Breaking News

Trending right now:
Description
 
Nov 14, 2014

ദേശീയ ടേബിള്‍ ടെന്നിസ്: പശ്ചാത്തല സൗകര്യങ്ങള്‍ക്ക് സത്വര നടപടി

image ആലപ്പുഴ: ദേശീയ തലത്തില്‍ ആലപ്പുഴയില്‍ നടത്തുന്ന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സിനോടനുബന്ധിച്ചു പട്ടണത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി സത്വരനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെല്ലാം നിര്‍ദേശം നല്കി.

മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു അധികൃതര്‍ക്കു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിലും ടി.ആര്‍.എ ടി.ടി. ക്ലബും വിശദമായ നിവേദനം സെപ്റ്റംബര്‍ 25-ന് നല്കിയിരുന്നു. ജില്ലാ പോലീസ് മേധാവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, പി.ഡബ്ല്യു.ഡി (റോഡ്‌സ്) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവരാണ് നടപടികള്‍ സ്വീകരിക്കുക.

നവംബര്‍ 25 മുതല്‍ 30 വരെ രാധാ കണ്‍വന്‍ഷന്‍ സെന്ററിലും എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിലുമാണ് എഴുപത്തിയാറാമത് ജൂണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ആന്‍ഡ് ഇന്റര്‍സ്‌റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പസ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ കളിക്കാരും കൂടാതെ ഒഫിഷ്യല്‍സും ചാമ്പ്യന്‍ഷിപ്‌സിനെത്തും. റോഡ്, വൈദ്യുതി, കനാല്‍ക്കര, ഗതാഗതം, മാലിന്യം തുടങ്ങിയ കാര്യങ്ങളിലേക്കാണ് നിവേദനത്തില്‍ ശ്രദ്ധ ക്ഷണിച്ചിരുന്നത്.

ആലപ്പുഴയെ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ലോകമെമ്പാടും അവതരിപ്പിക്കുന്ന നിലയ്ക്ക് ദേശീയതലത്തിലുള്ള ഇത്തരം മത്സരവേളകളില്‍ നാടിന്റെ അന്തസ് നിലനിര്‍ത്താനും ഭംഗി വര്‍ധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണതലത്തില്‍ ഗൗരവമാര്‍ന്ന നീക്കം ആവശ്യമാണെന്ന് ടി.ആര്‍.എ എടുത്തുകാട്ടിയിരുന്നു.

നാലു സ്‌കൂളുകളും പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളുമടക്കം അനേകം സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ചാമ്പ്യന്‍ഷിപ്പ്‌സ് അരങ്ങേറുന്നത്. ആയിരക്കണക്കിനു ആള്‍ക്കാരും വാഹനങ്ങളുമാണ് ദിവസേന ഇതിലൂടെ കടന്നു പോകുന്നത്. എസ്.ഡി.വി സ്‌കൂളുകളെ ചുറ്റിയുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കി, തടസങ്ങളില്ലാതെയിട്ടാല്‍ തന്നെ ഈ ഭാഗത്തുള്ള ഗതാഗതക്കുരുക്കള്‍ നല്ല തോതില്‍ ഇല്ലാതാകുമെന്നു വിശദീകരിച്ചിരുന്നു