Breaking News

Trending right now:
Description
 
Nov 11, 2014

ജീവിതം മാറ്റി മറിക്കാത്ത എന്റെ സമ്മാനം അഥവാ ഐഡിയ

ജനറ്റ്‌ ബിനോയി
image

സമ്മാനമെന്നു പറയുമ്പോള്‍ സ്‌പെന്‍സറിന്റെ ജോണ്‍സന്റെ `പ്രസന്റ്‌ എന്ന മനോഹരമായ ചെറിയ പുസ്‌തകമാണ്‌ എന്റെ ഓര്‍മ്മയില്‍ എത്തുക 

സമ്മാനം കൊടുക്കല്‍ വാങ്ങലിന്റെ,സ്‌നേഹത്തിന്റെ പങ്കു വയക്കലിന്റെ സുചകങ്ങളാണ്‌. ഇത്തരം മഹത്‌ വചനങ്ങളുടെ പിടിയില്‍ പെട്ടുപോയതു കൊണ്ടാണ്‌ ഞാന്‍ മനോഹരമായ ഒരു സര്‍പ്രൈസ്‌ ഗിഫ്‌റ്റ്‌ എന്റെ സുഹൃത്തിന്‌ നല്‍കാന്‍ തീരുമാനിച്ചത്‌. 

അതുകൊണ്ടു തന്നെ കഴിഞ്ഞ മാസം ജനമ്‌ദിനം ആഘോഷിച്ച ഈ പ്രീയ സുഹൃത്തിനു എന്തു സമ്മാനം നല്‌കുമെന്നോര്‍ത്ത്‌ തലപുകച്ചത്‌ ഒരു മാസമായിരുന്നു. (അങ്ങനെ രണ്ടു മുടി കൂടി പുതുയതായി നരച്ചു)

അവസാനം ഒരു ക്രീയേറ്റിവായ സമ്മാനം എന്ത്‌, ഏത്‌ എങ്ങനെയൊന്നൊക്കെ തീരുമാനം എടുത്തത്‌ ഒരു ഭഗീരഥ പ്രയത്‌നം അവസാനമായിരുന്നു.

പുസ്‌തകം സമ്മാനമെന്നു തീരുമാനമായി.
സുഹൃത്തിന്‌ ഇഷ്ടപ്പെടാന്‍ ഇടയുള്ളത്ര പുസ്‌തകങ്ങള്‍. ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തിന്റെ പ്രായത്തിന്റെയത്ര പുസ്‌തകങ്ങള്‍. എന്തു മനോഹരമായ ആശയം.

പുസ്‌തകങ്ങള്‍കണ്ടുപിടിച്ചു പൊതിഞ്ഞുകെട്ടി എന്നിട്ടു പറ്റിയ കൊറിയര്‍ സര്‍വീസ്‌ കണ്ടെത്തി പുസ്‌തകം അയച്ചു നല്‌കി ഈയുള്ളവള്‍ കാത്തിരുന്നു.

`സുഹൃത്തേ, നിന്റെ സമ്മാനം ബോധിച്ചുവെന്ന മറുപടിക്കായി "
ഒരനക്കവുമില്ല, 
ക്ഷമയുടെ നെല്ലിപലക കണ്ട ഞാന്‍ തന്നെ തിരിച്ചു വിളിച്ചു. 
`ഡിയര്‍, എന്റെ സമ്മാനം കിട്ടിയോ` 

കിട്ടി. കുറേ പുസ്‌തകമല്ലേ. അഡല്‍റ്ററി ഞാന്‍ വായിച്ചു തുടങ്ങി.
നന്നായി അഡല്‍റ്ററി തന്നെ വായിച്ചു തുടങ്ങിയത്‌ ഞാന്‍ മനസില്‍ വിചാരിച്ചു

അത്‌, എത്ര പുസ്‌തകമുണ്ടായിരുന്നു ഞാന്‍ ചോദിച്ചു ഞാന്‍ എണ്ണി നോക്കിയില്ല കുറെയുണ്ടല്ലോ, എല്ലാം നല്ല പുസ്‌തകങ്ങള്‍.


