Breaking News

Trending right now:
Description
 
Nov 16, 2014

ചരിത്രം മറന്നാലും ചാവറയച്ചന്‍ മറക്കാത്ത അര്‍ത്തുങ്കല്‍

ജനറ്റ്‌ ബിനോയി
image ചാവറയച്ചന്‍ വിശുദ്ധനാകുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പ്രാര്‍ത്ഥനയായും ചര്‍ച്ചയായും രൂപപ്പെടുന്നതിനിടയില്‍ എപ്പഴോ എനിക്ക്‌ അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകണമെന്നു ഒരു ഉള്‍വിളി ഉണ്ടായതു പോലെ...

അര്‍ത്തുങ്കല്‍ പഴയ പള്ളിയുടെ അള്‍ത്താരയ്‌ക്കു മുന്നില്‍ കുറെ നേരം കണ്ണുകള്‍ അടച്ചു നിന്നു. പിന്നെ, എഴുന്നേറ്റു പള്ളിയുടെ ഇടതുവശത്തെ ചാവറപിതാവിന്റെ പൂര്‍ണകായപ്രതിമയക്കു മുന്നിലെത്തി നിശബ്ദം നിന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പ്രഭാതം; അന്ന്‌ അര്‍ത്തുങ്കല്‍ ഒരു തിരുപ്പട്ടം നടക്കുകയായിരുന്നു. വിശാലമായ നെറ്റിത്തടവും നരച്ച മുടിയും ആഢ്യത്വം നിറഞ്ഞ ചാവറയച്ചന്റെ സ്ഥാനത്ത്‌ ചെറുപ്പക്കാരനായ, ചുറുചുറുക്കുള്ള ഒരു വൈദിക വിദ്യാര്‍ത്ഥി തന്റെ തിരുപ്പട്ടത്തിനുള്ള തയാറെടുപ്പോടെ അര്‍ത്തുങ്കല്‍ ഗ്രാമത്തില്‍ കാലുകുത്തുന്നു. 

ഒരുപക്ഷേ, കുട്ടനാടിന്റെ ഗുണവും നിറവുമുള്ള ചാവറയച്ചന്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മഹനീയമായ നിമിഷങ്ങള്‍ക്കാകാം അര്‍ത്തുങ്കല്‍ സാക്ഷ്യം വഹിച്ചത്‌. പില്‍ക്കാലത്ത്‌ തന്നെ ധന്യനായും വാഴ്‌ത്തപ്പെട്ടവനായും ചാവറയച്ചന്‍ വിശുദ്ധര്‍ക്കൊപ്പം സ്വര്‍ഗത്തില്‍ വിളങ്ങുമ്പോഴും മറന്നിട്ടുണ്ടാവില്ല അര്‍ത്തുങ്കലിനെ, 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവിന്‌, ലളിതമായ തുടക്കം കുറിച്ചത്‌ ഈ കടലോരഗ്രാമത്തെസാക്ഷ്യം നിറുത്തിയാണെന്ന്‌ "നളാഗമങ്ങള്‍ " എന്ന അദ്ദേഹത്തിന്റെ ഡയറി കുറിപ്പുകളും സാക്ഷ്യം നല്‌കുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ പുണ്യജീവിതത്തിന്റെ ഏടുകളില്‍ നിന്ന്‌ എടുത്തുമാറ്റപ്പെട്ട ആ പുണ്യ ചരിത്രത്തെ ചരിത്രം മറന്നതായി നടിച്ചാലും അച്ചനു മറക്കാനാവില്ലല്ലോ?

