Breaking News

Trending right now:
Description
 
Nov 19, 2014

ഗോവയില്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‌ നാളെ തുടക്കം

image 45-ാം രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‌ നാളെ ഗോവയില്‍ തുടക്കമാകും. രാവിലെ 10ന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ അമിതാഭ്‌ ബച്ചന്‍ മുഖ്യാതിഥിയായിരിക്കും. മേള 30ന്‌ അവസാനിക്കും. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഫീച്ചര്‍, നോണ്‍ഫീച്ചര്‍ ഫിലിമുകള്‍ അന്തിമമായി തിരഞ്ഞെടുത്തു. ഫീച്ചര്‍ ഫിലിമുകളില്‍ മലയാളത്തില്‍നിന്ന്‌ ഏഴെണ്ണമുണ്ട്‌. 1983 (എബ്രിഡ്‌ ഷൈന്‍), നോര്‍ത്ത്‌ 24 കാതം (അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍), ഞാന്‍ സ്‌റ്റീവ്‌ ലോപസ്‌ (രാജീവ്‌ രവി), ദൃശ്യം (ജീത്തു ജോസഫ്‌), മുന്നറിയിപ്പ്‌ (വേണു), സ്വാപാനം (ഷാജി എന്‍. കരുണ്‍), ഞാന്‍ (രഞ്‌ജിത്‌). പ്രമുഖ സിനിമാ നിര്‍മാതാവ്‌ എ.കെ. ബിറിന്റെ നേതൃത്വത്തിലുള്ള 13 അംഗ ജൂറിയാണ്‌ 181 എന്‍ട്രികളില്‍നിന്ന്‌ 26 എണ്ണം തിരഞ്ഞെടുത്തത്‌. ആസാമീസില്‍ ഒന്നും ബംഗാളിയില്‍ അഞ്ചും ഹിന്ദിയില്‍ രണ്ടും കന്നടയില്‍ ഒന്നും ഖാസിയില്‍ ഒന്നും മറാത്തിയില്‍ ഏഴും ഒഡിയയില്‍ ഒന്നും തമിഴില്‍ ഒന്നും ഫീച്ചര്‍ ഫിലിമുകളുണ്ട്‌. ഇന്ത്യന്‍ പനോരമയുടെ ആരംഭചിത്രം എലിസബത്ത്‌ ഏകാദശി (പരേഷ്‌ മോകാഷി). മറാത്തി ചിത്രമാണിത്‌. നോണ്‍ ഫീച്ചര്‍ ഫിലിമുകളില്‍ മലയാളത്തില്‍ ഭൂമിയില്‍ ചുവടുറച്ച്‌ (വിപിന്‍ വിജയ്‌) ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അറിയപ്പെടുന്ന സിനിമാ നിര്‍മാതാവ്‌ മൈക്‌ പാണ്ഡേ അധ്യക്ഷനായുള്ള ഏഴംഗ ജൂറി 100 എന്‍ട്രികളില്‍ നിന്ന്‌ 15 എണ്ണമാണ്‌ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്തത്‌. ആസാമീസില്‍ ഒന്നും ഇംഗ്ലീഷില്‍ നാലും ഇംഗ്ലീഷ്‌-ഹിന്ദി ഒന്നും ഇംഗ്ലീഷ്‌-നാഗമീസ്‌ ഒന്നും ഇംഗ്ലീഷ്‌-ബംഗാളി ഒന്നും ഇംഗ്ലീഷ്‌-തമിഴ്‌-ഹിന്ദി ഒന്നും മറാത്തി മൂന്നും നേപ്പാളീസ്‌-ഇംഗ്ലീഷ്‌ ഒന്നും പഞ്ചാബി-ഇംഗ്ലീഷ്‌ ഒന്നും നോണ്‍ ഫീച്ചര്‍ ഫിലിമുകളുണ്ട്‌. ഇന്ത്യന്‍ സെന്റിനറി പേഴ്‌സണാലിറ്റി ഓഫ്‌ ദി ഈയറായി രജനികാന്തിനെ തിരഞ്ഞെടുത്തു.