Breaking News

Trending right now:
Description
 
Nov 11, 2014

സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ തിരുത്തണം: കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

image കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ മേഖലയിലെ വികലമായ സര്‍ക്കാര്‍ നയങ്ങളും സമീപനങ്ങളും ഉത്തരവാദിത്വബോധം നഷ്‌ടപ്പെട്ട ഭരണത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നും കെ.ഇ.ആര്‍. പരിഷ്‌കരണം ആക്ഷേപകരമാണെന്നും സത്വരവും നീതിയുക്തവും നിഷ്‌പക്ഷവും ഭരണഘടനാനുസൃതവുമായ പുനരാലോചനയും തീരുമാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍.
കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ എയ്‌ഡഡ്‌ മേഖല നല്‌കിയ സംഭാവനകളെയും പുരോഗതിയെയും ആക്ഷേപിക്കുകയും അവഗണിക്കുകയും നിഷ്‌ക്രിയമാക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്‌ അവസാനിപ്പിക്കണം. കൂട്ടുത്തരവാദിത്വത്തിന്റെ ശൈലി നഷ്‌ടപ്പെടുത്തുകയും വിഭ്യാഭ്യാസമേഖലയില്‍ സേവനം ചെയ്യുന്ന സമൂഹങ്ങളെ സര്‍വ്വാധിപത്യപരമായ നടപടികളിലൂടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നയം ജനാധിപത്യസമൂഹത്തിന്റെ അവകാശനിഷേധമാണ്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനനന്മയ്‌ക്ക്‌ വിനിയോഗിക്കുന്നതില്‍ സംഭവിച്ചിരിക്കുന്ന അപകടകരമായ അനാസ്ഥ പരിഹരിക്കപ്പെടണം. കെ.ഇ.ആര്‍ പരിഷ്‌ക്കരണത്തിലെ അപാകതകളും അവകാശനിഷേധവും അപ്രായോഗികതയും പരിഹരിച്ചില്ലെങ്കില്‍ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവരും. നിയമനനിരോധനവും, തത്സംബന്ധമായ അനാവശ്യ നിയന്ത്രണങ്ങളും അവസാനിപ്പിക്കണം. അധ്യാപകരെയും, അനധ്യാപനത്തെയും വിലയിരുത്താനുള്ള സമിതിയുടെ രൂപീകരണം മാനേജരുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തുകയും അമിതമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ഒഴിവാക്കുകയും വേണം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അധിക ബാച്ചുകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ തസ്‌തികാനിര്‍ണ്ണയം മുന്‍കാല പ്രാബല്യത്തോടെ നടത്തുകയും അവരുടെ നിയമനങ്ങള്‍ അംഗീകരിക്കുകയും ചെയ്യണം. ഹ്രസ്വകാല ദീര്‍ഘകാല അവധി ഒഴിവുകളില്‍ ടിച്ചേഴ്‌സ്‌ ബാങ്കില്‍ നിന്നു മാത്രമേ നിയമനം നടത്താവൂ എന്ന നിര്‍ദ്ദേശം ഉടന്‍ പിന്‍വലിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവുകള്‍ യുക്തിഭദ്രവും മനുഷ്യത്വപരവും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക്‌ ഇടനല്‍കാത്തവിധം വ്യക്തവും ആയിരിക്കുവാനുള്ള ശ്രദ്ധ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തു വരുത്തുന്ന ഏതു പരിഷ്‌കരണത്തിനും മുന്‍പ്‌ വിശദവും മുന്‍വിധികളില്ലാത്തതുമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.