Breaking News

Trending right now:
Description
 
Nov 11, 2014

ആലപ്പുഴയില്‍ ആദ്യമായി നാഷണല്‍ ജൂണിയര്‍, യൂത്ത് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്

image ആലപ്പുഴ: ലോകടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ ആലപ്പുഴ എഴുപത്തിയാറാമത് ജൂണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ആന്‍ഡ് ഇന്റര്‍‌സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സിന് ആതിഥ്യമരുളുന്നു. 2014 നവംബര്‍ 25 മുതല്‍ 30 വരെ ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിലും രാധാ കണ്‍വന്‍ഷന്‍ സെന്ററിലുമായി സംഘടിപ്പിക്കുന്ന ഈ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച കളിക്കാര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള 30 ടീമുകള്‍ക്കൊപ്പം ഇന്റര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌സിലൂടെ നാഷണല്‍സില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ പെട്രോളിയം സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡും (പിഎസ്പിബി) പങ്കെടുക്കും.

ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ)യുടെയും കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്റെയും (കെടിടിഎ) നേതൃത്വത്തില്‍ ആലപ്പുഴ വൈ.എം.സി.എയുമായി ചേര്‍ന്ന് ആലപ്പുഴ ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എഡിടിടിഎ) ആണ് ദേശീയതലത്തിലുള്ള ഈ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്നു ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി പത്രസമ്മേളനത്തില്‍ അറിയിച്ചു.

14 ടേബിള്‍ ടെന്നീസ് ടേബിളുകള്‍ക്കൊപ്പം പ്രാക്ടീസ് ടേബിളുകളും ഫ്‌ളോര്‍ മാറ്റുകളും അനുബന്ധ സംവിധാനങ്ങളുമൊരുക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ കോര്‍ട്ടുകളാക്കി മാറ്റിയ ഓഡിറ്റോറിയങ്ങളിലാണ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ജൂണിയര്‍, യൂത്ത് വിഭാഗങ്ങളില്‍ ടീം, വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാനായി അഞ്ഞൂറിലേറെ കളിക്കാരും ഒപ്പം ഒഫിഷ്യല്‍സും എത്തും. മികച്ച ഭക്ഷണ, താമസ സൗകര്യങ്ങള്‍ കളിക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്നു ദിനങ്ങളില്‍ ടീം ചാമ്പ്യന്‍ഷിപ്പുകളും തുടര്‍ന്നുള്ള ദിനങ്ങളില്‍ വ്യക്തിഗത മത്‌സരങ്ങളുമാണ് നടക്കുക. വിജയികള്‍ക്ക് എകദേശം അഞ്ചു ലക്ഷം രൂപ പ്രൈസ് മണി ഇനത്തില്‍ സമ്മാനിക്കും.

2004, 2008, 2012 വര്‍ഷങ്ങളില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പും 2006-ല്‍ സബ് ജൂണിയര്‍ നാഷണല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനും ഇതിനുമുമ്പ് ആലപ്പുഴയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ നാലും അഞ്ചും ഇന്ത്യന്‍ റാങ്കുകാരായ ആലപ്പുഴക്കാരികളായ സേറ ജേക്കബും മറിയ റോണിയും കേരളത്തിനു വേണ്ടി മത്സരത്തിനിറങ്ങും. നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ചൈന ഷാങ്ഹായിയില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടത്തുന്ന വേള്‍ഡ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ ജൂണിയര്‍ ഗേള്‍സ് ടീം വേള്‍ഡ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ക്വാളിഫൈ ചെയ്തിട്ടുണ്ട്.

നാഷണല്‍ സെലക്ഷന്‍ പാനലില്‍പ്പെട്ട പ്രമുഖ മുന്‍ താരങ്ങളും ഒഫിഷ്യന്‍സും ടിടിഎഫ്‌ഐ സെക്രട്ടറി ജനറല്‍ ധന്‍രാജ് ചൗധരിയും ചാമ്പ്യന്‍ഷിപ്പ്് സന്ദര്‍ശിക്കാനെത്തിച്ചേരും. കോമ്പറ്റീഷന്‍ മാനേജര്‍ ഇന്‍ര്‍നാഷണല്‍ റഫറിയായ എന്‍. ഗണേശനാണ്. ചാമ്പ്യന്‍ഷിപ്‌സിന്റെ വിജയത്തിനായി ആലപ്പുഴ വൈ.എം.സി.എയില്‍ വിപുലമായ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഫോണ്‍: 0477 2262313, 094473 56870. ഇ-മെയില്‍: ymcaalappuzha@gmail.com

പത്രസമ്മേളനത്തില്‍ ടിടിഎഫ്‌ഐ സെക്രട്ടറി ജനറല്‍ ധന്‍രാജ് ചൗധരി, കേരള ടെബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ.എസ് നവാസ്, കോമ്പറ്റീഷന്‍ മാനേജര്‍ എന്‍. ഗണേശന്‍ തുടങ്ങിയവരും പങ്കെടുത്തു.