Breaking News

Trending right now:
Description
 
Nov 21, 2014

ചിറകു നഷ്ടപ്പെട്ട പക്ഷി (കഥ)

ജിജിമോള്‍ ഇ എസ്‌
image


കമ്പ്യുട്ടറിന്റെ മുമ്പില്‍ കുത്തിയിരുന്ന്‌ എത്ര ദിവസമാ നേരം വെളുപ്പിക്കുന്നത്‌. പറ്റുന്നത്ര ദിവസം അങ്ങനെ പോകാം, അല്ലാതെ നിവൃത്തിയില്ലലോ ഫെയ്‌സ്‌ ബുക്കില്‍ നിറയെ സുഹൃത്തുക്കള്‍, എന്തെങ്കിലും മനസ്സു തുറന്നു പറയാന്‍ അവറ്റകളോടാകുമോ പിന്നെ ഒരു ബുദ്ധിജീവി സൗഹൃദം, 
ഇന്നലെ അവളെ ഫെയ്‌സ്‌ ബുക്കില്‍ തേടിപിടിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമായിരുന്നു. 
"എത്രനാളായി കണ്ടിട്ട്‌, നീ എവിടെയാ' 
മഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌തു എന്‌റര്‍ ചെയ്‌തു, 
ഡാാ ഞാനിപ്പോള്‍ ആഫ്രിക്കയിലാണ്‌," 
" നീ ആളങ്ങു മാറിപ്പോയിരിക്കുന്നു". 
"അതേടാ ഞാനിപ്പോള്‍ ആകെ മാറിയിരിക്കുന്നു നീ എന്റെ ഫോട്ടോ കണ്ടില്ലേ, പിന്നെ നിന്റെ ഹസ്‌ എന്തു ചെയ്യുന്നു"
ഒരേ ബഞ്ചില്‍ ഇരുന്ന്‌ എത്ര വര്‍ഷം പഠിച്ചതാണ്‌, അന്നൊന്നും ഇല്ലാത്ത ഡാാ വിളി, അളവു തെറ്റിയ ചുരിദാറില്‍ എത്താറുള്ള പെണ്ണാ..എന്നിട്ട്‌ ഇപ്പോള്‍ പറയുന്നു മോഡേണ്‍ ആയന്ന്‌, ആവട്ടെ എന്തെങ്കിലും. ഫെയ്‌സ്‌ബുക്കില്‍ നിന്നു ലോഗൗട്ടാകുമ്പോള്‍ അടുക്കളയില്‍ നിന്ന്‌ കരിഞ്ഞ കറിയുടെ ഗന്ധം. ഓടിചെല്ലുമ്പോള്‍ പച്ച ബീന്‍സു മെഴുക്കുപുരട്ടി ചീനച്ചട്ടിക്കുള്ളില്‍ കറുത്ത്‌ കരിഞ്ഞു കിടക്കുന്നു. കോളിങ്‌ ബെല്ല്‌ ചിലയ്‌ക്കുന്ന ശബ്ദം. ഭര്‍ത്താവാണ്‌, "എന്തോ കരിയുന്ന മണം", വരാന്തയിലേയ്‌ക്ക്‌ കയറിയ ഭര്‍ത്താവ്‌ പോലീസ്‌ നായയെപ്പോലെ മണം പിടിച്ചു പറഞ്ഞു."നിങ്ങള്‍ക്ക്‌ തോന്നിയതാണ്‌ എന്റെ മനസ്സ്‌ കരിയുന്ന മണമാണ്‌". വിശന്നു വന്നിട്ടും ഭര്‍ത്താവ്‌ ഒന്നും പറയാന്‍ നിന്നില്ല" ഉംം" ഒന്നിരിത്തി മൂളി.
ഇത്തരം ബുദ്ധിജീവി വര്‍ത്തമാനങ്ങളോടൊന്നും താല്‌പര്യമില്ലാത്തതു കൊണ്ടാകാം ബാഗും എടുത്ത്‌ നേരെ ബെഡ്‌ റൂമിലേയ്‌ക്ക്‌ നടന്നു. കുളിച്ചു വന്നപ്പോഴെയ്‌ക്കും ഞാന്‍ അടുക്കളയില്‍ ഒരു ഭഗീരഥ പ്രയത്‌നത്തിലായിരുന്നു കരിഞ്ഞതും കരിയാത്തതുമായ ബീന്‍സ്‌ കഷണങ്ങള്‍ പെറുക്കി എടുക്കുന്നതിനായി
ചോറുണ്ണുമ്പോള്‍ കറിയിലല്ല ഭര്‍ത്താവിന്റെ ശ്രദ്ധ, എന്തോ കടുത്ത ആലോചനയിലാണ്‌. കുറെ നേരം മിണ്ടാതിരുന്നപ്പോള്‍ എനിക്ക്‌ ശ്വാസം മുട്ടുന്നതുപ്പോലെ തോന്നി. ഞാന്‍ പതുക്കേ അടുക്കളയിലേയ്‌ക്ക്‌ നടന്നു. അല്ലെങ്കിലും ഈയിടായായിട്ട്‌ സിബിയങ്ങനെയാ. എത്ര പെട്ടന്നാ ഞങ്ങള്‍ക്കിടയിലെ വാക്കുകള്‍ നഷ്ടപ്പെട്ടത്‌. പെയ്യാത്ത കാര്‍മേഘങ്ങള്‍ മുഖം കറുപ്പിച്ചിരിക്കുന്നതുപ്പോലെ കനം വച്ചുവരുന്ന വാക്കുകള്‍. സംസാരിക്കാന്‍ വിഷയം ലോണും ഇന്‍ഷുറന്‍സുമായി കുറഞ്ഞിരിക്കുന്നു. നാളെ ലോണ്‍ അടയ്‌ക്കണ്ടേ ദിവസമാ ഞാന്‍ ഓര്‍മ്മ പുതുക്കല്‍ നടത്തി. കൈ കഴുകിയപ്പോള്‍ മൂളിയോ അറിയില്ല. അപ്പുവിന്റെ മുറിയില്‍ എത്തി നോക്കി അവന്‍ നല്ല ഉറക്കത്തിലാണ്‌.പൊടിമീശ പൊടിഞ്ഞു തുടങ്ങിയ മേല്‍ ചുണ്ടില്‍ പുല്ലില്‍ പറ്റിയിരിക്കുന്ന മഴത്തുള്ളി പോലെ കിനിഞ്ഞിരിക്കുന്ന വിയര്‍പ്പുകണങ്ങള്‍. 