ഈശ്വര ഞാന്‍ തകര്‍ന്നടിഞ്ഞു. എന്റെ കണ്ടുപിടുത്തമാണ്‌ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു കിടക്കുന്നത്‌.
നാല്‍പതു നല്ല പുസ്‌തകങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ നടത്തിയ പെടാപാട്‌. ഇത്തവണ സുഹൃത്തിന്റെ എണ്‍പതാം പിറന്നാള്‍ ആകാഞ്ഞതില്‍ ഞാന്‍ ആശ്വസിച്ചു
വ്യത്യസ്‌തമായ ഐഡിയ മണ്ണാങ്കട്ട 

ആന്‍ ഐഡിയ ക്യാന്‍ ചെയ്‌ഞ്ച്‌ യുവര്‍ ലൈഫൊന്നെക്കെ പറയാം. പക്ഷേ ഐഡിയ എപ്പോഴും എല്ലാവരുടെയും ജീവിതം മാറ്റിമറിക്കില്ലെന്നറവില്‍ ഇനി ആര്‍ക്കും പ്രസന്റ്‌ കൊടുക്കില്ലെന്ന തിരുമാനിച്ചിരിക്കേയാണ്‌ എനിക്ക്‌ അപ്രത്യക്ഷമായി ഒരു സമ്മാനം കിട്ടിയത്‌.


മൂന്നുവര്‍ഷത്തെ സ്‌തുതി കിട്ടത്തക്ക (ആത്മപ്രശംസയായി തോന്നുന്നുവെങ്കില്‍ സദയം ക്ഷമിക്കുക) സേവനം നടത്തിയ ഞാന്‍്‌ പൈനാപ്പിള്‍ നാ
ട്ടിലെ ബാഞ്ചില്‍ നിന്ന്‌ കഴിഞ്ഞാഴ്‌ച വിടവാങ്ങിയപ്പോഴാണ്‌ സഹപ്രവര്‍ത്തകര്‍ എനിക്കൊരു
സമ്മാനം തന്നത്‌. വൈക്കം മുഹമ്മദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മിണി വല്യ പൊതി.
സ്‌നേഹ പ്രതീകത്തിന്റെ ഭാരവും പേറി വിരഹ ദുഃഖത്തോടെ വീടണഞ്ഞു.
ഞാന്‍ വന്നപാടെ പൊതി വീടിന്റെ ഉമ്മറത്തു സ്ഥാപിച്ചു. സമ്മാന പൊതി തുറക്കാനുള്ള ശ്രമത്തിനിടയില്‍ നാലാം ക്ലാസുകാരി ആഗ്നല്‍ അത്ഭുതം കൂറുന്ന കണ്ണുകളോടെ ചോദിച്ചു

അമ്മേ അമ്മ എത്ര നാളായി വാഴക്കുളത്ത്‌ ?

എന്റെ വിരഹദുഃഖം അവള്‍ നെഞ്ചിലേറ്റിയലോ എന്നു നെടുവീര്‍പ്പെട്ട്‌ ഞാന്‍ പറഞ്ഞു 

`മൂന്നു വര്‍ഷം"

അമ്മേ അമ്മ പോന്നതില്‍ അവര്‍ക്ക്‌ ഇത്രവലിയ സന്തോഷമാണോ? ഞാന്‍ കാര്യം പിടികിട്ടാതെ അവളെ തന്നെ നോക്കി നിന്നപ്പോള്‍ അവള്‍ തുടരുകയാണ്‌.

അമ്മ രണ്ടു വര്‍ഷം കൂടി കഴിഞ്ഞാണ്‌ പോന്നതെങ്കില്‍ അമ്മേ സഹിച്ചതിന്‌ അവര്‍ എന്നാ വലിയ സമ്മാനമായിരിക്കും തരുക.അവര്‍ നല്‌കുന്ന സമ്മാനം കൊണ്ടുവരാന്‍ ഒരു ലോറി പിടിക്കേണ്ടി വന്നേനെ.


ഈ രണ്ടു സംഭവത്തിന്റെയും ഷോക്കില്‍ നിന്നു വിമുക്തയാകുന്നതു വരെ സമ്മാനം കൊടുക്കന്നതോ വാങ്ങുന്നതോ ആയിരിക്കില്ലെന്നു സഹൃദയരെ സാദരം അറിയിച്ചു കൊള്ളുന്നു.