ഒരു സുപ്രഭാതത്തില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ചാവറയച്ചന്‍ എങ്ങു നിന്നോ ഇവിടെ വന്നതാവാന്‍ ഇടയില്ല. വൈദിക വിദ്യാര്‍ത്ഥിയായി അര്‍ത്തുങ്കല്‍ ചുറ്റുവട്ടത്ത്‌ കുറെ നാള്‍ സേവനം ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കില്‍ വൈദികനായതിനു ശേഷം അവിടെ ഉണ്ടായിരിന്നിരിക്കാം. പഴയപള്ളിയുടെ അള്‍ത്താരയ്‌ക്കു മുന്നിലെ പൊളിഞ്ഞ തറയോടില്‍ നോക്കി ഞാന്‍ ആലോചിച്ചു; ഇവിടെ നിന്നാകുമോ സകല വി
ശുദ്ധന്മാരുടെയും മാധ്യസ്ഥ്യം തേടി ചാവറയച്ചന്‍ സാഷ്ടാംഗം പ്രണാമിച്ചിട്ടുണ്ടാകുക 

ലത്തീന്‍ ക്രമത്തിലാണോ അതോ സുറിയാനി ക്രമത്തിലാണോ അന്നത്തെ ചടങ്ങുകള്‍ നിര്‍വഹിക്കപ്പെട്ടിരിക്കുക. ?

കുടുംബാഗംങ്ങളുടെയും അര്‍ത്തുങ്കല്‍ ഗ്രാമത്തിലെ ക്രൈസ്‌തവരായ പൂര്‍വികരുടെയും സാന്നിദ്ധ്യത്തില്‍ ചാവറയച്ചന്‍ തിരുപട്ടം സ്വീകരിച്ചത്‌ വരാപ്പുഴമെത്രനായിരുന്ന പ്രൊപ്പഗാന്തക്കാരനായ സെ്‌റ്റബിലിനി പിതാവില്‍ നിന്നായിരുന്നുന്നുവെന്നാണ്‌ ചരിത്രത്താളുകളിലെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ 

പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടം( a school along with every church)സ്ഥാപിക്കണമെന്ന സ്‌റ്റെബിലിനിമെത്രാന്റെ കല്‍പ്പന ആത്മീയ ഉപദേശമായി നെഞ്ചോടു ചേര്‍ത്തു  ആദ്യ പ്രയോര്‍ ജനറലായി ചുമതലയേറ്റു മാന്നാനത്തേക്കു തിരിച്ചത്‌ പഞ്ചാര മണല്‍ കഥ പറയുന്ന   അര്‍ത്തുങ്കല്‍ പള്ളിമുറ്റത്തു നിന്നാണല്ലോ.
പിതാവേ, അങ്ങയുടെ പാദസ്‌പര്‍ശം കൊണ്ടു അനുഗ്രഹിതമായ ഈ കടലോര ഗ്രാമത്തിന്റെ പേര്‌ എന്തേ ചരിത്രത്തിന്റെ താളുകളില്‍ നിന്ന്‌ തമസ്‌ക്കരിക്കപ്പെട്ടു.?

സമീപ പ്രദ്ദേശങ്ങളായ പള്ളിത്തോട്‌, തങ്കി തുടങ്ങിയ പ്രദ്ദേശത്തെ സേവനങ്ങള്‍ എന്തേ വിസ്‌മരിക്കപ്പെട്ടു.? 
പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പ്‌ ശക്തമായ വിശ്വാസം സാന്നിദ്ധ്യം നില നിന്നിരുന്ന ഈ മണ്ണില്‍ നിന്ന്‌, അന്നും ഇന്നും പിന്നോക്കം നില്‍ക്കുന്ന ഒരുപറ്റം ആളുകള്‍ ജീവിച്ചിരുന്ന 
സെന്റ്‌ അന്ത്രയാ മിഷനില്‍ നിന്ന്‌ അങ്ങു പോകേണ്ടിരുന്നില്ല. അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ അങ്ങയുടെ സേവനം കൂടുതല്‍ ആവശ്യം തീരദ്ദേശത്തിനായിരുന്നില്ലേ എന്ന എന്റെ ചിന്ത അബദ്ധമാണോയെന്ന്‌ അറിയില്ല. 
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ കൈപ്പുഴ ബന്ധു വീട്ടില്‍ പോകുമ്പോഴാണ്‌ ആദ്യമായി മാന്നാനത്ത്‌ അച്ചന്റെ കബറിടം സന്ദര്‍ശിക്കുന്നത്‌. പിന്നീട്‌ എം ജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായതോടെ മാന്നാനത്തെ നിത്യ സന്ദര്‍ശകയായി ഞാന്‍ മാറിയിരുന്നു. ആ കാലം എന്നില്‍ പുതിയ ചരിത്ര ബോധം നിറച്ചു. 
വര്‍ഷങ്ങള്‍ക്ക്‌ ശേഷം മക്കളും ഭര്‍ത്താവുമായി മാന്നാനത്ത്‌ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ `മാന്നാനത്തു വച്ചാണോ അച്ചന്‍ മരിച്ചതെന്ന്‌ മകളുടെ ഭക്തി നിര്‍ഭരമായ ചോദ്യം " എന്നില്‍ ആ ചരിത്ര വിദ്യാര്‍ത്ഥിയുടെ മനസ്‌ ഉണര്‍ത്തി. 