ഒരിക്കലും വൃത്തിയാകാത്ത പാത്രങ്ങളുടെ മെഴുക്കും ചെളിയും പുരണ്ട്‌ കൈകള്‍ വല്ലാതെ മാറി പോയിരിക്കുന്നു. പ്രായം ആയന്ന തോന്നലുകൊണ്ടാകാം ഈയിടെയായി വല്ലാത്തൊരു ഒരു സൗന്ദര്യ ബോധം. ഇന്നലെ കടക്കാരനോട്‌ ജാള്യത നിറഞ്ഞ മുഖത്തോടെയാണ്‌ ഫേയ്‌സ്‌ പാക്ക്‌ മേടിച്ചത്‌. 900 രൂപ എണ്ണി കൊടുക്കുമ്പോള്‍ ഒരു കുറ്റബോധവും തോന്നിയില്ല. എത്ര സമയം മെനക്കെട്ടാണ്‌ ഇന്നാ ആ സാധനങ്ങളൊക്കെ മുഖത്ത്‌ തേച്ചു പിടിപ്പിച്ചത്‌. എന്നിട്ടു സിബി അതിനെക്കുറിച്ചു ഒരു വാക്കൊന്നു ചോദിച്ചിട്ടില്ല. കിടപ്പുമുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോഴെയ്‌ക്കും സിബിയുടെ കൂര്‍ക്കം വലിയുടെ താളം, എത്രയോ വര്‍ഷമായി തന്റെ ഉറക്കത്തിന്റെ താളവും ലയവുമായി മാറിയിരിക്കുന്ന ആ ശബ്‌ദത്തെ അവള്‍ പൂര്‍ണ ബോധത്തോടെ കേട്ടു നിന്നു. ഇത്ര ഭീകരമായ മുരള്‍ച്ചകള്‍ക്ക്‌ നടുവിലാണ്‌ താന്‍ എന്നും ഉറങ്ങിയിരുന്നതെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക്‌ പൊട്ടിചിരിക്കാനാണ്‌ തോന്നിയത്‌.

