്രം പ്രത്യക്ഷപ്പെട്ട കുറിപ്പ്‌ ഇതുവരെ പത്തൊന്‍പതിനായിരത്തോളംപേര്‍ ഷെയര്‍ ചെയതു. ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകളില്‍ ഇത്‌ വ്യാപക ചര്‍ച്ചയ്‌ക്കുതന്നെ വഴിതെളിച്ചു. ടയോട്ട എത്തിയോസ്‌ എന്ന ഫേയ്‌സ്‌ബുക്ക്‌ പേജിലെ കമന്റ്‌ കോളങ്ങളിലും അജിത്‌ മേനോന്റെ കുറിപ്പിന്‌ ഇടംകിട്ടി.


2012 നവംബറില്‍ ഉത്തര്‍പ്രദേശിലെ ടയോട്ട ഫോര്‍ച്യൂണര്‍ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചതും ഉടമയ്‌ക്കും ഗണ്‍മാനും ഗുരുതര പരിക്കേറ്റതും എയര്‍ബാഗ്‌ പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‌കിയ കേസില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാമെന്ന്‌ ടയോട്ട മോട്ടോഴ്‌സ്‌ സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. ടയോട്ട കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കണമെന്നായിരുന്നു വാദിഭാഗം അഭിഭാഷകന്‍ വിവേക്‌ ടങ്ക വാദിച്ചത്‌. ഫോര്‍ച്യൂണര്‍ തലകുത്തി മറിഞ്ഞാണ്‌ അപകടമെന്നും വാഹനത്തിന്റെ മുന്‍ഭാഗത്തിനു പരിക്കില്ലെന്നും അതുകൊണ്ടാണ്‌ എയര്‍ബാഗുകള്‍ വിടരാതിരുന്നതെന്നുമായിരുന്നു ടയോട്ടയുടെ വാദം. പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്‌. നരിമാനായിരുന്നു ടയോട്ട ഡയറക്ടര്‍മാര്‍ക്കായി കോടതിയിലെത്തിയത്‌. ഒടുവില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന്‌ 15 ലക്ഷവും പലിശയും ഉടമയ്‌ക്ക്‌ പത്തുലക്ഷവും പലിശയും നല്‌കി കേസ്‌ ഒത്തുതീര്‍പ്പാക്കി.

Photo courtesy: Ajit Menon