അച്ചന്റെ അവസാന കാലഘട്ടത്തില്‍ ദീര്‍ഘനാള്‍ കൂനമാവ്‌പള്ളിയിലാണെന്നും 18 വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ നിന്നു മാന്നാനത്തേയ്‌ക്ക  കബറിടം പൊളിച്ചെടുത്ത്‌ മാറ്റി സ്ഥാപിച്ചുവെന്നുമൊക്കെയുള്ള കേട്ടുകേള്‍വി.. പറഞ്ഞാല്‍ 
നൂറു കുറുമ്പു ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മറുപടി പറയേണ്ടി വരും അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.

അപ്പോള്‍ അങ്ങനെ പ്രാര്‍ത്ഥിക്കാനാണ്‌ എനിക്ക്‌ തോന്നിയത്‌, ജാതിക്കതീതനായി പ്രവര്‍ത്തിച്ച പിതാവേ ജാതിചിന്തകള്‍ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയാക്കിയെങ്കില്‍ സദയം ക്ഷമിക്കുക ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ച ചരിത്രസത്യങ്ങള്‍ക്കു മുന്നില്‍ നിന്നു അങ്ങയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചോട്ടെ.

പ്രാര്‍ത്ഥന കഴിഞ്ഞു അര്‍ത്തുങ്കല്‍ പള്ളി മുറ്റത്തെ പഞ്ചാര മണലിലൂടെ നടന്നു നീങ്ങുമ്പോള്‍ ... ശബ്ദം നിലച്ചതു കൊണ്ടു പള്ളിയുടെ പിന്നാമ്പുറത്തേയ്‌ക്ക്‌ മാറ്റപ്പെട്ട ഒരു കൂറ്റന്‍ മണിയുടെ ഗഥകാലസ്‌മരണകള്‍ പേറുന്ന നനുത്ത ചിരി ഞാന്‍ കേട്ടു. ആ മണി സാഭിമാനം എന്നോട്‌ ഇങ്ങനെ മന്ത്രിക്കുന്നതു പോലെ എനിക്കു തോന്നി. 

`അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ടു വത്തിക്കാനിലെ കൂറ്റന്‍ മണി മുഴങ്ങുമ്പോള്‍ എനിക്ക്‌ അഭിമാനിക്കാമല്ലോ? ഞാനല്ലേ ആ പുണ്യാത്മാവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുപ്പട്ടം ചടങ്ങിന്റെ സാക്ഷ്യം ലോകത്തോടു വിളിച്ചു പറഞ്ഞത്‌." 

തലമുറകള്‍ക്ക ദൈവിക നാദം പകര്‍ന്നു നല്‌കിയിരുന്ന, ഇന്നു സ്വരം നിലച്ച ആ പഴയ മണിയുടെ വിശുദ്ധ ഗാനാലാപനം എന്റെ ആത്മാവില്‍ കുളിര്‍ മഴയായി പെയ്‌തിറങ്ങി.