ഞാന്‍ വീണ്ടും കമ്പ്യൂട്ടര്‍ മുറിയിലേയ്‌ക്ക്‌ നടന്നു. ഒണ്‍ലൈനില്‍ അനൂപ്‌. സന്തോഷിക്കണോ അതോ ...ഇല്ല പോകാനാവില്ല എങ്കിലും മനസ്സില്‍ പാകതയുടെ കുപ്പായം വലിച്ചിട്ടുകൊണ്ട്‌ ഗൗരവം നടിച്ചു. 
"എന്താ സീരിയസ്സാണോ ഇന്ന്‌?" ചാറ്റ്‌ ബോക്‌സില്‍ തെളിഞ്ഞ കറുത്ത അക്ഷരം 
"ഞാന്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്‌. നിന്റെ പൊട്ടത്തരങ്ങളെ ഞാന്‍ ആസ്വദിക്കുമെന്നു കരുതുന്നത്‌ വിഢിത്തമാണ്‌." മറുസന്ദേശം അയച്ചു
ഹാ,ഹാ, കമ്പ്യുട്ടറില്‍ ഇളഭ്യ ചിരി ഒപ്പം ഒരു ചിത്രവും 
പ്രായവും കാലവും മറന്ന്‌ സമയരഥത്തിലേറി പിന്നോട്ട്‌ നടന്നു തുടങ്ങി ഞാന്‍. അനൂപ്‌ ഓണ്‍ലൈനില്‍ എത്തിയാല്‍ പിന്നെ ഞാന്‍ സിന്‍ഡ്രല്ല രാജകുമാരിയാണ്‌. ക്ലോക്കില്‍ സമയം 2,30 അടിച്ചു. സിന്‍ഡ്രല്ലയെപ്പോലെയാണ്‌ താനും പാതിരാത്രിയാവുന്നതിനു മുമ്പ്‌ തിരിച്ചെത്തണം പഴയ ചാരക്കൂട്ടില്‍. അനൂപ്‌ ഗുഡ്‌നൈറ്റ്‌ പറഞ്ഞു പിരിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത. സത്യത്തില്‍ കപട സാമൂഹ്യപ്രതിബദ്ധതയുടെ പോസ്‌റ്റുകളും മടുത്തുതുടങ്ങിയ കാലത്താണ്‌ അനൂപുമായി സൗഹൃദം ആരംഭിച്ചത്‌. എല്ലാം പങ്കു വച്ചു പുറത്തിറങ്ങുമ്പോള്‍ പഴകിയ കുപ്പായവും ധരിച്ച്‌ സിന്‍ഡ്രല്ല കിടപ്പു മുറിയിലേയ്‌ക്ക്‌ നടന്നു, എല്ലാ താളങ്ങളും നഷ്ടപ്പെട്ട്‌ സിബിയുടെ കൂര്‍ക്കം വലി അതിന്റെ പാരമ്യത്തിലാണ്‌. പാവം വല്ലാത്ത ക്ഷീണം കൊണ്ടാവും. സൂപ്പര്‍ മാര്‍ക്കറ്റിലെ കണക്കുക്കൂട്ടലുകള്‍,ബോസിന്റെ ചീത്തവിളികള്‍, ഞാന്‍ വല്ലാത്തൊരു കുറ്റബോധത്തോടെ പുതപ്പിനടിയിലേയ്‌ക്ക്‌ ചുരുണ്ടു.പിന്നെ എല്ലാ സ്‌നേഹത്തെയും കൈത്തണ്ടയിലേയ്‌ക്ക്‌ ആവഹിച്ചു സിബിയെ കെട്‌ിപിടിച്ചു കിടന്നു. ഉറക്കത്തിന്റെ നിഗൂഢതയില്‍ എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച്‌ എല്ലാ അഭിനയങ്ങളും ഉപേക്ഷിച്ച്‌ ഒരേ കിടക്കയില്‍ രണ്ടുമനുഷ്യരായി രണ്ടു ലോകത്തുറങ്ങി തുടങ്ങി. 
രണ്ടു ദിവസമായി അനൂപ്‌ ഓണ്‍ലൈനില്‍ ഇല്ല. എന്തുപ്പറ്റി കാണും വല്ലാത്ത ഉത്‌കണഠ എന്നെ അലട്ടി തുടങ്ങി. കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ അല്ലേ. തിരക്കിലാവും. ഒരാഴ്‌ച അതിനപ്പുറത്തേയ്‌ക്ക്‌ വയ്യ, കണക്കു പുസ്‌തകത്തില്‍ തലകുമ്പിട്ടു നിക്കുന്ന അപ്പുവിനെ കണ്ടപ്പോള്‍ ദേഷ്യം സഹിച്ചില്ല. ചെവിയില്‍ പിടിച്ചു തിരിക്കുമ്പോള്‍ മനസ്സു കരിങ്കല്ലായി പോയിരുന്നു. എങ്ങോട്ടെങ്കിലും ഒാടി പോകണം എവിടേയ്‌ക്ക്‌ എന്നറിയില്ല, 
"ലോണ്‍ കൊണ്ട്‌ അടച്ചേക്കു" ഓഫിസിലേയ്‌ക്ക്‌ ഇറങ്ങുമ്പോള്‍ സിബി കവര്‍ നീട്ടി. 
നിര്‍വികാരതയോടെ ബസില്‍ കയറി ടിക്കറ്റ്‌ എടുക്കുമ്പോള്‍ മനസ്സില്‍ നിന്ന്‌ മകനും ഭര്‍ത്താവും മാഞ്ഞു പോയിരുന്നു. വീടും നാടും എല്ലാം പുറകില്‍ ഓടിയകലുകയാണ്‌ മഞ്ഞു പുതച്ചമലകള്‍, മലകളെ കീറിമുറിച്ചൊളുകുന്ന നീര്‍ച്ചാലുകള്‍, പുതിയൊരു ലോകം അവിടെ അയാള്‍ കാത്തിരിക്കുന്നുണ്ടാകുമെന്ന വിശ്വാസവും ഇല്ല, എന്നാലും പോകണം.. അങ്ങു ദൂരെയ്‌ക്ക്‌...