Breaking News

Trending right now:
Description
 
Nov 17, 2014

ജയന്‍ ഓര്‍മയായിട്ട്‌ 34 വര്‍ഷം; ഇപ്പോഴും ജനപ്രിയന്‍

image മലയാള സിനിമയിലെ കരുത്തുറ്റ നടന്‍ ജയന്‍ ഓര്‍മയായിട്ട്‌ ഇന്നലെ 34 വര്‍ഷം തികഞ്ഞു. പി.എന്‍.സുന്ദരം സംവിധാനം ചെയ്‌ത കോളിളക്കത്തിന്റെ സാഹസിക രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു ജയന്‍ അപകടത്തില്‍പെട്ടു മരിച്ചത്‌. തമിഴ്‌ നാട്ടിലെ ചെന്നൈയ്‌ക്കടുത്തുള്ള ഷോളാവാരം എയര്‍സ്‌ട്രിപ്പിലായിരുന്നു ഷൂട്ടിങ്‌. മധു, സോമന്‍, ബാലന്‍ കെ.നായര്‍, സുകുമാരന്‍, എം.എന്‍.നമ്പ്യാര്‍, കെ.ആര്‍.വിജയ തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നു. സുകുമാരനൊപ്പം ബൈക്കില്‍ എത്തിയ ജയന്‍ ഹെലികോപ്‌റ്ററിന്റെ ലാന്‍ഡിങ്‌പാഡിലേക്ക്‌ തൂങ്ങിക്കയറി വില്ലനായ ബാലന്‍ കെ.നായരെ നേരിടുന്നു. ആദ്യ ഷോട്ടില്‍തന്നെ ഓക്കെയായ രംഗം രണ്ടാമത്‌ ഷൂട്ട്‌ ചെയ്യാന്‍ ജയന്‍തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അതു മരണത്തിലേക്കുള്ള അവസാന ടേക്കായിരുന്നു. റീടേക്കില്‍ ഹെലികോപ്‌റ്റര്‍ നിയന്ത്രണംവിട്ട്‌ ഇടിക്കുകയായിരുന്നു. സാഹസികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളോട്‌ ജയന്‌ ഏറെ താല്‍പര്യമായിരുന്നു. മറ്റ്‌ നായക നടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പുകള്‍ അടികൂടുമ്പോള്‍ ജയന്‍ അതു സ്വന്തമായി ചെയ്യുകയായിരുന്നു അതിരുകടന്ന സാഹസികതയാണ്‌ ജയന്റെ ജീവന്‍തന്നെ അപകടത്തിലാക്കിയത്‌.

പതിനഞ്ച്‌ വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനം അനുഷ്‌ഠിച്ച ജയന്‍ ചീഫ്‌ പെറ്റി ഓഫീസര്‍ പദവിയിലിരിക്കെ രാജിവച്ച്‌ സിനിമാരംഗത്തുവന്നു. 1947 ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ്‌ ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട്‌ തേടിവന്ന വേഷങ്ങളൊക്കെയും വില്ലന്‍ വേഷങ്ങളായിരുന്നു. പിന്നീട്‌ ഉപനായകവേഷങ്ങളിലേക്കും നായകവേഷങ്ങളിലേക്കും പെട്ടെന്നായിരുന്നു വളര്‍ച്ച. ഹരിഹരന്‍ സംവിധാനം ചെയ്‌ത ശരപഞ്‌ജരത്തിലാണ്‌ ജയന്‍ ആദ്യമായി നായകനാവുന്നത്‌. 1974-80 വര്‍ഷംവരെ ജയന്‍ 116 ചിത്രങ്ങളില്‍ വേഷമിട്ടു. ഇതിലൊന്ന്‌ തമിഴ്‌ ചിത്രമായിരുന്നു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്‍ അഭിനയിച്ച മിക്കചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഐ.വി.ശശി സംവിധാനം ചെയ്‌ത അങ്ങാടി എന്ന ചിത്രമാണ്‌ ജയനെ ജനപ്രിയനാക്കിമാറ്റിയത്‌.